മാനവ ചരിത്രത്തിൽ സംസ്ക്കാരങ്ങളെ രൂപപ്പെടുത്തിയിട്ടുള്ളതും നിലനിർത്തിയിട്ടുള്ളതും, വിഭവങ്ങളുടെ ഉപയോഗവും, അതിനു വേണ്ടിയുള്ള സാങ്കേതിക വിദ്യകളുമാണ്.
പ്രകൃതി വിഭവങ്ങളെ തത്വദീക്ഷയില്ലാതെ ഉപയോഗിക്കുന്നതുയർത്തുന്ന വെല്ലുവിളികൾ, പുത്തൻ വികസന സങ്കല്പങ്ങൾ, ആധുനിക സാമ്പത്തിക ശൈലി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ, നൂതന സങ്കേതിക വിദ്യകളുടെ ഹിംസാത്മക പ്രവണതകൾ ഇവയൊക്കെ വ്യക്തമായി പ്രതിപാദിക്കുന്നു ഇ. എഫ് ഷുമേക്കറുടെ, Small is beautiful അഥവാ ചെറുതാണ് മനോഹരം എന്ന ശ്രദ്ധേയമായ പുസ്തകം.
1973 ൽ രചിച്ച Small is beautiful, ടൈം മാസിക 1995 ൽ Eco Bible എന്നു പ്രകീർത്തിച്ചതും, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയ 100 പുസ്തകങ്ങളിലിടം കണ്ടെത്തിയ ഒന്നുമാണ്!
മനുഷ്യർക്ക് ഭൗതിക പുരോഗതി മൂലം സമാധാനം ലഭിക്കില്ലായെന്നും, ആണവോർജ്ജം പോലുള്ള നേട്ടങ്ങൾ വളർച്ചയല്ല മറിച്ച്, വിനാശകരമെന്നും വ്യക്തമാക്കുന്ന ഷുമേക്കർ, വികസനമെന്നാൽ മനുഷ്യർ അവരുടെ വിദ്യാഭ്യാസം, സംഘടന, അച്ചടക്കം എന്നിവയിലൂടെ ഉരുത്തിരിയപ്പെട്ട മാനവ വിഭവങ്ങളുടെ ശേഖരിക്കലാണ് എന്ന് സ്ഥാപിക്കുന്നു.
ഇന്ന് ലോകം പ്രതിസന്ധിയിലായത്, ശാസ്ത്ര – സിദ്ധാന്തങ്ങൾ, സാങ്കേതികവിദ്യ, എന്നിവയുടെ അഭാവം കൊണ്ടല്ല, കാലങ്ങൾ കൊണ്ട് നാം സമാഹരിച്ച ജ്ഞാനത്തെ നശീകരണത്തിനായി ഉപയോഗിച്ചതിനാലാണ്. സംസ്കൃതി മുന്നോട്ട് വയ്ക്കുന്ന പാരമ്പര്യജ്ഞാനം സ്വീകരിക്കുകയാണ് നാശോന്മുഖതയെ സൃഷ്ടിപരമാക്കി മാറ്റാനുള്ള പോംവഴി.
ഗാന്ധിജി, ലോകം കണ്ട ഏറ്റവും മഹാനായ ജനകീയ സാമ്പത്തിക ശാസ്തജ്ഞനാണെന്നും, ആദ്ധ്യാത്മികതയിലാണ് അദ്ദേഹം തന്റെ സാമ്പത്തിക ചിന്തകൾ അടിസ്ഥാനപ്പെടുത്തിയതെന്നും, 1973 ൽ വാരണാസിയിൽ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തവേ ഷുമേക്കർ വിലയിരുത്തി.
ആരോഗ്യമുള്ള ജനത, സൃഷ്ടിപരവും, സേവന സന്നദ്ധവും, ആത്മീയ ചോദനകളെ പിന്തുടർന്ന് പ്രവർത്തിക്കുന്നവരുമാവണമെന്ന് വിശ്വസിച്ച ഷുമേക്കർ, ഒരു പരിഷ്കൃത സമൂഹത്തിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ബുദ്ധിമാനായ വിഡ്ഢിക്ക് സാധിക്കുമെന്നിരിക്കേ, അത് ലാളിത്യത്തിലൂടെ തിരിച്ചുപിടിക്കാനും നിലനിർത്താനും ഒരു പ്രതിഭയ്ക്കു മാത്രമേ കഴിയൂവെന്ന് ശക്തമായി വാദിക്കുന്നു.
മൂല്യബോധനം നൽകുന്ന വിദ്യാഭ്യാസത്തിലൂടെ, ജീവിതത്തെ ആനന്ദപൂർണ്ണമായി നോക്കിക്കാണാനാവുമെന്നും, ചെറിയ മനുഷ്യന് ചെറുതെന്തും മനോഹരമായിരിക്കേ,
ലളിതജീവിത ശൈലിയും, കുഞ്ഞുകുഞ്ഞാവശ്യങ്ങളും, അവനെയെന്നും ശ്രേഷ്ഠനും സന്തോഷവാനുമാക്കുമെന്നും പ്രഖ്യാപിക്കുന്നു.
ആ നിലയ്ക്ക്, ലോകഹിതം കാംക്ഷിക്കുന്ന ഭാരതീയ സംസ്കൃതിയുടെ പ്രഖ്യാപിത ദർശനം കൂടിയാണ് ചെറുതാണ് സുന്ദരം!