പും നാമ നരകത്തിൽ നിന്നും തന്നുടെ താതനെ ത്രാണനം ചെയ്യുന്നവൻ പുത്രനെന്ന് ഭാരതീയ സംസ്കൃതി.പ്രതിസന്ധികളിൽ നിന്നും പിതാവിനെ രക്ഷിക്കുക എന്നതാണ് സന്താനങ്ങളുടെ ശ്രേഷ്ഠ കർത്തവ്യമെന്ന് മഹാഭാരതവും രാമായണവും.അച്ഛന്റെ വാക്കു പാലിക്കാൻ കാട് വീടാക്കിയ ശ്രീരാമചന്ദ്രൻ.
പിതാവിന്റെ ആഗ്രഹ പൂർത്തീകരണത്തിനായി നിത്യബ്രഹ്മചര്യം ആചരിച്ച ഭീഷ്മർ.
അന്ധരായ മാതാപിതാക്കൾക്കായി സ്വജീവിതം സമർപ്പിച്ച ശ്രവണകുമാരൻ.അമ്മയുടെ വാക്കിന്റെ വൈകല്യത്തെ പാദുക പൂജയാൽ ശുദ്ധീകരിച്ച ഭരതൻ.രാഷ്ട്ര മാതാവിന്റെ സ്വാതന്ത്ര്യത്തിനായി സർവ്വവും സമർപ്പിച്ച ധീര ദേശാഭിമാനികളായ പുത്രൻമാർ.മാതാപിതാക്കളെ ദൈവങ്ങളായി മനസ്സിൽ പ്രതിഷ്ഠിച്ച്, അവർക്കായി ജീവിതം സമർപ്പിച്ച പുത്രൻമാരുടെയും, പുത്രിമാരുടേയും ഭാരതം.പുത്രന്റെ മഹത്വമാണ് കുടുംബത്തിന്റെ ശ്രേഷ്ഠതയെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.
നരകജീവിതത്തിൽ നിന്ന് പുത്രസാന്നിധ്യം മോചനം നൽകുന്നു എന്ന സംസ്കൃതി സങ്കൽപ്പം, വരും തലമുറയെ സന്തോഷപൂർവ്വം വരവേൽക്കേണ്ടതുണ്ടെന്ന ധ്വനിപാഠവും നമുക്ക് തരുന്നു.പുത്രനാമത്തിന്റെ പര്യായമായ ശ്രാവണ കുമാരൻ, വൃദ്ധരായ അന്ധ മാതാപിതാക്കളുടെ സ്വപ്നസാക്ഷാത്ക്കാരം ജീവിതവ്രതമാക്കിയവൻ.പിതൃവചനത്തിന് ധർമ്മാചരണത്തിൽ പ്രഥമസ്ഥാനം നൽകിയ ശ്രീരാമചന്ദ്രദേവൻ.
പെറ്റമ്മയേക്കാൾ യശോദയ്ക്ക് പ്രാണവായുവായി വർത്തിച്ച ശ്രീകൃഷ്ണ ഭഗവാൻ.
പിതൃവചനമെന്ന മാതൃഹത്യയിലൂടെ ജമദഗ്നിയെപ്പോലും അമ്പരപ്പിച്ച്, ഒടുവിൽ മാതാപിതാക്കൾക്ക് ഒരുപോലെ പ്രിയങ്കരനായ ശ്രീപരശുരാമൻ.ജനനത്തിൽ ഉപേക്ഷിച്ച കുന്തിമാതാവിന് നൽകിയ പ്രതിജ്ഞ പാലിക്കാൻ ശഠിച്ച രാധേയനായ കർണ്ണൻ.മാതാപിതാക്കൾ കണ്ടെത്തിയ ധൃതരാഷ്ട്രരുടെ അന്ധത്വം സ്വയം വരിച്ച് അവരുടെ തീരുമാനത്തിനൊപ്പം നിന്ന ഗാന്ധാരി.പിതൃവചനം ശിരസ്സാ വഹിച്ച് വൃദ്ധനായ ച്യവനമുനിയെ ഭർത്താവായി വരിച്ച് ഒടുവിൽ പുത്രീ പരീക്ഷണത്തിൽ വിജയിച്ച ലോപമുദ്ര.പിതാവിന്റെ ഇഷ്ടത്തെ സ്വധർമ്മമാക്കി ത്യാഗപ്രതിരൂപമായി സ്വച്ഛന്ദമൃത്യു വരം നേടാനായ ശന്തനുസുതൻ ഭീഷ്മർ.യയാതിക്ക് തന്റെ യ്യൗവനം പകർന്നു നൽകിയ ശർമ്മിഷ്ഠാതനയൻ പുരു.മാതാപിതാക്കളെ ശുശ്രൂഷിച്ച് , യമധർമ്മനെ ജയിച്ച് എന്നും പതിനാറ് എന്ന വരം നേടിയ മാർക്കണ്ഡേയൻ .ജന്മം നൽകിയ മാതാപിതാക്കൾക്കായി സ്വയം സമർപ്പിതമാവുമ്പോൾ മോക്ഷവും മുക്തിയും താനേ സിദ്ധിക്കുമെന്ന് നമ്മെ ഈ പുത്രന്മാർ പഠിപ്പിക്കുന്നു .ഒപ്പം ഈ സൽസന്താനങ്ങളിലൂടെ ലോകഖ്യാതിയും അമരത്വവും നേടാനാവുമെന്ന് അവരുടെ മാതാപിതാക്കളും.അതുല്യശോഭയുള്ളതത്രേ
ഭാരത സംസ്കൃതിയിൽ എന്നും കുടുംബ സങ്കൽപ്പവും, പിതൃപുത്ര ബന്ധവും.ശ്രേഷ്ഠരായ പുത്രരാവാനും അങ്ങനെ നമുക്ക് ജന്മം തന്നവർക്ക് ജീവിതസാക്ഷാത്ക്കാരം നേടിക്കൊടുക്കാനും ഏവർക്കും കഴിയട്ടെ .