മഹത്വം

വേറിട്ട വ്യക്തിത്വത്തിന്നുടമയാവുകയോ, വേറിട്ട പ്രവൃത്തികളിലേർപ്പെടുകയോ, വേറിട്ട ചിന്തകളുടെ രേഖപ്പെടുത്തൽ നടത്തുകയോ, വേറിട്ട ചലനമാർഗ്ഗം കാട്ടികൊടുക്കുകയോ ചെയ്തവരൊക്കെ മഹത്വമുള്ളവർ എന്ന് ഭാരതം .ബൗദ്ധിക മഹത്വം സിദ്ധിച്ച ചരകൻ, ശുശ്രുതൻ,ചാണക്യൻ, പാണിനി ,സയണൻ, വാൽമീകി, വേദവ്യാസൻ എഴുത്തച്ഛൻ ,ആര്യഭടൻ, അരുന്ധതി, ഭാരതി, തുടങ്ങിയവർ കൊളുത്തിയ അറിവിന്റെ ദീപ നാളം നമ്മെ അജ്ഞാനാന്ധകാരത്തിൽ നിന്ന് കരകയറ്റട്ടെ.രാഷ്ട്രത്തിനായി പുത്തൻ ചരിതങ്ങളെഴുതിയ ഭഗത് സിംഗ്, പൃഥ്വിരാജ് ചൗഹാൻ ,പുരു, മഹാത്മജി, ഝാൻസി റാണി, ശിവജി തുടങ്ങി അസംഖ്യം ദേശസ്നേഹികൾ പകർന്നു നൽകിയ പൗരബോധം, ശോഷിക്കാതെ, ഈ മണ്ണിന്റെ വളർച്ചയ്ക്കായി പകർന്നു നൽകാം.ധർമ്മം പുലർത്താനായി കാഹളമൂതിയ ഈശ്വരാംശങ്ങളായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻ, ചിന്മയാനന്ദൻ, ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമി, ആദിശങ്കൻ തുടങ്ങിയവർ കനിഞ്ഞു നൽകിയ ആത്മീയജ്വാല, ആചരിച്ച് ,ശോഭകൂട്ടി തന്നെ വരും തലമുറയ്ക്കായി കരുതി വെയ്ക്കാം .
ദയ, കാരുണ്യം, ശൗര്യം, സഹവർത്തിത്വം, സഹനശീലം, എന്നിവ, സ്വന്തം ജീവിതത്തിലൂടെ , കളങ്കമറ്റ് കാട്ടിത്തന്ന, സീത, ഊർമ്മിള, മണ്ഡോദരി, സുകന്യ, ശബരി, കർണ്ണൻ, ദ്രൗപദി, ഗാന്ധാരി, ഹനുമാൻ എന്നിവരിലൂടെ ലഭിച്ച മഹത്വ പാഠങ്ങൾ മാർഗ്ഗ രേഖകളാക്കി നമുക്കും മാറ്റാം .
കാണുന്നവ,കേൾക്കുന്നവ, അറിയുന്നവ, അനുഭവിക്കുന്നവ, ഒക്കെ മഹത് വചനങ്ങൾ, മഹത് ചിന്തകൾ, മഹാ പാഠങ്ങൾ, മഹത് ചരിതങ്ങളാവുകയും നമ്മിലും മഹത്വത്തിന്റെ അനുരണനങ്ങൾ സംഭവിക്കുകയും ചെയ്യട്ടേ.

എളിമയാണ് മഹത്വമെന്ന് ഭാരതീയ സംസ്കൃതി.ചെറുതാവാനുള്ള മനസ്സാണ് മഹത്വമെന്ന് പ്രഖ്യാപിച്ച രാഷ്ട്രം..
മഹത്വമുള്ളവൻ മഹാനെന്ന് ഭാരതീയ സംസ്കൃതി.ജഡാവല്ക്കങ്ങൾ സ്വീകരിച്ച് ലോകനന്മയ്ക്കായി അറിവുകൾ പകർന്ന ഗുരു പരമ്പരകളുടെ ഭാരതം.പ്രകൃതിയിലെ എല്ലാം നമ്മുടേതല്ല എന്നോതിയ മഹത്തായ വിവേകത്തിന്റെ, മഹോന്നതമായ മഹത്വത്തിന്റെ നാട്, ഭാരതം.സഹജീവികളോട് സ്നേഹവും, ദയയും, ശ്രദ്ധയും, ധൈര്യവും, സഹാനുഭൂതിയുമെല്ലാം മഹത്വത്തിന്റെ ലക്ഷണങ്ങളെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.എളിമയുടെ പര്യായമായി മാറി, ശ്രീകൃഷ്ണ ഭഗവാന്റെ സ്നേഹവും, അനുഗ്രഹം നേടിയ സുദാമനെന്ന കുചേലൻ.വരിച്ച ദാരിദ്യത്തിലൂടെ ലോകത്തിന് വിവേകാനന്ദനെ സമ്മാനിച്ച ശ്രീരാമകൃഷ്ണ പരമഹംസർ.
മഹത്വത്തെ നിശബ്ദതയുടെ ഭാഷയാക്കി മാറ്റിയ രമണ മഹർഷി……..
അപരോന്മുഖത സ്വജീവിത വ്രതമാക്കി, ശബ്ദമില്ലാത്തവന്റെ ശബ്ദവും, കാഴ്ചയില്ലാത്തവന്റെ കാഴ്ചയുമായ മഹാത്മജി.ചെറിയൊരായുസ്സിൽ ജീവിക്കുന്ന നാമൊക്കെ എത്ര നിസ്സാരൻമാരെന്നുള്ള തിരിച്ചറിവിലൂടെ, എളിമയുള്ള പെരുമാറ്റവും, നിർഭയത്വവും, ശ്രദ്ധയും, സഹജീവി സ്നേഹവും വഴി മഹത്വമുള്ളവരാവാൻ നമുക്കെല്ലാം കഴിയട്ടെ.