സംസ്കൃതി

സൃഷ്ടിപരമാണ് എന്നും നമ്മുടെ സംസ്കൃതി .മുറിക്കുക, മുറിവേൽപ്പിക്കുക ,പിരിക്കുക ,തകർക്കുക ,ഇല്ലാ താക്കുക ഇവയൊന്നും ഇവിടെ ഒന്നിനോടും. ആരോടും . ഒരിക്കലും. ഇല്ല എന്നതത്രേ സത്യം.ബന്ധങ്ങൾ എന്നാൽ മരത്തിന് വേരു പോലെ തടി പോലെ ഇല, പൂവ്, ഫലം, കായ് എന്ന പോലെ അഭേദ്യ ചേരുവകളായി.ഘടകങ്ങളായി വർത്തിക്കുന്നത് അതിനാലാണ് .മാതാപിതാക്കൾ,സഹോദരീ സഹോദരന്മാർ,
സന്താനങ്ങൾ,ബന്ധുക്കൾ ഇവരെല്ലാം പരസ്പര പൂരകങ്ങളും, നമ്മെ പ്രസാദാത്മകമായി ഉയർത്തുന്നവരും, വളർത്തുന്നവരും ആവുന്നത് അങ്ങനെയാണ്. ഇതിഹാസ-പുരാണ കഥാപാത്രങ്ങൾ ഉദാഹരണങ്ങൾ .
പവിത്രമായ ,ഇഴചേർന്ന, ജീവൻ തുടിക്കുന്ന, പരിരക്ഷയേകുന്ന, കരുത്തു നൽകുന്ന ബന്ധുക്കളാകാൻ .ബന്ധുക്കളെ നേടാൻ. സുദൃഢമായ ഇഴയടുപ്പങ്ങളിലൂടെ നമ്മുടെ ജീവിത നദി അനുസ്യൂതം ഒഴുകാനിടവരട്ടെ. എന്നും.

ജന്മത്താൽ ബന്ധപ്പെട്ടവരാവുക എന്നത് ഈശ്വര നിശ്ചയമെന്നു കരുതിയ സംസ്കൃതി – ഭാരതീയ സംസ്കൃതി.
ബന്ധങ്ങളുടെ പവിത്രത സുകൃതമായി കരുതിയ രാഷട്രവും ജനങ്ങളും. അച്ഛൻ, അമ്മ,മകൻ,മകൾ, മുത്തച്ഛൻ, മുത്തശ്ശി, അമ്മാവൻ, അമ്മായി, വല്യച്ഛൻ, പേരമ്മ, കൊച്ചച്ചൻ, ചിറ്റ, സഹോദരൻ, സഹോദരി, മരുമക്കൾ, പേരക്കുട്ടികൾ.രക്തബന്ധങ്ങളെ നിർവ്വചിക്കുന്നതിൽ നമ്മുടെ സംസ്കൃതി പുലർത്തിയ കൃത്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.ഓരോ സ്ഥാനത്തു നിൽക്കുന്നവരും അവരവരുടെ സ്ഥാനത്തിൻ്റെ മഹത്വവും, വിലയും തിരിച്ചറിയാനും, കാത്തുസൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.