ചിക്കാഗോ പ്രസംഗം

ഒരു പ്രസംഗം, അതിൻ്റെ അഭിസംബോധന കൊണ്ട് വിശ്വവിഖ്യാതമായെങ്കിൽ, ആ ചരിത്രത്തിന്റെ സൃഷ്ടാവാണ്, ഭാരത നവോത്ഥാന ചക്രവർത്തിയായ സ്വാമി വിവേകാനന്ദൻ……

1893 സെപ്തംബർ 11 ന് അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ലോക മത മഹാസമ്മേളനത്തിൽ സനാതനധർമ്മത്തെ പ്രതിനിധീകരിച്ച് കാഷായ വേഷധാരിയായ ഒരു സ്വാമി, തൻ്റെ ആംഗലേയ പാണ്ഡിത്യം, അവതരണപാടവം, ആശയഗാംഭീര്യം, ധർമ്മബോധം, വേദാന്ത ജ്ഞാനം എന്നിവയാൽ പാശ്ചാത്യ സംസ്കൃതിയെ ആകമാനം പ്രകമ്പനം കൊള്ളിച്ചു!

വസുധൈവ കുടുംബകം എന്ന സമസ്ത പ്രപഞ്ചത്തേയും സ്വന്തമായി കരുതുന്ന അമൂല്യ ഭാരതസംസ്കൃതി, കേവലം ഷഡാക്ഷരങ്ങൾ, ശംഖൊലിയുടെ മുഴക്കത്തിൽ ചിക്കാഗോയിൽ പെയ്തിറങ്ങി…..

My brothers and sisters of America, അമേരിക്കയിലെ
എന്റെ സഹോദരീ സഹോദരൻമാരേ…
7000 പേരടങ്ങിയ സദസ്സിനെ, തൻ്റെ ആകാരഗാംഭീര്യം,
കാന്തികനേത്ര ശോഭ, വശ്യവദന സൗഭഗം, എന്നിവയ്ക്കു പുറമേ, ആശയ സമ്പുഷ്ടതയുടെ
വാഗ്മഴയിൽ നനച്ചുണർത്തി.

തൻ്റെ സ്ഫുടവും, വ്യക്തവും, വേദാന്ത ദീപ്തവുമായ പ്രസംഗം സ്വാമിജി തുടങ്ങിയതു തന്നെ, “എന്റെ ഹൃദയം അവാച്യമായ ആനന്ദംകൊണ്ടു നിറയുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ സന്ന്യാസിപരമ്പരയുടെ പേരിൽ, മതങ്ങളുടെ മാതാവിന്റെ പേരിൽ, സർവ്വവർഗ വിഭാഗങ്ങളിലും പെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു”, എന്ന പ്രസാദാത്മകധോരണികളിലൂടെയായിരുന്നു.

സഹിഷ്ണുതയും, സാർവലൗകിക സ്വീകാരവും, ലോകത്തിനുപദേശിച്ച ധർമ്മത്തിന്റെ അനുയായിയെന്നതിൽ അഭിമാനിക്കുന്നതോടൊപ്പം, സാർവലൗകിക സഹിഷ്ണുതയിൽ വിശ്വസിക്കുകയും, സർവമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ സ്വാമിജി, ലോകത്തിലുള്ള എല്ലാ ധർമ്മങ്ങളിലെയും എല്ലാരാജ്യങ്ങളിലെയും പീഡിതർക്കും ശരണാർഥികൾക്കും അഭയമരുളിയതാണ് ഭാരതജനത എന്ന വിശ്വ സാഹോദര്യ ദർശനവും, ഇസ്രായേൽ ജനതയുടേതടക്കം സോദാഹരണം, ആർജ്ജവത്തോടെ രേഖപ്പെടുത്തി.

എല്ലാ പുഴകളിലേയും ജലം ഒഴുകി ഒടുവിൽ സമുദ്രത്തിലെത്തുന്നുവന്ന മന്ത്രം ജപിച്ച ഭാരതം, സർവ്വധർമ്മങ്ങളും ഒരു ചൈതന്യത്തിലേക്കെത്തിച്ചേരുന്നുവെന്ന് എന്നും ഉറച്ചു വിശ്വസിക്കുന്നു.
“രുചിവൈചിത്ര്യംകൊണ്ടു മനുഷ്യർ കൈക്കൊള്ളുന്ന വഴികൾ, വളഞ്ഞോ നേരെയോ, പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നു”. എത്ര തീഷ്ണവും അർത്ഥഗർഭവുമാണ് സ്വാമിജിയുടെ വിലയിരുത്തൽ!

ഗീതോപദിഷ്ടമായ ഒരദ്ഭുത തത്വത്തിന്റെ വ്യാഖ്യാനവും സ്വാമിജി നടത്തി, ”ആരുതന്നെയും ഏതു രൂപത്തിലൂടെയും എന്നെ സമീപിക്കുന്നുവോ അവനെ ഞാൻ പ്രാപിക്കുന്നു. എല്ലാവരും യത്നിക്കുന്നത് ഒടുവിൽ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രേ”.

“യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം
മമ വർത്മാനുവർത്തന്തേ മനുഷ്യ: പാർഥസർവശ:”.

വിഭാഗീയതയും, മൂഢമായ കടുംപിടിത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീർഘകാലമായി കൈയടക്കിയിരിക്കുകയും,ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുകയും, മനുഷ്യരക്തത്തിൽ പലവുരു കുതിർത്ത്, സംസ്ക്കാരത്തെ സംഹരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ജനതകളെ മുഴുവനായും നൈരാശ്യത്തിലേക്കു തള്ളിവിടുകയും ചെയ്ത ഈ കൊടുംപിശാചുക്കളില്ലായിരുന്നെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാൽ, ഈ സമ്മേളനത്തിന്റെ ബഹുമാനാർഥം ഇന്നു പുലർകാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റെയും വാളുകൊണ്ടോ, പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗർമനസ്സുകളുടെയും മരണമണിയായിരിക്കട്ടെ എന്നു ഞാൻ അകമഴിഞ്ഞ് ആശിക്കുന്നു.”

ഇങ്ങനെ ആത്മിയതേജസ്സായി അഗ്നിനാളമായ് 127 കൊല്ലങ്ങൾക്ക് മുമ്പ് വർഷിച്ച ആ പ്രഭാഷണം ഇന്നും എത്ര പ്രസക്തം !

കേവലം മൂന്ന് പതിറ്റാണ്ട് മാത്രം നീണ്ട ജീവിതത്തിൽ, സംസ്കൃതിയുടെ അഗ്നിനക്ഷത്രമായി ലോകത്തെ നയിച്ച, ഭാരതത്തെ അനശ്വര യൗവ്വനത്തിൽ എന്നും നിലനിർത്തിയ, യുവത്വത്തിൻ്റെ പ്രതീകമായ സ്വാമി വിവേകാനന്ദൻ, ആയുർദൈർഘ്യമല്ല, പ്രത്യുത കർമ്മവീര്യമാണ് മഹത്വത്തിൻ്റെ മാനദണ്ഡമെന്ന് സ്വജീവിതത്താൽ തെളിയിച്ചു.

ഇന്ന്, ദിശതെറ്റി, ഇരുട്ടിൽ പരതുന്ന യുവതയ്ക്ക് ശക്തി പകരുവാൻ സ്വാമി വിവേകാനന്ദനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചാൽ മതി. മൂല്യശോഷണത്താൽ ശക്തിക്കുറവ്, ഭയം എന്നീ രോഗങ്ങൾക്ക് ഔഷധസേവയക്ക് തുല്യമായ വിവേകവാണി നാവിലിറ്റിച്ച് നൽകിയാൽ മതി.
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാൻ നിബോധത.