സത്യം ശിവം സുന്ദരം എന്ന് ബ്രഹ്മ തത്വത്തെ രേഖപ്പെടുത്തിയ ഭാരതം അതിൽ പ്രഥമസ്ഥാനം സത്യത്തിനാണ് നൽകിയത് .ധർമ്മത്തിന്റെ ,ന്യായത്തിന്റെ,നേരിന്റെവിശ്വാസത്തിന്റെ,പര്യായപദമായി സത്യത്തെ ഭാരത സംസ്കൃതി വ്യാഖ്യാനിക്കുന്നു അതിനാൽ തന്നെ ഉപനിഷദ്വചനമായ സത്യമേവ ജയതേ നവീനഭാരത പുനർനിർമ്മിതിയിൽ നാം ശക്തമായി ഉപയോഗിച്ചു.സത്യത്തെ ജീവിതാന്വേഷണത്തിന്റെ പരീക്ഷണമാക്കിയ മഹാത്മജി ഈ പുണ്യഭൂവിൽ തന്നെ ജന്മമെടുത്തതും മറ്റ് രാഷ്ട്രങ്ങൾ നമ്മുടെ ജീവിതവീക്ഷണങ്ങളെ അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്നതും സത്യത്തെ ഈശ്വര തുല്യമായി നാം പ്രതിഷ്ഠിച്ചതിനാലാണ് .
കഠിനവും പ്രയാസമേറിയതുമാണെങ്കിലും നേരിന്റെ പാതയിൽ നിന്ന് മാറാതെ ,തികഞ്ഞ സത്യസന്ധരായിരിക്കാൻ നമുക്ക് അക്ഷീണം പ്രയത്നിക്കാൻ എന്നും കഴിയട്ടെ .
ഉൺമയാണ് സത്യമെന്ന് ഭാരതീയ സംസ്കൃതി.സത്യമാണീശ്വരൻ എന്നു പ്രഖ്യാപിച്ച സംസ്കൃതി.
സർവ്വവ്യാപിയായ സത്യം, വിഷയനിബദ്ധമല്ലാത്ത ശുദ്ധബോധമാണ്. പരിശുദ്ധമായ അതിന്റെ പ്രകാശത്തിലാണ് എല്ലാ ജീവജാലങ്ങളും അവരവരുടെ ആത്മസത്തയെ തിരിച്ചറിയുന്നത്.സത്യത്തെ സംസ്കൃതിയുടെ അടിസ്ഥാന വിശ്വാസ പ്രമാണമാക്കിയ രാഷ്ട്രം.സത്യം മാത്രമേ ജയിക്കൂ എന്ന് ലോകത്തോട് പ്രഖ്യാപിച്ച രാഷ്ട്രവും ജനങ്ങളും.സത്യത്തിന്റെ വിജയത്തിനായി ജന്മമെടുത്ത അവതാരങ്ങൾ, ജീവിതം സത്യാന്വേഷണ പരീക്ഷണമാക്കിയ മഹാത്മജി, സത്യസന്ധമായി ജീവിതം നയിച്ച പൂർവ്വീകർ.പരമമായ സത്യം ഈശ്വരനെന്ന് കണ്ടെത്തി, സത്യ സാക്ഷാത്ക്കാരമാണ് ഈശ്വര സാക്ഷാത്ക്കാരമെന്ന് അനുഭവിച്ചറിഞ്ഞ സംസ്കൃതി.