ആവശ്യത്തിനു മാത്രമെടുക്കുക, ഏറ്റവും ജാഗ്രതയോടെ അവയുപയോഗിക്കുക, ആർത്തിക്കും അഹന്തയ്ക്കും ജീവിതത്തിൽ ഇടവും സ്ഥാനവും നൽകാതിരിക്കുക . ഇതത്രേ പഞ്ച ത്യാഗങ്ങളിൽ അപരിഗ്രഹത്തിന്റെ വ്യാഖ്യാനം.കൂടുതൽ കൂടുതൽ എന്നും ഇനിയുമിനിയും എന്നും, ആർത്തിയോടെ കരുതുന്നവർക്ക് ഒരു മഹാരാജ്യത്തിന്റെ ചക്രവർത്തി പദം സുസ്മേരവദനനായി ത്യജിക്കാനായ ശ്രീരാമൻ നൽകുന്ന പാഠമാണ് അപരിഗ്രഹം .തൃപ്പടിദാനത്തിലൂടെ രാജസമ്പത്തെല്ലാം ഭഗവാനടിയറ വെച്ച മാർത്താണ്ഡവർമ്മയും . ആദ്യ റെയിൽവേയ്ക്ക് വേണ്ടി തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശന്റെ സ്വർണ്ണ നെറ്റിപ്പട്ടം ഉരുക്കിക്കൊടുത്ത ശക്തൻ തമ്പുരാനും അപരിഗ്രഹം ശീലിച്ചവരായിരുന്നു .ആധുനിക ഭാരതത്തിൽ അർദ്ധനഗ്നനായ ഫക്കീർ പുലർത്തിയ ലാളിത്യം, അപരിഗ്രഹം മഹാത്മാഗാന്ധി സമ്പൂർണമായി അറിഞ്ഞിരുന്നുവെന്ന തിരിച്ചറിവാണ്.ഈ ലോകം എന്റെ മാത്രമല്ല, മറ്റു പലതിന്റെയുമാണെന്ന് ഭൂമിയുടെ അവകാശികളിലൂടെ ,സ്വജീവിതത്തിലൂടെ കാട്ടിത്തന്നു വൈക്കം മുഹമ്മദ് ബഷീർ .പ്രകൃതിയുടെ സമ്മാനങ്ങൾ മിതമായി ഉപയോഗിക്കാനും ,സ്വന്തം കൈവശമുള്ള സൗഭാഗ്യങ്ങളിൽ അവശ്യമായതു മാത്രം സ്വീകരിച്ച് ,മിതത്വമാണ് സായൂജ്യം എന്നയപരിഗ്രഹം ശീലിക്കാനും ഏവർക്കും കഴിയട്ടെ .
നിലനിൽപ്പിലുള്ള ഒരുവന്റെ ആത്മവിശ്വാസമാണ് അപരിഗ്രഹമെന്ന് ഭാരതീയ സംസ്കൃതി.മറ്റുള്ളവരുടേതൊന്നും ആഗ്രഹിക്കാതിരിക്കലാണ് അപരിഗ്രഹമെന്ന് ഭാരതം.ആത്മനിയന്ത്രണമാണ് അപരിഗ്രഹമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.അടിസ്ഥാനാവശ്യങ്ങൾക്കപ്പുറത്തൊന്നും എന്റേതല്ല എന്ന് പ്രഖ്യാപിച്ച രാഷ്ട്രം.ആത്മനിയന്ത്രണത്തിന്റെ, ലാളിത്യത്തിന്റെ പ്രതീകമായ ശ്രീരാമകൃഷ്ണ പരമഹംസൻ.പ്രപഞ്ചത്തിലെ യാതൊന്നും തന്റേതു മാത്രമല്ല എന്ന് സത്യാന്വേഷണത്തിലൂടെ കണ്ടെത്തിയ മഹാത്മജി.കൊടുക്കുമ്പോളാണ് നാം നേടുന്നതെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.