പുനഃ പഠനം – ഇവാൻ ഇല്ലിച്

ഇവാൻ ഇല്ലിച്ച് എന്ന നരവംശശാസ്ത്രജ്ഞൻ deschooling അഥവാ പഠിച്ചതൊക്കെ മായ്ച്ചു കളഞ്ഞ് പുന:പഠനത്തിന് തയ്യാറെടുക്കുക എന്ന ശക്തവും, സൂക്ഷ്മവും, വിപ്ലവകരവുമായ നവോത്ഥാന നിർദ്ദേശം തൻ്റെ Deschooling the society എന്ന പുസ്തകത്തിൽ നടത്തുന്നു.

ആധുനിക മനുഷ്യനെ ഏറെ സ്വാധീനിക്കുന്ന, സ്വാധീനിക്കുമെന്ന് സമൂഹം കരുതുന്ന വ്യവസ്ഥകൾ – വിദ്യാലയം, ആരാധനാലയം, തുടങ്ങിയവ അവയുടെ ലക്ഷ്യ പൂർത്തീകരണത്തിൽ നിന്ന് വ്യതിചലിക്കുന്നുവെങ്കിൽ അവയെ പുനർ വ്യാഖ്യാനം ചെയ്യണമെന്നും, സാധിക്കുമെങ്കിൽ ആ പാഠങ്ങളൊക്കെ മറന്ന് ഉദ്ദേശ്യലക്ഷ്യങ്ങളെ പുന:ക്രമീകരിച്ച്, നവനവങ്ങളായ വ്യവസ്ഥകൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും ഇവാൻ ഇല്ലിച്ച്!

ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ഒരു വിദ്യാർത്ഥി സ്വാംശീകരിക്കേണ്ട മൂല്യങ്ങൾ, അവനിൽ വരുന്ന പരിവർത്തനം, അവൻ ഗ്രഹിക്കുന്ന അറിവ്, ഉദാത്തമായ അധ്യാപക വിദ്യാർത്ഥി ബന്ധം, എന്നിവ അന്വേഷിക്കുമ്പോൾ, വിദ്യാലയങ്ങളൊക്കെ പരാജയങ്ങളായി ഭവിച്ചതായി കാണാനാവുന്നു.

ആത്മശുദ്ധീകരണം നടക്കുന്ന ഇടങ്ങൾ എന്ന പ്രാഥമിക കർത്തവ്യം നിർവ്വഹിക്കാൻ ആരാധനാലയങ്ങൾക്ക് കഴിയാതെവരികയും, ആസ്തികരേക്കാൾ നാസ്തികർ ആത്മീയൗന്ന്യത്യം നേടുകയും ചെയ്യുന്നുവെങ്കിൽ ആരാധനാലയങ്ങളെല്ലാം തന്നെ പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടതില്ലേ?

നീതി, ന്യായം, പൗര സുരക്ഷിതത്വം എന്നിവ കോടതി, പോലീസ്, പട്ടാളം, വക്കീലന്മാർ എന്നിവകളിൽ മാത്രം നിക്ഷേപിച്ച് നാം കാത്തിരിക്കുന്ന ആത്യന്തികനീതി, സമൂഹത്തിന് ലഭിക്കുന്നില്ലെങ്കിൽ നിലവിലുള്ള വ്യവസ്ഥ പുന:ക്രമീകരിക്കപ്പെടേണ്ടതുണ്ട് എന്നതല്ലേ ശരി?

ആരോഗ്യമെന്നത് ഓരോ വ്യക്തിക്കും ലഭിക്കാൻ ആധുനിക കാലത്ത് ആശുപത്രികൾ, ഭിഷഗ്വരന്മാർ, മരുന്നുകൾ എന്നിവയ്ക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തിൻ്റെ ആരോഗ്യം പുതു നിർവ്വചനങ്ങളിലൂടെ രൂപീകരിക്കപ്പെടുക തന്നെ വേണം.

രാഷ്ട്ര രൂപീകരണം രാഷ്ട്രീയക്കാർ, രാഷ്ട്രീയ പാർട്ടികൾ വ്യവസ്ഥാപിതമായ രാഷ്ട്രീയ സ്ഥാപനങ്ങൾ എന്നിവ നടത്തുമെന്ന് നാം വിശ്വസിക്കുമ്പോൾ സമൂഹത്തിലെ, രാഷ്ട്രീയേതര വിഭാഗങ്ങൾ അത് കൂടുതൽ മഹത്തരമായി നിർവ്വഹിക്കുന്നുവെങ്കിൽ, നിലവിലെ വ്യാഖ്യാനങ്ങൾ അപ്രസക്തവും കാലഹരണപ്പെട്ടതുമെന്ന് കരുതേണ്ടതല്ലേ?

നാം കെട്ടിപ്പൊക്കിവന്ന സമസ്ത ചിന്താധാരകളും, ജീവിതവീക്ഷണവും, കാഴ്ചപ്പാടും പാടേ നിരാകരിക്കപ്പെടുന്ന ഇന്നിൻ്റെ യഥാർത്ഥ്യം, deschooling ഏറെ അർത്ഥവത്താണെന്ന് നമ്മെ കൂടുതൽ ബോധ്യ പ്പെടുത്തുന്നു.

കുട്ടിയുടെ രൂപപ്പെടുത്തലിൽ കുടുംബത്തിനും, രക്ഷിതാക്കൾക്കും കൂടുതൽ ചെയ്യാനുണ്ടെന്ന തിരിച്ചറിവ്, സാമൂഹിക ശുദ്ധീകരണത്തിൽ സംസ്കൃതിക്ക് ശക്തമായ സ്ഥാനമുണ്ടെന്ന നിലപാട്, ഭാവിലോക സങ്കൽപ്പങ്ങൾക്ക് പുത്തൻ നിറക്കൂട്ടുകൾ കണ്ടെത്താനും, കാലാനുഗത സ്വപ്ന ചിന്തകൾക്ക് തീപിടിപ്പിക്കാനും, ഇതിനൊക്കെ തുരുത്തായി ഭാരതീയ സംസ്കൃതിയെ കൂട്ടുപിടിക്കാനും deschooling ലൂടെ സാധ്യമാവട്ടെ.