ദു:ഖവും അപകടങ്ങളും പ്രതിസന്ധികളും പ്രതിരോധിക്കാൻ നാം കണ്ടെത്തുന്നതാണ് ആശ്വാസം. ജീവിതത്തിൽ പുലർത്തുന്ന ധൈര്യം, സദ് വിചാരങ്ങൾ, മന: സ്ഥൈര്യം എന്നിവ ആശ്വസിക്കാനുള്ള വഴികൾ നമുക്ക് എളുപ്പമാക്കാറുണ്ട്. തിക്താനുഭവങ്ങൾ നീങ്ങുകയോ അതിൻ്റെ ആഘാതവും വ്യാപ്തിയും കുറയുമ്പോഴോ നാം അനുഭവിക്കുന്ന മന:ശാന്തിയും ആശ്വാസം തന്നെയാണ്. അത് നമ്മെ വീണ്ടും കരുത്തരും കർമ്മോത്സുകരുമാക്കുകയും ചെയ്യും.
നാം ഒറ്റയ്ക്കല്ല എന്ന പ്രബലവും പ്രധാനവുമായ ആശ്വാസം കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, നാട്ടുകാർ എന്നിവരെ ചേർത്തു നിർത്താൻ സഹായിക്കുകയും ചെയ്യും.
ഈശ്വരവിശ്വാസികൾക്ക് എല്ലാ ദുരിതങ്ങളിലും ആശ്വാസവും ശക്തിയും ഈശ്വരൻ തന്നെയാവുമ്പോൾ, മറ്റു ചിലർക്കാവട്ടെ അവർ വിശ്വസിക്കുന്ന ധർമ്മമോ പ്രത്യയശാസ്ത്രങ്ങളോ അനുവർത്തിക്കുന്ന ജീവിത ശൈലിയോ ആവും സമാധാനം നൽകുക.