ആത്മാർത്ഥത

ഏർപ്പെടുന്ന കൃത്യങ്ങളേയും ഇടപെടുന്ന ബന്ധങ്ങളേയും ഹൃദയത്തോട് ചേർത്തു നിർത്തിയാൽ ജനിക്കുന്നതത്രേ ആത്മാർത്ഥത. നിസ്വാർത്ഥവും സമർപ്പിതവുമായ മാതൃത്വവും രക്ഷകർത്തൃത്വവുമാണ് ആത്മാർത്ഥതയുടെ അപരനാമമായി ശ്ലാഘിക്കപ്പെടുന്നത്. ഏറെ പ്രകീർത്തിക്കപ്പെടുന്ന ആത്മാർത്ഥസൗഹൃദങ്ങളും നമുക്ക് ചെറുതല്ലാത്ത കരുത്തു നൽകുന്നുണ്ട്.

ഒരുവന്റെ ബാഹ്യമായ സംവേദനഗുണവും വൈകാരിക പ്രതിഫലനവുമായ ആത്മാർത്ഥത അവൻ്റെ നോട്ടം, ഭാവം, പ്രവൃത്തി, മനോഭാവം, ആശയം എന്നിവയിലെല്ലാം നിഴലിക്കും. അത് വിലയിരുത്തപ്പെടുന്നത്
നേരിന്റെയും ശുദ്ധിയുടെയും കലവറയില്ലാത്ത സ്നേഹത്തിന്റെയും പക്വതയാർന്ന അളവുകോണിലൂടെയാണ്. ജീവിതത്തിലുടനീളം ആത്മാർത്ഥത നേടാനും നൽകാനും നമുക്കേവർക്കും ഭാഗ്യമുണ്ടാവട്ടെ.