കൊറോണക്കാലം

കോറോണയുടെ ഗൃഹവാസം രണ്ടു ഘട്ടങ്ങളിലായി, 41 ദിവസമെന്ന മണ്ഡലകാലം മനോതീർത്ഥാടനമായി ആചരിച്ച നാം, ഇതുവരെ പഠിച്ചതും, തിരുത്തിയതും, അറിഞ്ഞതുമൊക്കെ മാറ്റിയെഴുതുന്നു. വീക്ഷണം മാറിമറിഞ്ഞപ്പോൾ സ്വാഭാവികമായി നാമോരോരുത്തരും അത്ഭുതകരമായ പരിവർത്തനത്തിന് വിധേയരായി.

ഒരിക്കലും ആരും സങ്കൽപ്പിച്ചിട്ടു പോലുമില്ലാത്ത ഒരു നിശ്ചലാവസ്ഥ, സ്വാതന്ത്ര്യമില്ലായ്മ…
ഇവ നമ്മിലും,
കുടുംബത്തിലും, സമൂഹത്തിനാകെയും ശീലിച്ചുവന്ന ജീവിതരീതികളെ പുനരവലോകത്തിന്, അറിഞ്ഞുമറിയാതെയും പ്രേരിപ്പിച്ചുവെന്ന് നിസ്സംശയം പറയാം.

സമയം കിട്ടുന്നില്ല എന്ന് വിലപിച്ചവർക്ക്, സമയം എങ്ങനെ സൃഷ്ടിപരമായി വിനിയോഗിക്കാമെന്ന് കൊറോണക്കാലം പഠിപ്പിച്ചു. ഉറങ്ങിക്കിടന്ന കലാഹൃദയത്തെ തൊട്ടുണർത്തി, ചിത്രകാരന്മാർ, നർത്തകർ, ഗായകർ, പാചക വിദഗ്ദ്ധർ, എഴുത്തുകാർ, അഭിനേതാക്കൾ, കർഷകർ, എന്തിന് തിരസ്കൃതവാർദ്ധക്യങ്ങൾ പോലും നവമാധ്യമങ്ങളിലെ ചടുല സ്ഫുല്ലിംഗങ്ങളായി അരങ്ങുവാണപ്പോൾ നാം നമ്മെയറിഞ്ഞു തുടങ്ങി!

ജീവിതമെന്നാൽ പുറം ഭക്ഷണമെന്നും, സന്തോഷമെന്നാൽ സുഖലോലുപതയെന്നും, ഉയർച്ചയെന്നാൽ സമൃദ്ധിയെന്നുമുള്ള അടിയുറച്ച വിശ്വാസം, ലോകമാകെ
കടപുഴക്കാൻ, കുന്നിമണിയോളം പോന്ന വൈറസിനായി.

ഒരു കാലത്ത്, ലളിത ജീവിതത്തെ പ്രകൃതി താളത്തിലലിയിച്ചു ചേർത്തിരുന്നവർ, പറമ്പിലെ പച്ചയാണ് പാരമ്പര്യമെന്ന് ഓർത്തെടുത്തു. ചക്ക, മാങ്ങ, കപ്പ, പഴങ്കഞ്ഞി, ചേന, കാച്ചിൽ …. പഴമയുടെ രുചിക്കൂട്ടുകളുമായി മുത്തശ്ശി മണം, പുതു തലമുറയ്ക്ക് കലവറയില്ലാതെ പകർന്നു കിട്ടി. ഇതിനൊപ്പം നിശ്ശബ്ദതയും സംഗീതമാവാമെന്ന് ബാല്യകൗമാരയ്യൗവനങ്ങൾ ഗൃഹപാഠമെഴുതി.

കറങ്ങി നടക്കുന്നവനെ സദാചാരിയാക്കാൻ പാറിപ്പറന്ന ഡ്രോണുകൾ, നാട്ടിലുടനീളം കാക്കിക്കരുതലുകൾ, ആതുര ശുശ്രൂഷകർക്ക് പുഷ്പവൃഷ്ടി, നിസ്വാർത്ഥ പൊതുസേവകർക്ക് മണിനാദം…. തിരിനാളം! അങ്ങനെ കോവിഡ്ദുരന്തം, മനുഷ്യരുടെയുള്ളിൽ, കൃതജ്ഞതയുടെ ഉറവ കിനിയിക്കാൻ തുടങ്ങി. വ്യക്തിയിൽ പ്രകടമായ വൃത്തി, കാരുണ്യം, കൈയ്യയച്ചുള്ള ദാനം ഇവയൊക്കെ കൂട്ടായ്മയായി, സമൂഹത്തെ സൃഷ്ടിപരമായി പടുത്തുയർത്തുന്നതിലെ ജാഗ്രതയായി മാറിയ അപൂർവ്വ കാഴ്ച.

മരണഭയം, ജീവിത നിസ്സാരത, ലോക പൗരനെന്ന തിരിച്ചറിവ് ഇവ നമ്മെ, ബന്ധങ്ങളുടെ മൂല്യവും, കുടുംബത്തിൻ്റെ ഊഷ്മളതയും, ചുറ്റുപാടിൻ്റെ ശുചിത്വവും, പ്രകൃതിയുടെ സൗന്ദര്യവും പഠിപ്പിച്ചു. നഷ്ടപ്പെട്ടതൊക്കെ തെളിഞ്ഞ ഗംഗാജലം പോലെ മടക്കി ലഭിച്ച നമുക്ക്, ചെയ്തു പോയ തെറ്റുകളാവർത്തിക്കാതിരിക്കാനും, സംസ്കൃതി എന്നും നമുക്കായി കാത്തു വച്ച നന്മയുടെ കാവൽക്കാരായി മാറാനും കഴിയണം.