ഡുവാമിഷ്, സ്ക്വാമിഷ് എന്നീ റെഡ് ഇന്ത്യക്കാരുടെ ഗോത്രവർഗ്ഗങ്ങൾക്ക് തലവനായ ചീഫ് സിയാറ്റൽ, തങ്ങളുടെ ജന്മഭൂമിയായ വാഷിങ്ടൺ വിലക്കെടുക്കാൻ പദ്ധതിയിടുന്ന അമേരിക്കൻ പ്രസിഡണ്ടിനയച്ച പ്രസിദ്ധമായ കത്തുണ്ട്, “ഇടം നഷ്ടപ്പെട്ടവന്റെ ഗോത്ര സാക്ഷ്യങ്ങൾ” എന്ന വികാരോജ്ജ്വലമായ, ചിന്തകളെ തീപിടിപ്പിക്കുന്ന ലിഖിതം. അത് മാനവസംസ്‌കൃതിയുടെ നേർസാക്ഷ്യമാണ്, ഭാരത സംസ്‌കൃതിയുടെ സ്വത്വ പാഠവും.
സിയാറ്റൽ തലവൻ തന്റെ കത്ത് തുടങ്ങുന്നത് ഉദ്വേഗഭരിതമായ ചോദ്യങ്ങളിലാണ്. ഭൂമി, ആകാശം എന്നിവ വാങ്ങാനോ വിൽക്കാനോ കഴിയുമോ? അന്തരീക്ഷത്തിന്റെ പുതുമയും, ജലത്തിന്റെ തിളക്കവും നമ്മുടെ സ്വന്തമല്ല എന്നിരിക്കെ, ആകാശവും ഭൂമിയും നമ്മുടെ മാതാപിതാക്കളായിരിക്കേ എങ്ങനെ വിൽക്കാനാവും?
നിവസിക്കുന്ന മണ്ണിനെ പരിശുദ്ധമെന്നു കരുതുന്ന, മൂളുന്ന പ്രാണിയും, സമുദ്ര തീരങ്ങളും, കാട്ടിലെ കോടമഞ്ഞും പവിത്രമെന്നു വിശ്വസിക്കുന്ന ജനതയ്ക്കു വേണ്ടി, സിയാറ്റൽ എഴുതുന്നു. അവ ഓർമ്മകളാണ്, അനുഭവങ്ങളാണ്. ശരീരത്തിലൂടെ ഒഴുകുന്ന ചോര പോലെ, ജൈവപരമായി പരസ്പരബന്ധിതവും.
ഭാരത സംസ്കൃതിയിലെ വസുധൈവകുടുംബകം എന്ന ദർശനത്തെ സിയാറ്റൽ കാവ്യാത്മകമായി, ഹൃദയത്തുടിപ്പോടെ ആവിഷ്ക്കരിക്കുന്നു. സുഗന്ധം പേറുന്ന പൂക്കൾ ഞങ്ങളുടെ സഹോദരിമാരും, കരടി, മാൻ, പരുന്ത് എന്നിവർ സഹോദരന്മാരുമാണ്. പാറയിടുക്കുകളും, താഴ്വാരത്തിലെ മഞ്ഞും, കുതിരക്കുട്ടിയുടെ ശരീരതാപവും, മനുഷ്യനും ഒരേ കുടുംബക്കാർ!
ഇവിടം, ഞങ്ങളുടെ പൂർവ്വീകരുടെ സ്‌മൃതിഭൂമികയത്രേ. നദീജലത്തിൽ അവരുടെ ഓർമ്മകളുടെ ഇരമ്പലുണ്ട്. പുഴകളിലാണ് ഞങ്ങൾ, തോണി തുഴഞ്ഞതും ജീവിതം കരുപിടിപ്പിച്ചതും. ഇവിടെ എത്തുമ്പോൾ നിങ്ങൾ നിശ്ചയമായും ഈ ജലാശയങ്ങളെ സഹോദരനായി കാണണം. ഇവിടുത്തെ കാറ്റിൽ നിന്ന് ആദ്യ ശ്വാസം എടുത്ത പൂർവ്വികർ ഇവിടം വിട്ട് പോവുമ്പോൾ, അവരുടെ അന്ത്യ ശ്വാസം കാറ്റിന് മടക്കിനൽകിയതിനാൽ, ഞങ്ങളുടെ കുട്ടികൾ പഠിച്ചതൊക്കെ, നിങ്ങളും സ്വന്തം മക്കൾക്ക് പകർന്നു നൽകണം. കാരണം നാമെല്ലാം എന്നും ഒന്ന് തന്നെ.
ഭൂമി മനുഷ്യന്റേതല്ല, മനുഷ്യരാണ് ഭൂമിക്ക് സ്വന്തം! ജീവരക്തത്താൽ സർവ്വവും ബന്ധിതമായിരിക്കുന്നു. പ്രകൃതിവലയിലെ നേർത്ത ചരടു മാത്രമായ നമുക്ക്, കുതിരയെ മെരുക്കാനോ, പോത്തിനെ മുറിവേൽപ്പിക്കാനോ, മലമടക്കുകളിൽ സംസാരിക്കുന്ന സാങ്കേതിക നൂലുകൾ പാകാനോ, വനങ്ങളിൽ മനുഷ്യച്ചൂര് നിറയ്ക്കാനോ ഒരിക്കലും സാധ്യമല്ല. അത് സംഭവിക്കുന്ന പക്ഷം, എന്നന്നേക്കുമായി ജീവനം ഒടുങ്ങും.പിന്നെ ഭീതിദമായ അതിജീവനമാണ് നമ്മെ കാത്തിരിക്കുക!
സിയാറ്റൽ തന്റെ കത്തിലുടനീളം പറഞ്ഞത് പെറ്റമ്മയുടെ ഹൃദയതാളത്തെ നെഞ്ചേറ്റുന്നത് പോലെ, സ്വന്തം നാടിനെ സ്നേഹിക്കുവാനും, ഈ മണ്ണ് എന്ന് നിങ്ങൾ സ്വീകരിക്കുന്നുവെങ്കിലും, അതിനെ ഞങ്ങൾ പരിപാലിച്ചപോലെ, നമ്മുടെ മക്കൾക്കായി കരുതലോടെ കാത്തുസൂക്ഷിക്കാനുമാണ്. കറുത്തവനും, ചുവന്നവനും, വെളുത്തവനും ഏകോദരസോദരർ തന്നെയെന്നും, അമൂല്യമായ ഈ മണ്ണ് ഏവർക്കുമുള്ളതാണെന്ന ജീവിതപാഠം കൂടിയാണ്, തിരിച്ചറിയപ്പെടേണ്ടത്.
വൈകാരികതയുടെ അനർഗ്ഗള പ്രവാഹവും, പരിസ്ഥിതി പ്രേമത്തിൻ്റെ പരമകാഷ്ഠയും, ജീവനകലയുടെ ലളിത വെളിപാടും, ആധുനിക ലോകത്തിനായുള്ള നേരിൻ്റെ സന്ദേശവുമായ സിയാറ്റൽ തലവൻ്റെ കത്ത്, ഭാരതസംസ്കൃതിയുടെ അന്ത:സത്ത തന്നെയാവുന്നു.