ആരോഗ്യo

ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമോ? മനുഷ്യൻ്റെ ശരീരവും ആത്മാവും തന്നോട് തന്നെയും, ചുറ്റുമുള്ള സകലതിനോടും ശാന്തിയിലും സമാധാനത്തിലും നിലനിൽക്കുകയെന്നതാണ് ആരോഗ്യമെന്ന് ഭാരതീയ സംസ്കൃതി. ആരോഗ്യം നേടാൻ നമ്മുടെ ഉള്ളിലെ ആത്മചൈതന്യത്തെ വർദ്ധിപ്പിക്കുക മാത്രമാണ് മാർഗ്ഗമെന്ന് ഭാരതം. സാധാരണ മനുഷ്യനെ സംബന്ധിച്ച് ആചരണങ്ങളും, പ്രാർത്ഥനയുമാണ് ആത്മചൈതന്യം വർദ്ധിപ്പിക്കാനുള്ള വഴികൾ. ശാസ്ത്രം വലിയ പുരോഗതി നേടിയ ഈ കാലഘട്ടത്തിൽ, നേടാനുള്ളതിനെപ്പറ്റി മാത്രം ചിന്തിച്ച്, ആകുലതകൾ വർദ്ധിച്ച്, മനുഷ്യൻ രോഗിയാവുമ്പോൾ, പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെല്ലാം തങ്ങളുടെ കർമ്മത്തെപ്പറ്റി മാത്രം ചിന്തിക്കുകയും ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുന്നു.

ഒരുവന് ലഭിക്കാവുന്ന ഏറ്റവും ആത്മാർത്ഥമായ ആശംസയാണ് ‘ആയുരാരോഗ്യ സൗഖ്യം ‘ആരോഗ്യത്തിന്റെ ശക്തമായ നിർവ്വചനവും ഇതുതന്നെ .ആയുസ്സും സൗഖ്യവും ചേരുമ്പോഴാണ് അത് പൂർണ്ണമാവുന്നത് .ശാരീരികം ,മാനസികം ,ബൗദ്ധികം,സാമൂഹികം, സാമ്പത്തികം ,രാഷ്ട്രീയം , ഇങ്ങനെ ആരോഗ്യനിർവ്വഹണത്തിൽ അനേകം ഘടകങ്ങളുണ്ട് . ഇവയെല്ലാം വേണ്ട അനുപാതത്തിൽ സമ്മേളിക്കുമ്പോൾ സൗഭാഗ്യം തന്നെ സംഭവിക്കുന്നു . ഹിതവും മിതവുമായ ഭക്ഷണത്തിലൂടെ ശരീരാരോഗ്യവും, സത്ചിന്തകളിലൂടെ മാനസികാരോഗ്യവും ,ഊഷ്മള ബന്ധങ്ങളിലൂടെ കുടുംബാരോഗ്യവും,സൃഷ്ടിപരമായ ചർച്ചകളിലൂടെ ബൗദ്ധികാരോഗ്യവും, ആത്മാർത്ഥമായ ഇടപെടലുകളിലൂടെ സാമൂഹികാരോഗ്യവും, പ്രായോഗിക അച്ചടക്കത്തിലൂടെ സാമ്പത്തികരോഗ്യവും , സത്യസന്ധമായ പ്രത്യയശാസ്ത്ര പ്രയോഗത്തിലൂടെ രാഷ്ട്രീയാരോഗ്യവും നേടാൻ ഏവർക്കും സാധിക്കട്ടെ.