ആത്മാവ്

ചെറുതിൽ ചെറുതിനും വലുതിൽ വലുതിനും ഉൺമ കൊടുക്കുന്നതെന്തോ അത് ആത്മാവെന്ന് ഭാരതീയ സംസ്കൃതി.മനസ്സല്ല അത്മാവ്, അത് മനസ്സിനെ വ്യാപരിക്കുന്ന ശക്തിയെന്ന് സ്വാമി വിവേകാനന്ദൻ.
മനസ്സിനു വൃദ്ധിക്ഷയങ്ങളുണ്ട്. സർവ്വാതീതമായ ആത്മാവിനു മാത്രം നിത്യത്വമെന്ന് പ്രഖ്യാപിച്ച രാഷ്ട്രം.
ആത്മാവിന് രൂപമില്ല, ആകൃതിയില്ല. രൂപവും ആകൃതിയുമില്ലാത്തതിനാൽത്തന്നെ അത് സർവ്വവ്യാപിയെന്നും ഭാരതം.ശരീരം നശിക്കും. എന്നാൽ ആത്മാവിനു നാശമില്ല എന്ന് ഭഗവദ് ഗീത.ആത്മാവാണ് ബ്രഹ്മമെന്ന് ഛാന്ദോഗ്യോപനിഷത്ത്.ആത്മാവിനെ അറിഞ്ഞവർ മഹാത്മാക്കളെന്ന് ഭാരതം.ആത്മജ്ഞാനം ലഭിച്ചവർക്ക് ശോകനാശവും, ഉന്നതിയും മാത്രമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.

ഭാരതസംസ്കൃതി ലോകത്തിന് നൽകിയ ആത്മീയ സംഭാവനകളിൽ പ്രഥമസ്ഥാനം ആത്മാവിനാണ്….
അതിനാലത്രേ ഐൻസ്റ്റീൻ തുടങ്ങിയ ശാസ്ത്രജ്ഞർ, ഭാരതം എന്ന നാടില്ലെങ്കിൽ ലോകത്തിന് ആത്മാവ് ഇല്ലാതെയാവും എന്ന് ഉദ്ഘോഷിച്ചത് . പ്രപഞ്ചത്തിന്റെ ശക്തി ചൈതന്യം എന്നത് പരമാത്മാവും സകല ചരാചരങ്ങളുടേയും സ്വത്വ ചൈതന്യം ജീവാത്മാവുമാണ്. പരമാത്മാവിന്റെ ഊർജ്ജ ശ്രോതസ്സ് ഉയിർ കൊള്ളുമ്പോൾ പിറവിയും, ആ ഊർജ്ജം പരബ്രഹ്മത്തിൽ വിലയം പ്രാപിക്കുമ്പോൾ മരണവും എന്ന് സംസ്കൃതി.
അതിനാൽ തന്നെ ആത്മാവിനെ ജനന മരണങ്ങൾ സ്പർശിക്കുന്നില്ല. ഊർജ്ജത്തിന് നാശമില്ലെന്നും അത് ഒരു രൂപത്തിൽ നിന്നും മറ്റൊന്നിലേക്ക് രൂപപരിണാമം വരുത്തുക മാത്രമേ സാധ്യമുള്ളൂവെന്ന ആധുനിക ശാസ്ത്ര കണ്ടെത്തൽ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയിരുന്നു നമ്മുടെ ഭാരതം. ഭാരത സംസ്കൃതിയുടെ സാരസർവ്വസ്വമായ ശ്രീമദ് ഭഗവദ് ഗീത പറയുന്നത് ആത്മാവിന് നാശമില്ല,അതിനെ ജലത്താൽ നിമജ്ജനം ചെയ്യാനോ, അഗ്നിയാൽ കരിച്ചു കളയാനോ, കാറ്റിനാൽ പറത്തിയകറ്റാനോ അസാധ്യം എന്നുമാണ്. പരമമായ സത്യത്തിന്റെ, ഊർജ്ജത്തിന്റെ, ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ ചെറിയ സ്പന്ദനങ്ങളും അനുരണനങ്ങളും, സ്ഫുല്ലിംഗങ്ങളും, രേണുക്കളുമാണ് നാമെല്ലാം എന്ന തിരിച്ചറിവിൽ കൂടുതൽ ആത്മവിശ്വാസത്തോടെ, പരമാനന്ദമനുഭവിച്ച് ചുറ്റും നന്മ പ്രകാശിപ്പിക്കാൻ ഏവർക്കും കഴിയട്ടെ.