അഹിംസ

വാക്ക് ,നോട്ടം, ചിന്ത, പ്രവൃത്തി ഇവ മൂലം അപരന് വേദനയുണ്ടാക്കുന്നതെന്തും ഹിംസ തന്നെ. ഭാരതസംസ്കൃതി എന്നും അഹിംസയ്ക്ക് വേണ്ടിയും, പരസ്പര സ്നേഹ കാരുണ്യങ്ങൾക്കു വേണ്ടിയും, അതിലൂടെയുള്ള വളർച്ചയ്ക്കു വേണ്ടിയും നിലകൊണ്ടു..പ്രണയിച്ച് കൊക്കുരുമ്മിയിരുന്ന ക്രൗഞ്ചപക്ഷികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോട് “മാനിഷാദ “ചൊല്ലി ,ആ തീവ്ര ശോകത്തിലൂടെ ശ്ലോകം ജനിച്ച്, ഒടുവിൽ മാനവരാശിക്ക് വഴിവിളക്കായ് മാറിയ അത്ഭുത ഇതിഹാസമായ രാമായണം രചിച്ച വാൽമീകി മഹർഷി, അഹിംസയെ എങ്ങനെ നോക്കിക്കണ്ടു ഭാരതം എന്നതിന് പ്രകടോദാഹരണമാണ്.മറ്റെന്തിനേയും നോവിക്കാനോ ഇല്ലായ്മ ചെയ്യാനോ നമുക്കധികാരമില്ല .സ്നേഹത്തിലൂടെ അവർക്കും,അതിലൂടെ നമുക്കും നന്മ കൊണ്ടുവരികയത്രേ മനുഷ്യധർമ്മം .ആത്മസംയമനത്തോടെ, ദൃഢചിത്തരായി, നിർഭയരായി, അഹിംസ, ജീവിത വ്രതമായി സ്വീകരിച്ച്. ലോകസമാധാനത്തിനായി എല്ലാക്കാലത്തും പ്രതിജ്ഞാബദ്ധമായിരുന്നു ഭാരതം .
പരസ്പര ധാരണയോടെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ച്, നന്മ മാത്രം കൊണ്ടും കൊടുത്തും, ശാന്തിയും അഭിവൃദ്ധിയും നേടാൻ ഏവർക്കും കഴിയട്ടെ.

അഹിംസയാണ് ഏറ്റവും വലിയ ധർമ്മമെന്ന് ഭാരതീയ സംസ്കൃതി.ലോക ഹിതത്തിനായി ആർഷ ഭാരതം രൂപപ്പെടുത്തിയ മൂല്യമാണ് അഹിംസ.സംസ്കൃതിയുടെ അടിസ്ഥാന വിശ്വാസ പ്രമാണമാണ് അഹിംസ.അഹിംസയാണ് സത്യമെന്ന് ഭാരതം.അനുപമമായ സ്നേഹമാണ് അഹിംസയെന്ന് മഹാത്മജി.
പാരതന്ത്ര്യത്തിന്റെ ചങ്ങല അഹിംസാ മന്ത്രത്തിലൂടെ പൊട്ടിച്ചെറിഞ്ഞ്, സ്വാതന്ത്ര്യത്തിന്റെ പ്രഭാതം വരവേറ്റ രാഷ്ട്രവും ജനങ്ങളും.അഹിംസാത്മകമായ വാക്കും, ചിന്തയും, പ്രവൃത്തിയുമാണ് ശാന്തിയുടേയും, ശുദ്ധിയുടേയും, നിലനിൽക്കുന്ന പുരോഗതിയുടേയും ഉറവിടമെന്ന് ഭാരതം.