ഭാരതീയ കലകൾ

നമ്മുടെ സംസ്കൃതിക്കൊപ്പം ചരിത്രമുള്ള ഒന്നാണ് ഭാരതീയ കലകൾ.നാം നേടിയ സാംസ്ക്കാരിക ഔന്നത്യത്തിന്റെ പ്രതീകമാണ് നമ്മുടെ കലകൾ. അചഞ്ചലമായ ഈശ്വരവിശ്വാസത്തിന്റെയും, ജീവിത തത്വങ്ങളുടേയും, മൂല്യ ബോധത്തിന്റെയും സന്ദേശ വാഹകരാണ് ഭാരതീയ കലകൾ. നമ്മിൽ അച്ചടക്കവും, അനുസരണയും, ശാന്തിയും, സഹജീവി സ്നേഹവും, സഹവർത്തിത്വവും പ്രോൽസാഹിപ്പിക്കുന്നവയാണ് യഥാർത്ഥ കലകളെന്ന് ഭാരതം. ഭാരതീയ കലകൾ കേവലം വിനോദത്തിനായുള്ള ഉപാധി മാത്രമായിരുന്നില്ല. അത് ഒരു വ്യക്തിത്വവികാസ പദ്ധതി കൂടിയാണ്.

കലകൾ എന്നും വളർന്നിട്ടുള്ളത് ക്ഷേത്ര പരിസരങ്ങളിലാണ് കാരണം ഭാരതീയർക്ക് ക്ഷേത്രങ്ങൾ പ്രാർത്ഥനാലയങ്ങൾക്കപ്പുറം സാംസ്ക്കാരിക നവോത്ഥാന കേന്ദ്രങ്ങളും കൂടിയാണ്. നൃത്തം, വായ്പ്പാട്ട്, വാദ്യോപകരണങ്ങൾ, ചിത്ര- ശിൽപ്പകലകൾ, മരം – കല്ല് വാസ്തുവിദ്യകൾ, ഇങ്ങനെ ഭാരതീയർ സ്പർശിക്കാത്ത, ഇതര സംസ്കൃതികളെ പുളകം കൊള്ളിക്കാത്ത മേഖലകളില്ല. വീണയുമായി ശ്രീസരസ്വതിയും വേണുനാദവുമായി ശ്രീകൃഷ്ണനുംഡമരു _താണ്ഡവാദികളുമായി ശ്രീ പരമേശ്വരനും, തംബുരു മീട്ടുന്ന ശ്രീ നാരദനും നമ്മെ ഓർമ്മിപ്പിക്കുന്നത്, 64 കലകളിലും നൈപുണ്യമെന്നാൽ പ്രകൃതിയുടെ താളലയങ്ങളോട് ചേർന്നു നിൽക്കുകയാണ് എന്നതത്രേ. ജീവിതത്തിൽ, പ്രകൃതിയിൽ, മനസ്സുകളിൽ പ്രപഞ്ചതാളങ്ങളുമായി പൊരുത്തപ്പെടാനാവാത്തതാണ് രോഗം, പ്രളയം ഇവക്ക് കാരണമെന്ന് പൂർവ്വസൂരികൾ അറിഞ്ഞിരുന്നു. കലയെന്നാൽ അവനവനെ തിരിച്ചറിയുക എന്നതിനാൽ താളപ്പിഴകളില്ലാതെ മനസ്സും ശരീരവും ആസ്വാദനക്ഷമതയോടെ, പ്രപഞ്ച സമക്ഷം സമർപ്പിക്കാം.