ആരു ഞാനാകണം – കവിത

സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം, ഏറെ സജീവമായി ചർച്ച ചെയ്യപ്പെട്ട, ഏറെ ആവേശത്തോടെ പങ്കുവെയ്ക്കപ്പെട്ട വരികളത്രേ, 2016ൽ
ഡോ. കെ. സജി കോഴിക്കോട് എഴുതിയ ആരു ഞാനാകണം എന്ന കവിത! ഈ വരികൾ, ഓരോ മലയാളിയുടേയും ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന പൈതൃകത്തിന്റെ കുളിർനിലാവാണ്.

മക്കളെ ജീവിത വിജയത്തിന്റെ സോപാനത്തിലേക്കാനയിക്കാൻ ഭൗതിക സൗകര്യങ്ങളുടെ കൊടുമുടി തീർക്കുകയും, സ്വാർഥതയുടെ പ്രതീകങ്ങളായി സ്വന്തം മക്കളെ വളർത്തുകയും ചെയ്യുന്ന ആധുനിക രക്ഷിതാക്കൾക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് ഈ കവിത വഴിയൊരുക്കുന്നു. ആരു ഞാനാകണം എന്ന മകന്റെ നിഷ്കളങ്കമായ ചോദ്യത്തിനുത്തരം നീയെന്നും ഈ നാടിന്റെ പൈതൃകപ്പെരുമഴയായി പൊഴിയണം, നന്മയുടെ വിളക്കായ് തെളിയണം, നേരിൻ്റെ വേരായി പരതണം, നീതിയുടെ സുഗന്ധം പരത്തണം, കാരുണ്യകിരണം ചൊരിയണം, ഉണ്മയുടെ ഗരിമ പുലർത്തണം എന്നൊക്കെയാണ്.

ഭ്രാന്തമായ മദ മൽസരങ്ങളുടെ ഇക്കാലത്ത്, സ്വന്ത ബന്ധങ്ങൾക്ക് വിലയില്ലാതാവുകയും, ഹിംസയും, ക്രൂരതയും വാഴ്ത്തപ്പെടുകയും, പണമാണ്, പദവിയാണ്, ജീവിതവിജയമെന്ന് നിർവ്വചിക്കപ്പെടുന്നു. അവിടെയാണ് വെയിലേൽക്കുന്ന കുഞ്ഞുപൂവിന് തണുപ്പും, ദാഹത്തിന് നീരും, ആപത്തിൽ ചങ്ങാതിയും, വരണ്ട മണ്ണിന് മഴയും, തളർന്ന യാത്രികന് തണലുമായ് മാറാൻ പിതാവ് തൻ്റെ കുഞ്ഞിന് നിർദ്ദേശം നൽകുന്നത്.

മരുന്നിന്റേയും, രോഗത്തിന്റേയും, രോഗികളുടേയും ലോകത്തിരുന്നുകൊണ്ടും, എഴുത്തോലയിൽ മാനവികതയുടെ ഹരിതശുദ്ധി പകർത്താനാവുമെന്ന് ഡോ.കെ. സജി തെളിയിക്കുന്നുണ്ടിവിടെ. ഈ വർത്തമാനകാലത്ത് വർദ്ധമാനമായ ഭയം, ആശങ്ക, സ്വാർത്ഥത, ആർത്തി, മത്സരം, നിരാശ എന്നീ ആസുരഭാവങ്ങളെ തുടച്ചുനീക്കി, അവിടെ കനിവിൻ്റെ തെളിനീരിറ്റിക്കുന്നു ഈ കവിത.

ദാരിദ്ര്യ മഴയിൽ കുടയായി നിന്ന് കുഞ്ഞിൻ്റെ അക്ഷരങ്ങളെ സംരക്ഷിക്കാനും, വഴി തെറ്റിയ തോണിക്കും, കൂട്ടം തെറ്റിയ കുട്ടിക്കും, കരുതലിൻ്റെ പ്രകാശമായി മാറാനും, മരണക്കയത്തിലാഴുന്നവന് കൈത്താങ്ങായി, വിശക്കുന്നവന് അന്നവും, അശരണയായ പെണ്ണിന് നേരാങ്ങളയായും, വിറയ്ക്കുന്ന വാർദ്ധക്യത്തിന് പുതപ്പായും മാറാൻ അച്ഛൻ കർക്കശമായി ആവശ്യപ്പെടുന്നത്, കുഞ്ഞിനോട് മാത്രമല്ല, താനെന്ന വ്യക്തിയോടും, താനുൾപ്പെടുന്ന സമൂഹത്തോടുമാണ്.

ആരു ഞാനാകണം?
ആരു ഞാനാകണമെ
ന്നുണ്ണി ചോദിക്കിലാരാകിലും നല്ലതെന്നുത്തരം
ആരു ഞാനാകണമെ
ന്നുണ്ണി ചോദിക്കിലാരാകിലും നല്ലതെന്നുത്തരം..

ഉച്ചയ്ക്കു തീവെയില്‍ കൊള്ളുന്ന പൂവിനെ
തൊട്ടു തലോടും തണുപ്പാവുക …
ഇറ്റു വെള്ളത്തിനായ് കേഴുന്ന ജീവന്‍റെ
നാക്കിലേക്കിറ്റുന്ന നീരാവുക….
ആപത്തിലൊറ്റയ്ക്കു നില്‍ക്കുന്നൊരുത്തന്‍റെ
കൂടെക്കരുത്തിന്‍റെ കൂട്ടാവുക….
വറ്റിവരണ്ടു വായ്കീറിയ മണ്ണിന്‍റെ
ഉള്ളം നിറയ്ക്കുന്ന മഴയാവുക…
വെയിലേറ്റു വാടിത്തളര്‍ന്നൊരു പാന്ഥന്നു പായ്
വിരിക്കും തണല്‍ മരമാവുക….
മഴയത്തു പുസ്തകം നനയാതെ കാക്കുവാന്‍
വലയുന്ന കുഞ്ഞിനു കുടയാവുക
വഴിതെറ്റിയുള്‍ക്കടലിലിരുളില്‍ കിതയ്ക്കുന്ന
തോണിയ്ക്കു ദിശതന്‍ വിളക്കാവുക
ഉറ്റവരെയാള്‍ക്കൂട്ടമൊന്നിലായ് തിരയുന്ന
കരയും കുരുന്നിനു തായാവുക
ആഴക്കയത്തിലേക്കാഴ്ന്നുതാഴും
ജീവന്നൊന്നിന്നുയര്‍പ്പിന്‍റെ വരമാവുക

വയറെരിഞ്ഞാകെ വലഞ്ഞോനൊരുത്തന്‍റെ
പശിമാറ്റുമുരിയരിച്ചോറാവുക
അന്തിക്കു കൂടണഞ്ഞീടുവാന്‍ മണ്ടുന്ന
പെണ്ണിന്‍റെ കൂടപ്പിറപ്പാവുക
ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്‍റെ രോമപ്പുതപ്പാവുക
അറിവിന്‍റെ പാഠങ്ങളൊക്കെയുമരുളുന്ന
ഗുരു സമക്ഷം കൂപ്പു കൈയ്യാവുക
നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ
താങ്ങുന്നൊരലിവിന്‍റെ നിഴലാവുക
അച്ഛനുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
അച്ഛനുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ…
വളരാതെയൊരു നല്ല മകനാവുക
ആരു ഞാനാകണം എന്നുണ്ണി ചോദിക്കിലാരാ
കിലും നല്ലതെന്നുത്തരം….

അറിവ് പകർന്നു തരുന്ന ഗുരുവിന്, എളിമ ദക്ഷിണയായി നൽകുമ്പോൾ, ചിറകറ്റ സഹോദരന് ഉൾക്കരുത്തു പകർന്നു നൽകുമ്പോൾ, നാം, മാതാപിതാക്കൾക്കും, ചുറ്റുമുള്ള പ്രകൃതിക്കും എന്തിന് പ്രപഞ്ചത്തിനാകെയും സൽസന്താനങ്ങളായി മാറുന്നു. അങ്ങനെ മാർക്കണ്ഡേയന്മാർക്കെന്നും പതിനാറ്! നന്മയുടെ നേർ വെളിച്ചം വീശുന്ന ഉണ്ണികൾ, സംസ്കൃതി പകർന്ന് തരുന്ന വിദ്യാമൃതം നുകർന്ന് ലോകം മുഴുവൻ സൗരഭ്യം നിറയ്ക്കട്ടെ!