മോക്ഷം

നമ്മുടെ ഹൃദയം, മനസ്സ്, ആത്മാവ് ഇവ ഒന്നിച്ച് നിസ്സീമമായ ആനന്ദം അനുഭവിക്കുമ്പോൾ നാം നേടുന്നത് മോക്ഷം.ഒരുവന്റെ ശാരീരികവും,മാനസികവും, ആത്മീയവുമായ കൂടിച്ചേരലിൽ പ്രപഞ്ച ചൈതന്യവും പങ്കുചേരുമ്പോൾ അതിനെ മോക്ഷമെന്ന് സംസ്കൃതി നിർവ്വചിക്കുന്നു.സാധനയിലൂടെ ഷഡാധാരങ്ങളായ മൂലാധാരത്തിൽ നിന്ന്മണിപൂരകം, സ്വാധിഷ്ഠാനം,അനാഹതം, വിശുദ്ധി, ഇവയിലൂടെ ആജ്ഞാചക്രത്തിലേക്ക് പ്രാണനെയാവാഹിച്ച് ജീവാത്മാവിനെ പരമാത്മാവിൽ വിലയം പ്രാപിക്കുന്നത് സന്യാസിക്ക് മോക്ഷം .പ്രണയം എന്നത് പ്രാണനായി കരുതി പ്രണയിതാവിന് സ്വയം സമർപ്പിച്ചതിലൂടെ രാധ, മീര, കബീർദാസ്, ഹനുമാൻ, ജഡായു. എന്നിവർ നേടിയതും മോക്ഷം പ്രജാക്ഷേമവും രാജ്യപരിപാലനവും വ്രതമാക്കി മോക്ഷം നേടിയവരിൽ ശ്രീരാമനും, ശ്രീകൃഷ്ണനും, ഗാന്ധിജിയും, പുരുഷോത്തമനും, ധർമ്മരാജയും ഉൾപ്പെടുന്നു.പിതൃപുത്ര, ഭാര്യാഭർതൃ, ഭ്രാതൃ, മാതുല, തുടങ്ങി ബന്ധങ്ങളിലെല്ലാം സംശുദ്ധി പകർന്നു നൽകി ഗൃഹസ്ഥർ സായൂജ്യം നേടുന്നു .സ്വധർമ്മാചരണം ധർമ്മനിബദ്ധവും ആത്മാവിഷ്ക്കാരവുമാക്കി കലാകാരന്മാരും, ഇതര തൊഴിലുകളിലിടപെടുന്നവരും മോക്ഷപദം പൂകുന്നുവെന്ന് പറയിപെറ്റ പന്തിരുകുലം പറഞ്ഞു വയ്ക്കുന്നു .
ആത്മഹർഷം ലഭ്യമാവുന്ന ലക്ഷ്യമുണ്ടാവുകയും, യാതൊരുവിധ നിയന്ത്രണവുമില്ലാതെ ആ സ്വപ്നത്തിലേക്ക് കുതിച്ചെത്തിച്ചേരാനും, അതു വഴി സായൂജ്യം നേടാനും ഏവർക്കും കഴിയട്ടെ .

മനസ്സിന്റെ പൂർണ്ണ തൃപ്തിയെ മോക്ഷമെന്ന് ഭാരതീയ സംസ്കൃതി.മോഹക്ഷയമാണ് മോക്ഷമെന്ന് ഭാരതം.
ക്ഷണികങ്ങളായ ഇന്ദ്രിയബന്ധിത സുഖങ്ങളിൽ നിന്നും ശരീരത്തെ മോചിപ്പിക്കുന്നത് മോക്ഷം എന്ന് പ്രഖ്യാപിച്ച രാഷ്ട്രം.സുഖദു:ഖങ്ങളാൽ അസ്വസ്ഥനാകാതെ രണ്ടിലും സമനില കൈവിടാത്ത വ്യക്തി നിശ്ചയമായും മോക്ഷം നേടുമെന്ന് ഭഗവദ്ഗീത.യാതൊന്നിലും യാതൊന്നിനെക്കുറിച്ചും മനസ്സ് അസ്വസ്ഥനല്ലാത്തവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം നേടുമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.ധർമ്മത്തിൽ ജീവിക്കുന്നവൻ മോക്ഷ പ്രാപ്തി നേടുമെന്ന് ഭാരതം.