കേരള നവോത്ഥാനത്തിന് നവോന്മേഷം നൽകിയ, 64 കലകളിലും അതിനിപുണനായ, മതം ആത്മീയത, രാഷ്ട്രീയം, കല, തത്വചിന്ത, എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ അദ്വിതീയരായവർ, ഗുരുവര്യനായിരുന്ന പരമഭട്ടാകാര വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ.1924 മെയ് അഞ്ചിന് 70-ാം വയസ്സിൽ സ്വേച്ഛയാൽ സമാധിസ്ഥനാകും വരെ കർമ്മനിരതനായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതം, സാമൂഹിക പരിവർത്തനം, ബൗദ്ധിക വിശകലനങ്ങൾ, ആത്മീയമനനങ്ങൾ എന്നിവയിൽ, ഗവേഷണം നടത്തുന്നവർക്ക് ഒരസുലഭ പഠന ഗ്രന്ഥം കൂടിയാണ്.
കടുത്ത ബാല്യകാലദാരിദ്ര്യം, കുഞ്ഞൻ എന്ന അയ്യപ്പന് സമ്മാനിച്ചത്, സമപ്രായക്കാരിൽ നിന്ന് അക്ഷരാഭ്യാസം, ഒളിച്ചിരുന്നുള്ള സംസ്കൃത പഠനം, സെക്രട്ടേറിയറ്റ് കെട്ടിടനിർമ്മാണത്തിൽ കൂലിപ്പണി, അനേകം യാത്രകൾ, അവധൂതരുമായുള്ള സമാഗമം, ഒട്ടനവധി പ്രഗത്ഭരായ ആചാര്യന്മാരുമായുള്ള സംഗമം എന്നിവയായിരുന്നു. ചട്ടത്തെ നമ്പുന്നവൻ അഥവാ നിയമമനുസരിക്കുന്ന നേതാവ് എന്നയർത്ഥത്തിൽ ചട്ടമ്പിയെന്ന ചട്ടമ്പിസ്വാമികളുടെ രൂപപ്പെടൽ അങ്ങനെ സംഭവബഹുലം തന്നെയായി.
സ്വാമിനാഥദേശികളിൽ നിന്ന് തമിഴ്, മനോന്മണീയം സുന്ദരന്‍പിള്ളയിൽ നിന്ന് തത്വശാസ്ത്രം, കൊടക്കനല്ലൂർ സുന്ദരസ്വാമികളിൽ നിന്ന് വേദാന്തം, യോഗ തൈക്കാട് അയ്യാവൂർസ്വാമികളിൽ നിന്ന്, കുമാരവേലുവിൽ നിന്ന് മർമ്മശാസ്ത്രം എന്നിവ അദ്ദേഹത്തെ,
തമിഴ്, സംസ്കൃതം, ചിത്തചികിത്സ, സംഗീതം, ഗുസ്തി, വ്യാകരണം, മീമാംസ, വേദാന്തം, വിവിധ മതപഠനം, തുടങ്ങിയ മേഖലകളിൽ
സ്തുത്യർഹമായ ജ്ഞാനം കൈവരിക്കുന്നതിന് പ്രാപ്തനാക്കി.
തിരുനെല്‍വേലിയില്‍ കല്ലടക്കുറിച്ചിയിലുള്ള സുബ്ബാജടാവല്ലഭരുടെ ജ്ഞാനക്ഷേത്രത്തിൽ വച്ച്, ജ്ഞാന ഭിക്ഷുവേദാന്തങ്ങള്‍, തര്‍ക്കം, വ്യാകരണം, കാവ്യമീമാംസ, മന്ത്രശാസ്ത്രം, സിദ്ധവൈദ്യം എന്നിവയിലെ പഠനം, ചട്ടമ്പിസ്വാമികളെ ഷണ്മുഖദാസനാക്കി ആത്മീയപാതയിലേക്ക്
എത്തിച്ചു.
കാഷായവസ്ത്രം ധരിക്കാത്ത, വിപ്ലവകരമായ ചിന്തകൾ പ്രവർത്തിപഥത്തിലെത്തിച്ച, ചിന്മുദ്ര ആധികാരികമായി സ്വാമി വിവേകാനന്ദനെ പഠിപ്പിച്ച, ചട്ടമ്പിസ്വാമികളുടെ ഗ്രന്ഥസമുച്ചയം, അവയുടെ ആശയദീപ്തി, ചിന്താസരളിമ, സാമൂഹ്യബോധം, പാണ്ഡിത്യം, സൂക്ഷ്മത, സമഗ്രത, ബാഹുല്യം, വിചാര സൗഷ്ടവം എന്നിവയാൽ ഉൽകൃഷ്ടമത്രേ!
പലരും വേദങ്ങളെ ദുർവ്യാഖ്യാനം ചെയ്ത്, സ്ത്രീകളേയും, അധ:സ്ഥിതരേയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളിവിട്ടുവെന്നതിൽ ഏറെ ഖേദിച്ച സ്വാമികൾ, ഇവരെ സാമൂഹ്യ പരിവർത്തനത്തിന്റെ മുന്നണി പോരാളികളാക്കാനും, മുഖ്യധാരയിലേയ്ക്കുയർത്താനും ലക്ഷ്യമാക്കി രചിക്കപ്പെട്ട കൃതിയാണ്,
വേദാധികാര നിരൂപണം. പ്രണവവും സംഖ്യാദര്‍ശനവും, ഭാഷാപത്മപുരാണാഭിപ്രായം, അദ്വൈതചിന്താ പദ്ധതി, ജീവകാരുണ്യ നിരൂപണം, ക്രിസ്തുമതനിരൂപണം എന്നീ ഗ്രന്ഥങ്ങളും അവതരണ രീതിയാലും, ആശയ ഗാംഭീര്യത്താലും ശ്രദ്ധേയ രചനകളായി രേഖപ്പെടുത്തിയവയാണ്.
കേരളത്തിൽ രൂപപ്പെട്ട എല്ലാ സാമൂഹ്യ പരിഷ്ക്കരണങ്ങൾക്കും ദിശാബോധം നൽകിയ വേദാധികാര നിരൂപണത്തിൽ, ജാതീയ ഉച്ചനീചത്വങ്ങളില്ലാതെയാക്കണമെന്നും, ഭാരതീയ ലിഖിതങ്ങൾ പ്രകൃതി വിഭവങ്ങൾ പോലെ പൊതുസ്വത്താണെന്നും സ്വാമികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥത്തെ, നിത്യചൈതന്യയതിയുടെ ഗുരുവായ നടരാജഗുരു, അഗ്നിയെ പോലെ സത്യമാണെന്നും, ലഭ്യമായത് നമ്മുടെയെല്ലാം ഭാഗ്യമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
സ്വാമിയുടെ അദ്വൈത ചിന്താപദ്ധതി എന്ന ഗ്രന്ഥത്തിലാകട്ടെ,
ത്രിമൂർത്തികൾ, ത്രിഗുണങ്ങൾ, പഞ്ചഭൂതങ്ങൾ, സൂഷ്മ സ്ഥൂല ശരീരോത്പത്തി, പ്രപഞ്ചോത്പത്തി എന്നിവ വിശദമാക്കപ്പെടുന്നു. ക്രിസ്തുമത നിരൂപണം, ക്രിസ്തുമതത്തെപ്പറ്റിയുള്ള സമഗ്രമായ ഒരു പഠനഗ്രന്ഥമാണ്. ഓരോ മലയാളിയുടേയും ചരിത്രവും, പൈതൃകവും ഒരു ഗവേഷണ പ്രബന്ധമെന്ന പോലെ ആശയ സമ്പൂർണ്ണതയോടെ എഴുതപ്പെട്ടതാണ് ചട്ടമ്പിസ്വാമിയുടെ പ്രാചീന മലയാളം എന്ന ഗ്രന്ഥം.
നീലകണ്ഠ തീർത്ഥപാദ, തീർത്ഥപാദ പരമഹംസ, ചിന്മയാനന്ദ സ്വാമികൾ, അഭേദാനന്ദ സ്വാമികൾ, ബോധേശ്വരൻ എന്നിങ്ങനെ ഉത്കൃഷ്ടരായ ശിഷ്യന്മാരാൽ സമ്പന്നനായ ചട്ടമ്പിസ്വാമികൾ, തൻ്റെ കർമ്മാചരണത്താൽ, അനാചാരാന്ധകാര നിബിഡമായ കേരള ഭ്രാന്താലയത്തിൻ്റെ ശിരസ്സ് സമുന്നതവും, മനസ്സ് നിർഭയവുമാക്കി മാറ്റി.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ദർശനങ്ങൾ, കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങൾക്കും, നവോത്ഥാന പ്രസ്ഥാനങ്ങൾക്കും ഊർജ്ജ സ്രോതസ്സായി പരിണമിച്ചു. ആ നവോത്ഥാനസുരഭിലമായ, സക്രിയമായ, ശ്രേഷ്ഠ ജീവിതം ഇനിയും ഏറെ പഠനവിധേയമാക്കേണ്ടതുണ്ട്. ഭാരതത്തിലെ ആചാര്യ പരമ്പരയിലും, നവോത്ഥാന ചരിത്രരേഖകളിലും സൂര്യശോഭയോടെ എന്നും പ്രശോഭിക്കേണ്ടതുണ്ട് ആ മഹനീയ നാമം !