രണ്ടു തലമുറ, പ്രകൃതിയെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് അതിൻ്റെയെല്ലാ വ്യത്യസ്തതകളോടും, സൗന്ദര്യത്തോടും, ലാളിത്യത്തോടെയുമുള്ള നൈസർഗ്ഗികമായ ആവിഷ്ക്കാരമാണ്, മഹാനായ സാഹിത്യകാരൻ എ.കെ. രാമാനുജൻ്റെ Ecology (പരിസ്ഥിതി)എന്ന കവിത!
സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന മകൻ (അവൻ കുട്ടിയോ, അദ്ധ്യാപകനോ, സ്കൂൾ ജീവനക്കാരനോ ആവാം) ദൂരെ തൻ്റെ വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നിൽക്കുന്ന മൂന്ന് ചുവന്ന ചെമ്പക മരങ്ങളെ ദേഷ്യത്തോടെ നോക്കി വരുന്നു. അമ്മയ്ക്ക്, പൂവ് കാരണമുള്ള പതിവ് മൈഗ്രേയ്നു (തലവേദന) ണ്ടായിട്ടുണ്ടാവുമെന്നറിഞ്ഞ മകൻ, മരം വെട്ടിക്കളയരുതോ എന്ന് ക്ഷുഭിതനായി ചോദിക്കുന്നു.
എന്നാൽ അമ്മയാകട്ടെ, കടുത്ത വേദനയ്ക്കിടയിലും, പറന്നു പോയ ഏതോ പക്ഷിയിലൂടെ ഈശ്വര ദത്തമായി ലഭിച്ച മരം മുറിക്കാനനുവദിക്കുന്നില്ല. തൻ്റെ കുടുംബത്തിലെ എല്ലാ ദൈവങ്ങൾക്കും അർച്ചിക്കാനും, എല്ലാ പെൺ മക്കൾക്കും സമൃദ്ധമായി അണിയാനും ഒരു പക്ഷേ ചിലർക്കെങ്കിലും തലവേദനയുണ്ടാക്കാനും ആ മരങ്ങൾ അവിടെത്തന്നെ നിൽക്കട്ടെയെന്ന് ശഠിക്കുന്നു!
പാരമ്പര്യത്തിൻ്റെ ഊഷ്മളത പകർന്നു തരുന്ന ലളിത ബിംബങ്ങളായ, പഴമയാൽ വളഞ്ഞ വെള്ളി പാത്രങ്ങൾ പോലെ വേദനയാൽ വളഞ്ഞ അമ്മയുടെ നെറ്റിയിൽ ആശ്വാസത്തിനായി കെട്ടിവെച്ച നനഞ്ഞ കുട്ടിനിക്കർ, മനുഷ്യരെ പോലെ സുഷിരങ്ങളുള്ള വീട്, ഏത് ബന്ധനത്തേയും ഭേദിച്ചെത്തുന്ന പൂമ്പൊടി ഗന്ധം, കണ്ണുകളും ചെവികളുമുള്ള ചുമരുകൾ, തുടങ്ങിയവ ഒരു കാലത്തെ തലമുറയ്ക്ക് എന്നും ഊടും പാവും നെയ്ത പ്രകൃതി പാഠങ്ങളാണ്.
അവ തീർത്തും ശുഷ്ക്കമാവുന്ന പുതിയ ചിന്തകളിലാവട്ടെ, അന്യമാവുന്നതും, ഉപയോഗമില്ലാത്ത, ഹാനികരമാകാവുന്ന എന്തിനേയും വെട്ടിമാറ്റാം എന്ന ശരിയുമാണ് കാണാനാവുന്നത്. സുഖദു:ഖസമ്മിശ്രമായ ജീവിതാവസ്ഥകളിൽ മരവും മനുഷ്യനും ഒന്നെന്ന കാമ്പുറ്റ യാഥാർത്ഥ്യം ഒളിമങ്ങാതെ പൂത്തുലയുന്നുണ്ട് പരിസ്ഥിതി എന്ന കവിതയിൽ!