ദിനചര്യ

വൈദിക വിവേകം നാം ആചരിക്കുന്ന ദിനചര്യകളിലൂടെയെന്ന് ഭാരതീയ സംസ്കൃതി. ശരീരത്തേയും മനസ്സിനേയും പ്രപഞ്ച വ്യവസ്ഥകളോട് ചേർത്തു നിർത്തുന്ന ഒന്നാവണം ദിനചര്യയെന്ന് ഭാരതം. നമ്മുടെ ഉള്ളിലെ ജൈവ ഘടികാരത്തെ ഉചിതതമായ ദിനചര്യകളിലൂടെ പ്രകൃതിയുമായി ചേർത്ത രാഷ്ട്രം. കൃത്യമായ ദിനചര്യ മനുഷ്യന് രോഗമുക്തി, സമ്പൂർണ്ണമായ ദഹനപ്രക്രിയ, അച്ചടക്കം, ശാന്തി, സന്തോഷം, ആയുസ്സ് എന്നിവ നൽകുമെന്ന് ആചരണത്തിലൂടെ തെളിയിച്ച പൂർവ്വികർ. ക്രമമായ ദിനചര്യകളിലൂടെ ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ. പക്ഷിമൃഗാദികൾ അതിരാവിലെ ഉണരുകയും വൈകിട്ട് കൂടണയുകയും ചെയ്യുന്നത്പ്രപഞ്ചഘടികാരം സൗര കേന്ദ്രീകൃതമാണ് എന്നത് വെളിവാക്കുന്നു.

വൈദിക കാലഘട്ടത്തിൽ ഓരോ ഗൃഹവും ഉണർന്നത് യജ്ഞാരംഭത്തോടെയും, ലോകാ സമസ്താ സുഖിനോ ഭവന്തു മന്ത്രോച്ചാരണത്തിലുമായിരുന്നു. സ്വതസിദ്ധമായ നമ്മുടെ സ്പന്ദനത്തെ അവഗണിച്ച് രാത്രികൾ സക്രിയമാവുകയും പകൽ നിഷ്ക്രിയത്വത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോൾ ആധുനിക മനുഷ്യൻ നക്തഞ്ചരരും ആസുരഭാവമുള്ളവരുമായി മാറി. പ്രാപഞ്ചികത്തുടിപ്പിനനുസരിച്ച് ദിനരാത്രങ്ങൾ രൂപപ്പെടുത്തുവാനും, കൃത്യമായ ധർമ്മചര്യയിൽ മുഴുകാനും, അതുവഴി സമ്പുഷ്ടമായ
ജീവിതം കരുപ്പിടിപ്പിക്കാനും ഏവർക്കും കഴിയട്ടെ.