ലോക പ്രശസ്തരായ ധാരാളം കായിക താരങ്ങൾക്ക് ജന്മമേകിയ നമ്മുടെ ഭാരതം, സച്ചിൻ രമേഷ് തെണ്ടുൽക്കർ എന്ന കായിക ഇതിഹാസത്തിന്, താൻ പ്രതിനിധാനം ചെയ്ത കായിക ഇനത്തിന്റെ, ക്രിക്കറ്റിൻ്റെ ദൈവം എന്ന വിശേഷണം കൂടി ചാർത്തപ്പെടുന്നത് സാഭിമാനം കണ്ടു നിന്നു.
22 അടി നീളമുള്ള ക്രിക്കറ്റ് പിച്ചിനിടയിൽ ഓടിത്തീർത്ത, നീണ്ട 24 വർഷത്തെ തൻ്റെ കായിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന, ആ ചരിത്ര നിമിഷത്തിൽ, സച്ചിൻ നടത്തിയ വിടവാങ്ങൽ പ്രസംഗം, ഓരോ ഭാരതീയന്റേയും ആത്മവിശ്വാസം, കരുത്ത്, സ്വാഭിമാനം, സംസ്കൃതി എന്നിവ വാനോളം ഉയർത്തുന്നതായിരുന്നു.
കോടിക്കണക്കിന് കായികാരാധകർ ലോകമെമ്പാടുമുള്ള ഈ പ്രതിഭ, തൻ്റെ എല്ലാ നേട്ടങ്ങളും, തന്നെ രൂപപ്പെടുത്തിയവർക്കുള്ള കൃതജ്ഞതയും കടപ്പാടുമാക്കി മാറ്റിയപ്പോൾ, സച്ചിൻ്റെ ബാറ്റിനെയും പന്തിനേയും ഉദ്വേഗത്തോടെ നെഞ്ചേറ്റിയ ലോകത്തെയാകമാനം കോരിത്തരിപ്പിച്ച മറ്റൊരു കാഴ്ചയായി ആ ചടങ്ങു മാറി!
ആദ്യമായി അച്ഛന്……
പതിനൊന്നാം വയസ്സിൽ സ്വപ്നങ്ങൾക്കൊപ്പം പറക്കാൻ പ്രേരിപ്പിച്ച, വിജയത്തിന് കുറുക്കുവഴികളില്ലെന്ന് പഠിപ്പിച്ച ,1999 ൽ വിട്ടുപിരിഞ്ഞിട്ടും ശക്തമായ പ്രചോദനമായി കൂടെയുള്ള പിതാവിന്….
തൻ്റെ എല്ലാ കുസൃതിയും എന്നും ക്ഷമയോടെസഹിച്ച, മകൻ്റെ സുരക്ഷിതത്വവും, ആരോഗ്യവും എന്നും ആദ്യ പരിഗണനയായി കരുതിയ, തനിക്കായി ഓരോ മൽസരത്തിനു മുമ്പും പ്രാർത്ഥനയോടെയിരുന്ന അമ്മ…..
സ്കൂൾ ദൂരെയായിരുന്നുവെന്നതിനാൽ, ബാല്യത്തിൽ ഒപ്പം താമസിപ്പിച്ച്, പാതിയുറക്കത്തിലും തന്നെ ഊട്ടിയ അമ്മാവനും അമ്മായിയും….
എനിക്ക് നിന്നിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഉറക്കെ പറഞ്ഞ, ജ്യേഷ്ഠൻ നിഥിൻ…..
ആദ്യ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച, തന്റെ എല്ലാ മാച്ചുകൾ നടക്കുമ്പോഴും ഉണ്ണാവ്രതമാചരിക്കുന്ന ചേച്ചി സവിത……
ഒരുമിച്ച് ക്രിക്കറ്റ് കിനാവുകൾ കണ്ട് നടന്ന, തന്നിലെ പ്രതിഭയെ ആദ്യം കണ്ടെത്തിയ, തനിക്കായി സ്വന്തം ഇഷ്ടങ്ങളെല്ലാം ത്യജിച്ച ജ്യേഷ്ഠൻ അജിത്ത്….
ഡോക്ടർ എന്ന പവിത്രമായ തൊഴിൽ, തനിക്കും കുടുംബത്തിനുമായി വേണ്ടെന്നു വച്ച ഭാര്യ അഞ്ജലി…..
പതിനാറും പതിനാലും വർഷമായി അവരുടെ സ്വകാര്യ നിമിഷങ്ങളെല്ലാം തൻ്റെ അഭാവത്താൽ നഷ്ടമായതിൽ പരിഭവിക്കാതെ, തന്നെ പിന്തുണയ്ക്കുന്ന അമൂല്യ നിധികളായ മക്കൾ, സാറയും അർജ്ജുനും…
തന്നിലെ പ്രതിഭയെ കണ്ടെത്തിയ, നഗരത്തിലെ എല്ലാ മാച്ചുകളിലും പങ്കെടുപ്പിക്കാൻ, ശിഷ്യനെ സ്വന്തം സ്കൂട്ടറിനു പിന്നിലിരുത്തി മുംബൈ മുഴുവൻ കൃത്യമായി കൊണ്ടെത്തിച്ച തൻ്റെ ഗുരുനാഥൻ….
ഉറക്കമൊഴിച്ച്, പരിക്കുകളിൽ താങ്ങായി നിന്ന ചങ്ങാതിമാർ….
ആരോഗ്യം സംരക്ഷിച്ചു നിർത്തിയ ഡോക്ടർമാർ…
ഒരിക്കലും ബലേ ഭേഷ് എന്ന് അനുമോദിക്കാതെ കാവലായി നിന്ന കോച്ച്….
താൻ കണ്ടു വളർന്ന ക്രിക്കറ്റിന്റെ മുൻ ഇതിഹാസങ്ങൾ….
ഭാരതത്തിൻ്റെ ജേഴ്സിയണിയാൻ കഴിഞ്ഞ ഭാഗ്യവാന്മാരായ സഹകളിക്കാർ….
തൻ്റെ കഴിവിൽ വിശ്വസിച്ച ബി.സി.സി.ഐ തുടങ്ങിയ ഔദ്യോഗിക സംഘടനകൾ…. മാദ്ധ്യമങ്ങൾ…..
സച്ചിൻ….സച്ചിൻ….എന്ന് എന്നും ആർത്തിരമ്പിയ കാണികൾ…..
പ്രസംഗം നീണ്ടു പോയെന്ന സച്ചിൻ്റെ ക്ഷമാപണം പോലും, അപരൻ്റെ ക്ഷേമം ചിന്തിക്കുന്ന ഭാരത സംസ്കൃതിയുടെ രേഖപ്പെടുത്തലായി.
മാതാപിതാ ഗുരു ദൈവം എന്ന സങ്കൽപ്പം, കൃതജ്ഞതാഭരിതമാവുന്ന മനസ്സ്, വിനയം, കുടുംബമെന്ന ബിംബത്തിനോടുള്ള ആദരവ്, പരസ്പര ബഹുമാനം, പിറന്ന നാടിനോടുള്ള അളവറ്റ ഭക്തി തുടങ്ങി ഭാരതീയ സംസ്കൃതിയുടെ എല്ലാ പാഠങ്ങളും ഉൾപ്പെട്ടതായിരുന്നു, ലോകജനത, നീണ്ട കരഘോഷത്തോടെ നെഞ്ചേറ്റിയ സച്ചിൻ്റെ ഓരോ വാക്കും..