സൗന്ദര്യം

ഭാരത സംസ്കൃതിയിൽ സത്യം, ശിവം, സുന്ദരം എന്നത് തുല്യ പ്രധാന്യത്തോടെ കൽപ്പിതമായിരിക്കുന്നു എന്നും.സത്യമെന്നത് മംഗളവും സുന്ദരവും,ശിവമെന്നും സത്യവും ചേതോഹരവും, സുന്ദരമെല്ലായ്പ്പോഴും സത്യവും മംഗളദായകവുമെന്നതാണ് പരമാർത്ഥം .സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണുകളിലാണ് എന്നതിനാൽ ,നന്മയും നേരും കാണണമെങ്കിൽ സ്വന്തം നേത്രങ്ങളെക്കൂടി സുന്ദരമാക്കേണ്ടിയിരിക്കുന്നുവെന്നതത്രേ ഭാരതദർശനം .സത്യധർമ്മാദികൾക്ക് പ്രാമുഖ്യം നൽകിയ പൂർവ്വസൂരികളായ യുധിഷ്ഠിരൻ ,മഹാത്മജി എന്നിവരുടെ ജീവിതം നമുക്ക് സുന്ദര വ്യാഖ്യാനങ്ങളാവുന്നു.ത്യാഗമെന്നത് സൗന്ദര്യം എന്ന് കാട്ടിത്തന്നു കർണ്ണൻ, സീത, ശ്രീരാമൻ, ഊർമ്മിള,ഭരതൻ.സേവനമെന്ന് ആചരിച്ചറിച്ചു, ഹനുമാൻ, ലക്ഷ്മണൻ .ചുറ്റുമുള്ള എല്ലാറ്റിലും സൗന്ദര്യം കാണാനാവുകയും, ആ മനോഹാരിതയെ സ്വജീവിതത്തിൽ പകർത്തുകയും, അതുവഴി സുന്ദരമായ ലോകത്തിനായി സമർപ്പിതരാവാനും ഏവർക്കും കഴിയട്ടെ .

നല്ല ശീലങ്ങളുടേയും, ഗുണങ്ങളുടേയും സമ്പൂർണ്ണതയാണ് സൗന്ദര്യമെന്ന് ഭാരതീയ സംസ്കൃതി.സംസ്ക്കാരത്തിന്റെ പ്രതിഫലനമാണ് സൗന്ദര്യമെന്ന് ഭാരതം.ഉള്ളിലെ ഉൺമയുടെ പൊരുളാണ് സൗന്ദര്യമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും സുന്ദരമെന്ന് പ്രഖ്യാപിച്ച രാഷ്ട്രം. ധർമ്മാചരണമാണ് സൗന്ദര്യമെന്ന് ശ്രീരാമചന്ദ്രനി ലൂടെ രാമായണം.ഗുണങ്ങളുടെ കൂടിച്ചേരലാണ് സൗന്ദര്യമെന്ന് സീതാദേവി യിലൂടെ ഭാരതം.നിർഭയത്വവും, സംസ്കൃതിയോടുള്ള അഭിനിവേശവും സൗന്ദര്യമാക്കിയ സ്വാമി വിവേകാനന്ദൻ.
നന്മയും, ശുദ്ധിയും, മൂല്യബോധവും, വിവേകവും സൗന്ദര്യമെന്ന് വിദുരരി ലൂടെ മഹാഭാരതം.
സമർപ്പിത ഭക്തിയാണ് സൗന്ദര്യമെന്ന് ജ്ഞാനപ്പാനയിലൂടെ പൂന്താനം.സഹജീവി സ്നേഹവും, സേവനവുമാണ് സൗന്ദര്യമെന്ന് മഹാത്മജി.ശുദ്ധമായ മനസ്സിന് എല്ലാവരിലും സൗന്ദര്യം ദർശിക്കാനാവുമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.