ആസ്തേയം

മനസ്സുകൊണ്ടും, വാക്കു കൊണ്ടും, പ്രവൃത്തി കൊണ്ടും നമുക്ക് അർഹതയില്ലാത്തതൊന്നും ആഗ്രഹിക്കുകയും, സ്വീകരിക്കുകയും ചെയ്യാതിരിക്കലാണ് ആസ്തേയമെന്ന് ഭാരതീയ സംസ്കൃതി. പ്രകൃതിയിലെ സമ്പത്തും, വിഭവങ്ങളും ഈശ്വരന്റേതെന്നും, അവ എല്ലാവർക്കും വേണ്ടിയുള്ളതെന്നും, അത് സഹജീവികൾക്ക് പങ്കുവക്കാതെ അന്യായമായി കൈവശം വയ്ക്കരുതെന്നും ആസ്തേയം നമ്മെ ബോധ്യപ്പെടുത്തുന്നു. മോഷ്ടിക്കാതിരിക്കലാണ് ആസ്തേയമെന്ന് പ്രഖ്യാപിച്ച രാഷ്ട്രം.രാജകീയ സൗകര്യങ്ങൾ ഉപേക്ഷിച്ച്, ദരിദ്ര നാരായണനായി, ഭഗവാനായി മാറിയ ശ്രീബുദ്ധൻ. ദാരിദ്ര്യത്തെ സ്വയം വരിച്ച്, ജീവിതം സത്യാന്വേഷണമാക്കിയ രാഷ്ട്രപിതാവായ മഹാത്മജി.അർഹതയില്ലാത്തത് കൈവശം വയ്ക്കരുതെന്ന് കർമ്മം കൊണ്ട് ലോകത്തെ പഠിപ്പിച്ച വിനോബാജി.ഒരുവന് ആവശ്യമില്ലാത്തത് സ്വീകരിക്കാതിരിക്കലാണ് ആസ്തേയമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.

സ്തേയം എന്നാൽ കാണുക അതിനാൽ ആസ്തേയം എന്നാൽ കാണാതിരിക്കൽ എന്നു വിവക്ഷ . എന്റെ ദു:ഖങ്ങളെ അന്യരുടെ സുഖങ്ങളുമായി തുലനം ചെയ്യാതിരിക്കലാണ് ആസ്തേയം. അപരന്റെ സൗഭാഗ്യങ്ങളും സിദ്ധികളും എനിക്കുമുണ്ടായിരുന്നുവെങ്കിലെന്ന് ആശിക്കാതിരിക്കലാണെന്ന് കർണ്ണൻ, ഏകലവ്യൻ, ഗുഹൻ, ശബരി. ധനികന്റെ ദ്രവ്യത്തിൽ ഭ്രമം കാണാതിരിക്കലാണ് ആസ്തേയമെന്ന് ശങ്കരാചാര്യർ, ശ്രീബുദ്ധൻ.സ്വജീവിതത്തെ അതിന്റെ എല്ലാ മനോഹാരിതയോടെയും ആസ്വദിച്ചു, അന്യജീവിതങ്ങളിലെ മാസ്മരികത നോക്കിക്കാണാതിരിക്കുകയും അങ്ങനെ ആസ്തേയഗുണത്താൽ സമ്പന്നനാവുകയും ചെയ്യാൻ ഏവർക്കും കഴിയട്ടെ.