കൃഷിയെ ഒരു സംസ്ക്കാരമായി രൂപപ്പെടുത്തിയ ലോകത്തെ ഏക സംസ്കൃതി – ഭാരതീയ സംസ്കൃതി. കൃഷിയെ ജീവിത ശൈലി ആക്കി, പ്രകൃതിയോട് ഇണങ്ങി, തികച്ചും അഹിംസാത്മകമായി, കൃഷിയെ അതിന്റെ സമ്പന്നതയിൽ തിരിച്ചറിഞ്ഞ സംസ്കൃതി. മണ്ണിലെ സമസ്ത ജീവജാലങ്ങളോടും താദാത്മ്യം പ്രാപിച്ചു കൊണ്ടുള്ള കാർഷിക സംസ്കൃതി. വൈവിധ്യ പൂർണ്ണമായ ഭക്ഷ്യവിളകളാൽ സമ്പന്നമാക്കിയ നമ്മുടെ രുചി കൂട്ടുകൾ, സമീകൃതാഹാരത്തെപ്പറ്റിയുള്ള നമ്മുടെ അറിവുകൾ, തനത് കാർഷിക സമ്പ്രദായങ്ങൾ എന്നിവയൊക്കെ ഭാരതം നൂറ്റാണ്ടുകൾക്കു മുമ്പേ വികസിപ്പിച്ചെടുത്തിരുന്നു. കൃഷിയെ ലാഭ നഷ്ട കണക്കിലൂടെ ഭാരതം നോക്കിയിട്ടില്ല.
ഭാരതത്തിന്റെ കാർഷിക സംസ്കൃതിയെ അറിയാനും ആചരിക്കാനും ശ്രദ്ധിക്കാം.
ഭൂമിയെ അമ്മയായിക്കരുതിയ സംസ്കൃതി കൃഷിയെ കണ്ടത് മണ്ണിന്റെ ആരാധനയായിട്ടാണ് അന്നം തേടുന്നതിന് മുമ്പ് ഭൂ പൂജ നടത്തി ,പ്രാർത്ഥനാപൂർവ്വം നിലമൊരുക്കിയിരുന്നു പൂർവ്വികർ ഭാരതീയർക്ക് കൃഷി ഒരുനാളും കച്ചവടമായിരുന്നില്ല . ആവശ്യമുള്ളവ മാത്രം നേടുക, മിതമായി ആഗ്രഹിക്കുക . ഇതായിരുന്നു എന്നും നമ്മുടെ കാർഷിക സ്വപ്നം. മണ്ണിനെ അറിയുന്നവൻ മനുഷ്യനെ കൂടി അറിയുന്നതിനാൽ അതതു കാലങ്ങളിൽ ശരീരത്തിനിണങ്ങിയ വിളകൾ ഉൽപ്പാദിപ്പിക്കുകയും.ഉപയോഗിക്കുകയും, വിഷലിപ്തമാകാതെ മണ്ണിനെ ,ജലത്തെ, വിളകളെ കാത്തു സൂക്ഷിക്കുകയും ചെയ്യാൻ ഏവർക്കും സാധിക്കട്ടെ.