ഭാരത സംസ്കൃതി ലോകത്തിന് നൽകിയ ഏറ്റവും ശ്രേഷ്ഠമായ സംഭാവനകളിലൊന്നത്രേ പ്രസാദാത്മകത.ഏതു ജീവിത പ്രതിസന്ധിയിലും , പ്രയാസമേറിയ ഏതു ഘട്ടത്തിലും മനസ്സിന് ചാഞ്ചല്യമോ പ്രവൃത്തിക്ക് ഇളക്കമോ വരാതെ നിന്നാൽ പ്രസാദാത്മകത നേടി എന്നു പറയാം ആ ധന്യജീവിതം.ഇതിഹാസങ്ങളിൽ ദുരന്തമെന്നൊന്ന് നമുക്കില്ല .ഏതു ദുഷ്ടനും ദുരാചാരിക്കും, കൃത്യമായ സ്വധർമ്മാരണത്തിലൂടെ മോക്ഷം അഥവാ വീര സ്വർഗ്ഗം നൽകുന്നു ഭാരതം .ദുര്യോധനൻ ,ജയദ്രഥൻ ,രാവണൻ, ജരാസന്ധൻ ചില ഉദാഹരണങ്ങൾ മാത്രം .ജീവിതം എന്നത് കരഞ്ഞു തീർക്കേണ്ടതോ ,പരിഭവത്തോടെ നോക്കിക്കാണേണ്ടതോ, പരിതപിക്കേണ്ടതോ, ശാപമായി തിരസ്ക്കരിക്കേണ്ടതോ അല്ല ,മറിച്ച് പുഞ്ചിരിയോടെ ,ലാഘവ ഹൃത്തോടെ ,ലളിത വ്യാഖ്യാനവുമായി ,ധർമ്മബോധത്തോടെ ആചരിക്കേണ്ടതാണെന്ന് ശ്രീരാമൻ ,ശ്രീകൃഷ്ണൻ പ്രഹ്ലാദൻ എന്നിവരും കാട്ടിത്തരുന്നു .
നമ്മുടെയെല്ലാം ഉള്ളിൽ ജ്വലിക്കുന്ന പരബ്രഹ്മത്തിന് ആനന്ദം പരമാനന്ദം മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞ് ,ശ്രേഷ്ഠവും കർമ്മനിബദ്ധവും സർവ്വോപരി, ശാന്തവും സന്തുഷ്ടവുമായ ജീവിതം നയിക്കാനേവർക്കും കഴിയട്ടെ.
ഏതു കാര്യത്തിൽ ഇടപെടുമ്പോഴും “എന്റെ വിജയം സുനിശ്ചിതമെന്നുള്ള” തോന്നലാണ് പ്രസാദാത്മകതയെന്ന് ഭാരതീയ സംസ്കൃതി.ദിനംപ്രതി ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ സാധിക്കുന്നുവെങ്കിൽ നിങ്ങൾ പ്രസാദാത്മകമായ മനോഭാവമുള്ളയാൾ എന്നു ഭാരതം.ആത്മചൈതന്യത്താൽ, അസാധ്യമായൊന്നുമില്ല എന്ന മനോഭാവമാണ് ആത്യന്തിക വിജയത്തിനാധാരമെന്ന് കരുതിയ രാഷ്ട്രവും ജനങ്ങളും.സന്തോഷം തുളുമ്പുന്ന മനസ്സുണ്ടാവുകയും, ശുഭചിന്തകൾ മനസ്സിൽ നിറയ്ക്കുകയും, പ്രസാദാത്മകത ഉള്ള വ്യക്തികളുമായി സമ്പർക്കത്തിലിരിക്കുകയുമാണ് സാർത്ഥകമായ ജീവിതമെന്ന് ഭാരതം.