ആത്മാവിനെ അറിയലാണ് ആത്മീയതയെന്ന് ഭാരതീയ സംസ്കൃതി. നാമാരെന്ന് സ്വയം കണ്ടെത്താൻ കഴിയലാണ് ആത്മീയത. സത്യത്തിൽ വളരലാണ് ആത്മീയതയെന്ന് ഭാരതം. മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ വിവേകത്തോടെ അറിയാനും പരിഹരിക്കാനുമുള്ള സാവകാശവും സുമനസ്സും നൽകുന്ന ഊർജ്ജമെന്ന നിലയിലാണ് ആത്മീയതയുടെ പ്രസക്തിയെ ഭാരതം കാണുന്നത്. ജീവിതം വലിയ തത്വശാസ്ത്രങ്ങളുടെയും ഉദാത്ത അനുഭവങ്ങളുടെയും മാത്രം കലവറയല്ല. സുമധുരവും കയ്പ് നിറഞ്ഞതുമായ ചെറിയ സാധാരണ കാര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണത്. ഇത്തരം ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാനും അതിന്റെ സൗന്ദര്യം കാണുവാനും നാം പഠിക്കേണ്ടിയിരിക്കുന്നു. അപ്രതീക്ഷിതമായി ഒരു കണ്ടുമുട്ടല്‍, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തിയുമായി പങ്കിടുന്ന സംഭാഷണം, അയല്‍ക്കാരന്റെ സുഖാന്വേഷണം, പത്രത്തില്‍ വരുന്ന ഒരു കാര്‍ട്ടൂണ്‍, വീട്ടിലേക്ക് കയറി വന്ന ഒരു പൂച്ചക്കുട്ടി, പെട്ടെന്ന് നമുക്ക് നല്‍കാന്‍ കഴിയുന്ന ഒരു സഹായം, നിലവിളക്കിന്റെ പ്രകാശം. എന്തെല്ലാം ചെറിയ, വലിയ കാര്യങ്ങള്‍….. ഇവയോരോന്നും എത്ര വിശുദ്ധമാണ്. സാധാരണത്വത്തിലെ അസാധാരണത്വത്തെ തിരിച്ചറിയലാണ് യഥാര്‍ത്ഥ ആത്മീയത.
ഭാരതത്തിന്, ധാർമ്മിക ഭൗതികത തന്നെയായിരുന്നു എന്നും ആത്മീയത. കൃത്യമായ ധർമ്മാചരണം ശ്രേഷ്ഠമായ മോക്ഷം നേടിത്തരുമെന്ന് കർമ്മയോഗം ഉദ്ഘോഷിക്കുക വഴി ഭഗവാൻ ഗീതയിലൂടെ പറയുന്നു.ഫലം കാംക്ഷിക്കാതെ സ്വധർമ്മത്തിലേർപ്പെടുക.സകല ചരാചരങ്ങളേയും സമഭാവനയോടെ നോക്കി കാണുക.
ലോക സുഖം സ്വന്തം സുഖമായി മാറ്റിയെടുക്കുക.ഭഗവൽപാദം സ്മരിച്ച് ഒടുവിൽ ഭഗവാനിൽ ലയിക്കുക, ഭഗവാനായിത്തീരുക. ഇതാണ് നമ്മുടെ സംസ്കൃതി മുന്നോട്ട് വയ്ക്കുന്ന ആത്മീയ പാഠം . പുരുഷാർത്ഥങ്ങളിലൂടെ യാത്ര ചെയ്ത് , ജന്മബന്ധവിമുക്തി നേടി, ആത്മസാക്ഷാത്ക്കാരത്തിലേക്ക് ഒരുവനെ കൈപിടിച്ച്കൂട്ടിക്കൊണ്ടു പോകുന്നതെന്തും ഭാരതത്തിൽ ആത്മീയത തന്നെയാണ്.ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാതെ,ജ്ഞാനസമ്പാദനത്തിനും, ഭക്തിയിൽ മുഴുകാനും, സ്ഥിതപ്രജ്ഞനാകാനും അതിലൂടെ പവിത്രമായ ജന്മസാക്ഷാത്ക്കാരത്തിനും ഏവർക്കും കഴിയട്ടെ.