ചാൻസിലറായ ഗാന്ധിജി

മഹാത്മാഗാന്ധി, സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ ദേശീയ തലത്തിൽ ആരംഭിച്ച 1920 മുതൽ തന്നെ മെക്കോളെയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ, സംസ്കൃതിയുടെ വേരോട്ടമുള്ള, ജീവനോപാധിക്കായുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഭാരതത്തിന്റെ പല ഭാഗങ്ങളിൽ സ്ഥാപിച്ചു.

1920, ഒക്ടോബർ 18ന് സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൻ്റെ ആദ്യത്തെ ചാൻസിലറായിരുന്നു ഗാന്ധിജി. കേവലം മൂന്നു വർഷം പിന്നിട്ടപ്പോൾ ഗുജറാത്ത് വിദ്യാപീഠത്തിന് കീഴിലുള്ള കോളജുകളിലും, സ്ക്കൂളുകളിലും, മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും ഏകദേശം 30,000 വിദ്യാർത്ഥികളുണ്ടായിരുന്നു.

ഗാന്ധിജിയുടെ മരണത്തിനു ശേഷം സർദാർ വല്ലഭായി പട്ടേൽ, ഡോ.രാജേന്ദ്രപ്രസാദ്, മൊറാർജി ദേശായി എന്നിവരും ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാൻസിലർമാരായിരുന്നു. 1963 ൽ ഗുജറാത്ത് വിദ്യാപീഠം കല്പിത സർവ്വകലാശാലയായി മാറി.

വാരണാസിയിലെ ശിവപ്രസാദ് ഗുപ്തയോടൊപ്പം ചേർന്ന് ഗാന്ധിജി 1921 ൽ കാശി വിദ്യാപീഠം സ്ഥാപിച്ചു. സംസ്കൃതിയ്ക്കും,
ആദ്ധ്യാത്മികതയ്ക്കുമായിരുന്നു കാശി വിദ്യാപീഠത്തിൽ പാഠ്യവിഷയങ്ങളിൽ പ്രാധാന്യം നൽകിയിരുന്നത്.

ഇവയ്ക്ക് പുറമേ ബീഹാർ വിദ്യാപീഠം, തിലക് മഹാരാഷ്ട്രാ വിദ്യാപീഠം, എന്നിവയും സംസ്കൃതിയുടെ പൈതൃക ദർശനങ്ങളെ അടിസ്ഥാനമാക്കി ഗാന്ധിജി ആരംഭിച്ച പഠന കേന്ദ്രങ്ങളായിരുന്നു. അദ്ദേഹത്തിൻ്റെ പിന്തുണയും അനുഗ്രഹാശിസ്സുകളുമായി, സ്ഥാപിതമായതാണ് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയും.

“സാ വിദ്യാ യാ വിമുക്തേയേ” മോചനമരുളുന്നത്, മുക്തിയേകുന്നതെന്തോ അതാണ് വിദ്യാഭ്യാസം. ഭാരതീയ സംസ്കൃതിയുടെ ഉത്കൃഷ്ടവും സുപ്രധാനവുമായ കണ്ടെത്തലാണിത്.

നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ രാഷ്ട്രം രൂപപ്പെടുത്തിയ മഹാതത്വം. ഉന്നതമായ സത്യം. സംസ്കൃതിയുടെ വേരോട്ടമില്ലാത്ത വൈദേശിക വിദ്യാഭ്യാസത്തിന്റെ കടന്നുകയറ്റമാണ് ഭാരതത്തിന്റെ അടിമത്തത്തിനും, അധ:പതനത്തിനും കാരണമെന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി, മണ്ണിന്റെ മണമുള്ള, മൂല്യബോധമുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാടിന്റെ മോചനം സാധ്യമാവൂ എന്ന് സൂക്ഷ്മമായി, കൃത്യമായി അപഗ്രഥിച്ചിരുന്നു.