സമദർശനം

സമം ഹി ബ്രഹ്മ എന്ന് ഭാരതീയ സംസ്കൃതി.സമത്വത്തോടെയുള്ള ഉൾക്കൊള്ളലിനെ സമദർശനമെന്ന് പ്രഖ്യാപിച്ച രാഷ്ട്രം.ജീവിതം ദ്വന്ദ്വങ്ങളുടെ സമ്മേളനമാണ്. പകലും രാത്രിയും, സുഖവും ദു:ഖവും, നന്മയും തിന്മയും, ചൂടും തണുപ്പും, ലാഭവും നഷ്ടവും, മാനവും അപമാനവും. ഇവയൊന്നും സ്ഥിരമല്ലെന്നും, വന്നു പോവുന്നതെന്നുമുള്ള അറിവാണ് സമദർശനമെന്നും ഭഗവദ് ഗീത.വർത്തമാനകാല അവസ്ഥകളെ, അനുഭവങ്ങളെ അതായി മാത്രം കാണുകയാണ് സമദർശനമെന്ന് ഭാരതം.നാരദമുനിയുമായുണ്ടായ സത്സംഗം മൂലവും, അചഞ്ചലമായ വിഷ്ണു ഭക്തിയാലും നന്നേ ചെറുപ്പത്തിൽ തന്നെ സമദർശനം ആചാരമാക്കി ഈശ്വര സാക്ഷാത്ക്കാരം നേടിയ പ്രഹ്ലാദൻ.കാലം സ്വതന്ത്രമെന്നും, അവസ്ഥകൾ മാറുമെന്നും, സമദർശനം ബ്രഹ്മ തത്വമെന്നും ശ്രീനാരായണ ഗുരുദേവൻ.ജീവിതത്തിലെ ദ്വന്ദ്വങ്ങളെ സമഭാവനയോടെ ആചരിച്ചറിഞ്ഞ് ആചാര്യനായ കാവിയുടുക്കാത്ത സന്യാസി ചട്ടമ്പിസ്വാമികൾ.സംസ്കൃതിയുടെ സമദർശനത്തെ സമ്പൂർണ്ണമായി ഉൾക്കൊണ്ട്, സംസ്കൃതിയുടെ പ്രതീകമായി മാറിയ മഹാത്മജി.സത്യത്തെ പൂർണ്ണമായി ആവാഹിക്കുന്ന വൈശിഷ്യമാണ് സമദർശനമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.

ചുറ്റുമുള്ളതിനെ – വ്യക്തി, വസ്തു, വികാരം, ആശയം, മനോഭാവം – എന്തുമായിക്കൊള്ളട്ടെ, നിർമമരായി, നിസ്വനരായി, നോക്കിക്കാണാനുള്ള സിദ്ധിയാണ് സമദർശനം.സമദർശനമെന്നാൽ സുഖദു:ഖങ്ങളെ ,നേട്ടത്തേയും കോട്ടങ്ങളേയും സമഭാവത്തോടെ സ്വീകരിക്കുന്ന സ്ഥിതപ്രജ്ഞരാവുക എന്ന് ശ്രീമദ് ഭഗവദ് ഗീത വേദദർശനമായ സമദർശനം, ജീവിതമൂല്യമായി സ്വീകരിച്ച് അത് സ്വജീവിതത്തിലുടനീളം ആചരിച്ചു കാട്ടീ മഹാത്മ ഗാന്ധി.അലക്കുകാരന്റെ വാക്ക് പ്രജാഹിതം തന്നെയെന്ന് കരുതിയ ശ്രീരാമനും, ഗാന്ധാരീ മാതാവിന്റെ ശാപമേറ്റുവാങ്ങിയ ശ്രീ കൃഷ്ണനും,സമദർശനം ശീലിച്ചവരെന്ന് സംസ്കൃതി.ജീവിതാനുഭവങ്ങളെ പരിപക്വമാർന്ന മനസ്സോടെ നോക്കിക്കാണാനും, പരിപാവനതയോടെ സകല ചരാചരങ്ങളേയും വീക്ഷിക്കാനും, അതു വഴി പ്രപഞ്ചതാളവുമായി ഇഴുകിച്ചേരാനും, ഏവർക്കും കഴിയട്ടെ.