ധർമ്മം

നിയതിയുടെ നിയമമാണ് ധർമ്മമെന്ന് ഭാരതീയ സംസ്കൃതി.നിയന്ത്രണങ്ങൾ അല്ലെങ്കിൽ ബാഹ്യമായ ഇടപെടലുകൾ ഇല്ലാതെയുള്ള കർമ്മത്തിന്റെ പൂർത്തീകരണമാണ് ധർമ്മം. അതിൽ ധാർമികത അന്തർലീനമായിരിക്കും.ധർമ്മത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല എന്ന് ഭാരതം.
വ്യക്തിയുടേയും, കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, രാഷ്ട്രത്തിന്റേയും ശുദ്ധിയും സ്ഥിരതയും ധർമ്മത്തിന്റെ അടിസ്ഥാനത്തിലെന്ന് കണ്ടെത്തിയ രാഷ്ട്രം.നമ്മുടെ ഇതിഹാസങ്ങളുടെയെല്ലാം പ്രധാന പ്രതിപാദ്യ വിഷയം ധർമ്മ സംരക്ഷണമാണ്.സ്വധർമ്മാചരണമാണ് ഏറ്റവും മഹനീയമായ കടമയെന്ന് കരുതുകയും, അതിലൂടെ പരമാനന്ദം അനുഭവിക്കുകയും ചെയ്ത പൂർവ്വീകർ.ജീവിതത്തിന്റെ ഉടമ്പടി ധർമ്മത്തിന്റെ കരുത്തിൽ എഴുതിയ നാടും ജനങ്ങളും.ധർമ്മസംരക്ഷണത്തിനായി ധർമ്മചക്രാലംകൃതമായ ദേശീയ പതാകയുടെ കീഴിൽ അണിചേരാം.നേരിന്റെ,നീതിയുടെ, സത്യത്തിന്റെ,നിസ്വാർത്ഥതയുടെ,നന്മയുടെ തെളിച്ചമാണ് ധർമ്മം. ഭാരത സംസ്കൃതിയോളം ധർമ്മചിന്തകൾക്ക് ഇത്ര പ്രാധാന്യം നൽകിയ മറ്റൊരു സംസ്കൃതി ലോകത്തിലില്ല.

“പുത്ര-പുത്രീ ധർമ്മം
മാതൃ-പിതൃ ധർമ്മം
സഹോദരധർമ്മം
ഭാര്യ- ഭർതൃ ധർമ്മം.”

ഇങ്ങനെ ബന്ധങ്ങളുടെ പരിപാവനത കാത്തു സൂക്ഷിക്കുന്ന ആചരണങ്ങൾക്കു പുറമേ അധ്യാപക-വിദ്യാർത്ഥി ധർമ്മം.രാജ-പ്രജാ ധർമ്മം . തുടങ്ങി തൊഴിലിടങ്ങളിലെ പെരുമാറ്റത്തിനും എന്നു വേണ്ട ഭഗവാനും ഭക്തനും അനുവർത്തിക്കേണ്ട ധർമ്മം വരെ ഭാരതം പറഞ്ഞു വെച്ചിരിക്കുന്നു.ധർമ്മാചരണത്തിലൂടെ നേടുന്ന ശ്രേയസ്സും കീർത്തിയും അവനവനും, സമൂഹത്തിനും, പിൻ തലമുറയ്ക്കും ദിശ കാട്ടുന്ന വഴിവിളക്കാണ്.
സ്വധർമ്മാചരണത്തിന്, പ്രാവിന് പകരം സ്വന്തം മാംസം നൽകിയ ശിബി ചക്രവർത്തിയും.
കൊട്ടാരസമൃദ്ധിയുപേക്ഷിച്ച് ചണ്ഡാലനായ രാജാ ഹരിശ്ചന്ദ്രനും .ബ്രഹ്മചര്യവ്രതം സ്വീകരിച്ച് സ്വച്ഛന്ദ മൃത്യുവായ ഭീഷ്മപിതാമഹനും . മധുര നഗരിയെ ചുട്ടെരിച്ച കണ്ണകിയും .ശക്തരായ ഉദാഹരണങ്ങളാണ്.യതോ ധർമ്മ
സ്തതോ ജയ എന്നത് സത്യമേവ ജയത എന്നു തന്നെയാണ് .ജീവിതായോധനത്തിൽ, ആത്യന്തിക വിജയം അനുഷ്ഠിക്കാനേ റെ പ്രയാസമുള്ള ധർമ്മത്തിന് തന്നെയാണ് എന്ന് ഭാരതം .സ്വന്തം ധർമ്മത്തിൽ നിന്ന് അനുവിട വ്യതിചലിക്കാതെ, തനിക്കും നാടിനും ശ്രേയസ്സു നേടാൻ ഏവർക്കും കഴിയട്ടെ.