ഇവിടെയായിരുന്നച്ഛൻ വളർന്ന വീട്
ഇവിടെയാണച്ഛനാദ്യം നിലത്തെഴുത്ത്
പെരുമീനാണച്ഛനന്നു പുലർ വിളക്ക്
പ്രണവം പൂങ്കോഴി പാടുമുണർത്തുപാട്ട്
ഉണർന്നേറ്റാൽ നിലം തൊട്ടു ക്ഷമയോതുന്നു
ഉദിക്കും ദേവനു വെള്ളം ജപിച്ചോതുന്നു
പുരമുറ്റത്തുളസിക്കു
വലം വയ്ക്കുന്നു
പറവയ്ക്കു പുലരന്നം പകർന്നൂട്ടുന്നു
കുരിയാലയ്ക്കകത്തൊരു തിരികൊളുത്തി
എരുത്തിലിൽ കുന്തിരിക്കപ്പുക പരത്തി
നടക്കല്ലിൽ കാൽകഴുകിയകത്തു ചെന്നാൽ നിലവിളക്കിന്റെ മുന്നിൽ നാമമോതുന്നു
എനിക്കൊപ്പമായിരുന്നാ വെളുപ്പാൻ കാലം
തനിച്ചല്ലാ വേറെയല്ലാ തറവാട്ടിൽ ഞാൻ വിണ്ണിലാരോ തീകടഞ്ഞതിൽ നെയ്യൊഴിക്കുമ്പോൾ
മണ്ണടുപ്പിൽ തീയുപൂട്ടി ക്കളിച്ചു ഞങ്ങൾ
കാലികൾക്കും കൊടുത്തിട്ടേ
വിളമ്പൂ പ്രാതൽ
വേല ചെയ്വോർക്കൂട്ടിയിട്ടേ
ഉച്ചയൂണുള്ളൂ
തിരക്കുന്നേനേഴർ കേൾക്കെ “കഴിക്കാത്തോരാർ” തിരിയൂതിയടുക്കളയടയ്ക്കുംമുൻപേ
ഉറുമ്പുകൾക്കരിപ്പൊടിച്ചിരട്ട വച്ചേ തിരുവോണസ്സദ്യയുണ്ണാനിലയിട്ടുള്ളൂ
പുഴമീനിന്നരിയിട്ടു വണങ്ങിയിട്ടേ
പുഴക്കരത്തേവരേയും തൊഴുമാറുള്ളൂ
മുടങ്ങാതെ കൊടുക്കുന്നു മഞ്ഞളും പാലും
മണിനാഗപ്പുറ്റു വാഴും പാമ്പിന്മേക്കാവിൽ
മുറിവേൽപ്പിക്കാതെ ഭൂമിപൂജ ചെയ്യുന്നു മകരത്തിലുച്ചാരൽ വരുന്ന നാളിൽ
ഇളംകന്നിനൊരു കൊച്ചു മുടന്തു വന്നാൽ
അളപ്പൻകോട്ടപ്പനായി നേർച്ച നേരുന്നു
കാലികളെ കൈവണങ്ങാൻ മാട്ടുപ്പൊങ്കൽ
മാരി പെയ്യാൻ മേടമായാലേലപ്പൊങ്കൽ
എന്തിനാണിതൊക്കെയെന്നു മിഴിക്കുന്നേരം
‘നമ്മൾ മാത്രമല്ല നമ്മൾ’ മൊഴിയുന്നമ്മ;
എന്റെയുള്ളിൽ തിരിയേതോ കൺതുറക്കുന്നു,
എങ്കിലും ഞാൻ കളിത്തോപ്പിൻ വിളി കേൾക്കുന്നു.
കളിപ്പാട്ടമിത്രയേറെത്തന്നതാരാവാം
കളിച്ചങ്ങാതികളെനി
ക്കെത്ര പേരാവാം
ഇണങ്ങാത്തോരാരുമില്ലി ക്കളിക്കളത്തിൽ ഇണക്കത്തിൽ നിന്നു തന്നെ പിണക്കമുള്ളൂ.
തുമ്പിവാലിൽ നാരുകെട്ടി പറപ്പിക്കുമ്പോൾ
‘അൻപു വേണം ഉയിരല്ലേ’ വിലക്കുന്നമ്മ,
തളിർത്തണ്ടു പറിക്കുമ്പോൾ
തടുക്കുന്നമ്മ
‘നടുതല പിടുങ്ങല്ലേ പാപമാണുണ്ണി’.
മഴ വെള്ളത്തിൽ മൂത്രമൊഴിച്ചാലോതും
‘മരിച്ചു ചെല്ലുമ്പോൾ മൂത്രം കുടിക്കും കുഞ്ഞേ’
ഉറുമ്പിനെ ചവിട്ടുമ്പോഴമ്മ ശാസിക്കും,
കുറുമ്പെന്തേ അണിമാണ്ഡവ്യനെ ഓർമ്മിക്കൂ
ആറ്റുനെഞ്ചിൽ നഞ്ചെറിഞ്ഞു
മീൻ പിടിക്കുമ്പോൾ
നീറ്റലുള്ളിലൊളിപ്പിച്ചിട്ടമ്മ ചോദിക്കും
കണ്ണനോ നീ വിഷം തുപ്പും കാളിയപ്പാമ്പോ?
ഉണ്ണിയായാൽ
കണ്ണനെപോലിരിക്കേയുള്ളൂ
ഇഴയും പാമ്പിനെ കൊല്ലാൻ വടിയെ ടുത്താൽ
ഇരു കൈയും കൂപ്പിനിന്നേ തിരക്കുന്നമ്മ കുരുത്തോലപ്പൊളി
പോലെയിരിക്കുന്നുണ്ടോ? കുരിയാലപ്പടിയെത്തി മറയുന്നുണ്ടോ?’
കുലം കാക്കും നാഗമത്രേ നമസ്കരിക്കൂ,
കുലദോഷം വരുത്തല്ലേയെന്നു പ്രാർത്ഥിക്കൂ
ഒരച്ഛന്റെ മക്കളല്ലേ പരുന്തും പാമ്പും സുരന്മാരുമസുരരും മനുജന്മാരും?
വേറെവേറെയെന്നു തോന്നിപ്പോരടിച്ചാലും വേറിടുമ്പോഴേതു വേരും വേദനിക്കില്ലേ?
ഒരു വേട്ടാളന്റെ കൂടൊന്നുടച്ചാൽ ചൊല്ലും
‘അരുതേ, സന്തതിക്കും ദോഷമുണ്ടാകും’ .
വറ്റുകൊത്തും കാക്കയെക്കല്ലെറിഞ്ഞാലോതും
‘പിതൃശാപം വരും കുഞ്ഞേ, ഉപദ്രവിച്ചാൽ’.
പുളിമാവിന്നുയിർക്കൊമ്പിൽ കെണിയെറിഞ്ഞ്
കുലമാങ്ങയടർത്തുമ്പോൾ തടയുന്നമ്മ,
‘കിളിക്കുമണ്ണാനുമുള്ളതെടുക്കുന്നെന്തേ?
നമുക്കു വേണ്ടുന്നതിക്കീഴ്ക്കൊമ്പിലുണ്ടല്ലോ!
തനിച്ചുണ്ണാനുള്ളതല്ലീയുലകമുണ്ണീ
ചതിച്ചു നേടുവാനല്ലാ പഠിത്തമുണ്ണീ
കൊതിച്ചോളൂ കുതിച്ചോളൂ
മത്സരിച്ചോളൂ
മദിക്കാതെ മതിയോളം
രസിച്ചു കൊള്ളൂ
ഒരു നേരമടിതെറ്റും
വമ്പനാനയ്ക്കും
ഒരിക്കലുണ്ടൊരാകാശം
കുഴിയാനയ്ക്കും
ഇവരെല്ലാമില്ലെങ്കിൽ
തനിച്ചാവില്ലേ
തനിച്ചായാൽ കുലമുണ്ടോ കുടുംബമുണ്ടോ?
✒️
പത്തൊമ്പതാം നൂറ്റാണ്ടിൽ പാശ്ചാത്യർ, Deep Ecology അഥവാ അഗാധ പരിസ്ഥിതി എന്ന മനുഷ്യനും പ്രകൃതിയും ഒന്ന് എന്ന സങ്കൽപ്പം ഉരുത്തിരിയുമ്പോൾ, അതിനെക്കാളും ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്, പ്രകൃതിയുടെ താളം സ്വന്തം ജീവതാളം എന്നറിഞ്ഞ് ജീവിച്ച ഒരു ജനതയുണ്ടായിരുന്നു, ഭാരതീയർ !
പ്രസിദ്ധകവി ശ്രീ മധുസൂദനൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത അച്ഛൻ പിറന്ന വീട് എന്ന കവിതാ സമാഹാരത്തിലെ, ശീർഷക കവിത, പാരമ്പര്യവും, നീതിബോധവും, പ്രകൃതിയുമായി സമരസപ്പെട്ട് ഒരു കുഞ്ഞിന് നീയും പ്രകൃതിയും ഒന്ന് എന്ന് ബോധ്യപ്പെടുത്തുന്നു…. ചുറ്റും കാണുന്ന ഒന്നും തനിക്കുപയോഗിക്കാനുള്ളതല്ല, മറിച്ച് അവയ്ക്കൊപ്പം ജീവിതം കരുപ്പിടിപ്പിക്കേണ്ടവനാണ് താനെന്ന പ്രപഞ്ചസാരം!
പൈതൃകത്തിന്റെ പുണ്യം പേറുന്ന അടയാളപ്പെടുത്തലുകളാണ് ദിനം കണ്ണു തുറക്കുമ്പോൾ, കാൽ വയ്ക്കുന്ന നിലത്തിനോടുള്ള മാപ്പപേക്ഷ, സൂര്യന് ജലമർച്ചിച്ച്, തുളസിത്തറക്ക് വലം വെച്ച്, കിളികൾക്കന്നമൂട്ടി, ഗോവിന് പുക പരത്തി, കാൽ കഴുകി, നാമം ചൊല്ലിയിട്ടേയുള്ളൂ ഉണ്ണിക്ക് എന്നും പ്രഭാത ഭക്ഷണം! മൃഗങ്ങൾക്കും സേവകർക്കും ശേഷം മാത്രം ഊണും, അത്താഴപഷ്ണിക്കാരില്ലെന്നുറപ്പു വരുത്തിയടയ്ക്കുന്ന അടുക്കള, പൈതൃക പുണ്യഗേഹം തന്നെയാവുന്നു.
ഭക്ഷണ സംസ്കാരം വീട്ടിൽ നിന്ന് നാട്ടിലേക്ക് പരക്കുന്നത്,
ഉറുമ്പിനോണം, പുഴമീനിന്നുള്ള സദ്യ, പിന്നെ, നാഗത്താന്മാർക്കുള്ള മുടക്കമില്ലാത്ത നൂറുംപാലും. കൃഷിക്ക് മുമ്പുള്ള ഭൂപൂജ, വീട്ടുമൃഗങ്ങളുടെ ആരോഗ്യത്തിനായുള്ള ക്ഷേത്ര നേർച്ച എന്നിവ കുഞ്ഞിന് പകർന്നു നൽകുന്നത്,
“നമ്മൾ മാത്രമല്ല നമ്മൾ” എന്ന സുശക്തമായ പ്രകൃതിക്കനിയത്രേ!
തുമ്പിയെയും ഉറുമ്പിനേയും നോവിക്കാനാവില്ല, ചെടിയുടെ ഇളം തണ്ട് ഓടിക്കാനനുവാദമില്ല, മഴ വെള്ളത്തിൽ മൂത്രമൊഴിച്ചുകൂടാ………കാരണം ഉണ്ണി ഭൂമിയെ മലിനപ്പെടുത്തുന്ന കാളിയനാവരുത്, സംരക്ഷിക്കുന്ന കണ്ണനാവണം എന്നാണ് എന്നും അമ്മയുടെ പ്രാർത്ഥന!
ഫലവൃക്ഷത്തിൻ്റെ താഴേക്കുലകൾ മാത്രം മനുഷ്യർക്ക്, ഉയരത്തിലുള്ളവ അണ്ണാനും കിളികൾക്കും അവകാശപ്പെട്ടത്, കുലം കാക്കും നാഗത്തിനെ കൊന്നാൽ കുലദോഷം. കാരണം പാമ്പും ഗരുഡനും മനുജനും ഒരച്ഛൻ്റെ സന്തതികൾ തന്നെ. വെവ്വേറെയെന്ന് കരുതിയതെല്ലാം വേർപെടുമ്പോൾ മാത്രമാണ്, ഒറ്റ വേരാണ് നാമെല്ലാമെന്ന് തിരിച്ചറിവുണ്ടാവുക!
ഈ ഭൂമി, ആർക്കും തനിച്ചുണ്ണാനും, ചതിച്ചു നേടാനുമുള്ളതല്ല, കൊതിച്ചും, കുതിച്ചും, മദിക്കാതെ മതിയോളം ആസ്വദിക്കാനുള്ളതാണ്. കാരണം തനിച്ചായാൽ പിന്നെന്ത് കുലം, എന്ത് കുടുംബം?