കാരുണ്യം

കലവറയില്ലാത്ത സ്നേഹത്തിന്റെ പ്രതിഫലനമാണ് കാരുണ്യമെന്ന് ഭാരതീയ സംസ്കൃതി.കാരുണ്യം ശ്ലോകമാക്കി, ആദികാവ്യമെഴുതിയ വാൽമീകിയുടെ സംസ്കൃതി.ത്യാഗത്തേക്കാൾ മഹത്തരമാണ് കാരുണ്യമെന്നും ഭാരതം.
ചുറ്റുമുള്ള സകല ജീവജാലങ്ങളോടും കാരുണ്യത്തോടെയുള്ള ജീവിതശൈലി പുലർത്തിയ നാടും ജനങ്ങളും.
കരുണയുടെ പ്രതീകമായ, അനുപമകൃപാനിധിയായ ശ്രീബുദ്ധൻ. കാരുണ്യത്തിന്റെ സൂര്യ തേജസ്സായ മഹാത്മജി.
കരുണ നിറഞ്ഞ മനസ്സാണ് സന്തോഷത്തിന് അടിസ്ഥാനമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.
ദയയും, അനുകമ്പയും, കരുണയും ജീവിത മൂല്യങ്ങളായി മനസ്സിൽ നിറയട്ടെ.

സഹജീവികളുടെ വേദനയിൽ അവരോടൊപ്പം നിൽക്കുകയും അവരുടെ കണ്ണീരൊപ്പാൻ തനിക്കാവുന്നത് ചെയ്യുന്നതും കാരുണ്യം .ഭാരത സംസ്കൃതിയിൽ അവതാരങ്ങളെല്ലാം കരുണാർഹമായ സന്ദർഭങ്ങളിൽ പിറന്നവരത്രേ .

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധർമ്മ
സംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ …..
ശ്രീമദ് ഭഗവദ്ഗീതയിൽ ഭഗവാൻ പറയുന്നു
“നല്ല മനുഷ്യരെ സംരക്ഷിക്കാനും, ദുഷ്ടരെ നിഗ്രഹിക്കാനും, അതുവഴി ധർമ്മം നടപ്പിലാക്കാനും ഞാൻ യുഗങ്ങൾ തോറും ജനിക്കുന്നു …. ”

ഈശ്വരതുല്യരായ മഹദ് വ്യക്തിത്വങ്ങൾ ഭാരതഭൂവിൽ പിറന്നതും ഇപ്രകാരം തന്നെ. ഒരുവനെ മഹാനാക്കുന്നത് അപരന്റെ വേദനയിൽ തപിക്കുന്ന മനസ്സിന്നുടമയെന്ന സത്യമാണ് .കൊട്ടാര സുഖഭോഗങ്ങളുപേക്ഷിച്ച് സിദ്ധാർത്ഥൻ ശ്രീബുദ്ധനായിത്തീർന്നതും, ആത്മത്യാഗത്തിന് അപര പദങ്ങളായി മാറിയ അസംഖ്യം സ്വാതന്ത്ര്യ സമര നായകരും ഇത്തരം മനസ്ഥിതി പുലർത്തിയവരാണ്….പോറ്റമ്മയുടെ വ്യാധിയിൽ മനംനൊന്ത് പുലിപ്പാൽ തേടിപ്പോയഅയ്യപ്പനും,ത്രിജടയെന്ന കൂനിയമ്മൂമ്മയിൽ കരുണ ജനിച്ച ശ്രീകൃഷ്ണനും, കാട്ടാളന്റെ അമ്പേറ്റ പക്ഷി ദു:ഖത്തെ മനസ്സിലേറ്റിയ വാൽമീകിയും ,ദരിദ്ര സ്ത്രീക്ക് സ്വർണ്ണ നെല്ലിക്ക പൊഴിച്ചു നൽകിയ ശങ്കരാചാര്യരും,
പ്രാവിനായി ശരീരം നൽകിയ ശിബിയും, സീതാ വിലാപത്തിൽ ആത്മാർപ്പണം നടത്തിയ ജഡായുവും …
സംസ്കൃതി കാട്ടിത്തരുന്ന കരുണാർദ്രമനസ്ക്കരാണിവർ .

പരഹിതമേ ഹിത
മെനിക്കു നിയതം
പര ദുഃഖം ദുഃഖം
എന്നു ചിന്തിക്കാനും ദു:ഖിക്കുന്നവന്റെ സങ്കടമകറ്റാൻ കൂടിയുള്ളതാണ് നമ്മുടെ ആയുരാരോഗ്യ സൗഖ്യം എന്ന് കരുതാനും അമ്മട്ടിൽ പ്രവർത്തിക്കാനും ഏവർക്കും കഴിയട്ടെ.