സൗഹൃദം

മതിലുകളില്ലാത്ത മനസ്സിനെ സൗഹൃദമെന്ന് ഭാരതീയ സംസ്കൃതി. സൗഹൃദം ജീവിതമായി ചേർന്നു നിൽക്കുന്ന, ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ തെളിനീരുറവയെന്ന് ഭാരതം. വ്യവസ്ഥകളില്ലാത്ത, നിരുപാധിക പ്രേമമാണ് സൗഹൃദമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും. സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിലെ വിദ്യാർത്ഥികളായിരുന്ന ശ്രീകൃഷ്ണനും കുചേലനും. സൗഹൃദത്തിന്റെ സംസ്കൃതിയുടെ പ്രതീകങ്ങളായി പ്രഖ്യാപിച്ച രാഷ്ട്രം. അധർമ്മത്തിന്റെ പക്ഷത്തെങ്കിലും, സൗഹൃദമെന്ന പവിത്രമായ ബന്ധത്താൽ ദുര്യോധനനൊപ്പം നിന്ന കർണ്ണൻ.ശ്രീരാമചന്ദ്രനോട് സൗഹൃദത്തിലൂടെ ഇതിഹാസ തുല്യനായി മാറിയ രാമായണത്തിലെ സുഗ്രീവൻ.
വ്യവസ്ഥകളില്ലാത്ത സൗഹൃദം സുകൃതവും പുണ്യവുമെന്നും, വ്യക്തിത്വ വികാസ പദ്ധതിയെന്നും പ്രഖ്യാപിച്ച രാഷ്ട്രം.പരസ്പര വിശ്വാസവും, സ്നേഹവും, പ്രണയവും, കരുതലും, ശ്രദ്ധയും യഥാർത്ഥ സൗഹൃദത്തിന്റെ സവിശേഷതകളെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.

കാലദേശഭേദങ്ങൾക്കപ്പുറം.വർണ്ണവർഗ്ഗ വ്യത്യാസങ്ങളില്ലാതെ. പദവിലിംഗവൈജാത്യങ്ങളേശാതെ ഹൃദയവും മനസ്സും ആത്മാവുമൊന്നായൊഴുകുന്ന അസുലഭ സൗഭാഗ്യമത്രേ സൗഹൃദം . അപ്രകാരം ഒന്നെങ്കിലും ഇജ്ജന്മത്തിലാർജ്ജിക്കാനായാൽ സുകൃതമെന്ന് സംസ്കൃതി .സന്ദീപനിയുടെ ആശ്രമത്തിൽ തുടങ്ങി ഏഴാം മാളികമേലും തുടർന്ന് യുഗങ്ങളോളവും പ്രകാശിക്കുന്നു കൃഷ്ണ – സുദാമാ സൗഹൃദം .അനന്യതയും അന്യൂനതകളും അനവധി പേറി ചങ്ങാത്തത്തിന്റെ അതിരുകൾ ഭേദിക്കുന്നു എന്നും ദുര്യോധനനും കർണ്ണനും.
ആശ്രയമറ്റ്, അഭിമാനക്ഷതമേറ്റ്, തളർന്നു വീഴുന്ന പാണ്ഡവപത്നിക്ക് സൗഹൃദത്തിന്റെ പട്ടുശീലയാൽ തുലാഭാരം നടത്തിയ ശ്രീകൃഷ്ണനെന്ന കൂട്ടുകാരൻ.ജീവിതായോധനത്തിൽ ദുശ്ശീലങ്ങളാകുന്ന ബന്ധുമിത്രാദികളെ ഹനിക്കാൻ കരുത്തില്ലാതെക്കണ്ട് തളർന്നുവീണ സഖാവിന്, ജീവനാമൃതം ഗീതയായി ഇറ്റിച്ച പാർത്ഥസാരഥി.
നളദമയന്തിമാർക്കിടയിൽ പ്രണയദൂതനായ ഹംസം. തേന്മാവിൽ പടർന്നു കയറി സ്വത്വമില്ലാതാക്കുന്ന മുല്ലവല്ലി. പ്രാണനാഥ കണ്ണിന്റെ ഈർച്ച തന്റെ കൊമ്പിലുരസുമ്പോൾ ശ്വാസമടക്കി അവൾക്ക് കരുതലേകുന്ന കലമാൻ. മഹാഭാരതവ്യാഖ്യാനങ്ങളിലെ ചില ജീവസ്സുറ്റ സൗഹൃദ ബിംബങ്ങളാണിവ .കരുണയും,കരുത്തും കരുതലും,അപരന് സമൃദ്ധമായി സംഭാവന ചെയ്യുന്ന സുഹൃത്തുക്കളാവാനും അത്ര തന്നെ സ്നേഹവും സൗഹൃദവും സഹകരണവും അവനിൽ നിന്ന് സീമയില്ലാതെ സ്വീകരിക്കുന്ന കൂട്ടുകാരാവാനും നമുക്കേവർക്കും കഴിയട്ടെ .