നാമജപം മോചനത്തിനായുള്ള മാർഗ്ഗമെന്ന് ഭാരതീയ സംസ്കൃതി. ഉള്ളിലെ ബ്രഹ്മത്തെ അറിയാനും, പാപനാശനത്തിനുമുള്ള മാർഗ്ഗം നാമജപമെന്ന് ഭാരതം. സത്യയുഗ ത്തിൽ ധ്യാനവും, ത്രേതായുഗ ത്തിൽ യാഗവും, ദ്വാപരയുഗ ത്തിൽ പൂജയും, മനുഷ്യമനസ്സുകൾ മലിനമായ കലിയുഗ ത്തിൽ നാമജപവും മോക്ഷ മാർഗ്ഗമെന്ന് പ്രഖ്യാപിച്ച രാഷ്ട്രം. നാമജപം ശാന്തിയും സമാധാനവും നൽകുമെന്ന് ഭാരതം. ഭഗവാനെയും, ഭഗവതിയെയും ആയിരം നാമങ്ങളാൽ ജപിച്ച് സായൂജ്യം നേടിയ സംസ്കൃതി. രാമ, രാമ, രാമ എന്ന നാമജപം സഹസ്ര നാമങ്ങൾക്കു സമമെന്ന് മഹാദേവൻ.ഭഗവദ് നാമം ചൊല്ലി എന്നും പതിനാറ് വയസ്സിൽ മാർക്കണ്ഡേയൻ.തിരുനാമങ്ങൾ ജപിച്ച് രോഗമുക്തി നേടിയ മേല്പത്തൂർ.ജ്ഞാനപ്പാനയെന്ന നാമജപത്തിലൂടെ മോക്ഷം നേടിയ പൂന്താനം. രാമനാമം കീർത്തനമായി ജീവിതം മുഴുവൻ ജപിച്ച് അവതാരമായ ത്യാഗരാജ സ്വാമികൾ. ഭക്തനെ ഭഗവാനാക്കുന്ന മന്ത്രമാണ് നാമജപമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.
എല്ലാ ഇഷ്ടത്തോടും കൂടി ആത്മാവ് സമ്പൂർണ്ണമായി സമർപ്പിതമായി വീണ്ടും വീണ്ടും ആവർത്തിക്കുന്നതെന്തോ അതാണ് നാമജപം .കൃഷ്ണ കൃഷ്ണ ജപിച്ച അക്രൂരനും, രാധയും, യശോദയും, ദ്രൗപദിയും ആ നാമത്തിന്റെ വിവിധ ഭാവങ്ങളെയാണ് ജപിച്ചനുഭവിച്ചത് . രാമ രാമ ജപിച്ച് മൃത്യുവിലേക്ക് നടന്ന ദശരഥനും രാമ രാമ ചൊല്ലി മോക്ഷം കാത്തിരുന്ന ശബരിയും ജഡായുവും ,രാമനാമത്തെ ഹൃദയത്തിൽ കോറി വച്ച ഹനുമാനും സീതയും, ജപത്തിലൂടെ രാമനെ നേടിയവരത്രേ . കാളിനാമജപത്തിലൂടെ കാളിയെ കാണുക മാത്രമല്ല നരേന്ദ്രന് കാണിച്ചു കൊടുത്ത് അവനെ സ്വാമി വിവേകാനന്ദനാക്കാനും കഴിഞ്ഞു ശ്രീരാമകൃഷ്ണ പരമഹംസന്. നമശിവായ എന്ന പഞ്ചാക്ഷരിയിലൂടെ അർദ്ധനാരീശ്വര പദവി നേടാൻ ശ്രീപാർവ്വതിക്കും ,കാലനെ ജയിക്കാൻ മാർക്കണ്ഡേയനും ,സായൂജ്യം നേടാൻ വ്യാഘ്രപാദനും കഴിഞ്ഞു.സത്യനാമജപത്താൽ സത്യാഗ്രഹശക്തി പ്രസ്ഥാനം രൂപപ്പെടുത്തി മഹാത്മജി.ശാസ്ത്രജപം ആധുനിക ഭാരതത്തിന് അബ്ദുൾ കലാമെന്ന അത്ഭുതത്തെ നൽകി .ലക്ഷ്യത്തെ ബ്രഹ്മമായി കണ്ട് അത് പതിനായിരം, ലക്ഷക്കണക്കിന് തവണ നിസ്വനരായി ജപിച്ച്, അതിശയ ജന്മങ്ങളാകാൻ ഏവർക്കും കഴിയട്ടെ .