അറിവ്

അറിവ് എന്തിന്?

അറിവാണ് നിലനിൽപ്പെന്ന് ഭാരതീയ സംസ്കൃതി .സത്യം ജ്ഞാനം ആനന്ദം ബ്രഹ്മ അറിവും, സത്യവും, നിലനിൽപ്പും എല്ലാം ഒന്നു തന്നെ എന്ന് ഭാരതം. അയഥാർത്ഥതയുടെ നിരാസമാണ് അറിവിന്റെ ലക്ഷ്യമെന്ന് ശങ്കരാചാര്യർ. ആ തിരിച്ചറിവാണ് അറിവിനെത്തന്നെ വിദ്യയും അവിദ്യയും ആക്കി തരംതിരിക്കാൻ അവനെ പ്രാപ്തനാക്കിയത്. അവിദ്യയെ പോലും നിരസിക്കാതെ അതിനെ മറ്റൊരു വിജ്ഞാന ശാഖയാക്കി മാറ്റാനുള്ള ഉൾക്കാഴ്ചയും നൽകിയ സംസ്കൃതി. ജ്ഞാനം സത്യത്തെ നമുക്ക് ബോധ്യപ്പെടുത്തുമെന്ന് കണ്ടെത്തിയ രാഷ്ട്രം. മനുഷ്യൻ ശരീരം മാത്രമുള്ളവനല്ലെന്ന അറിവ് അവനെ ദയാലുവും, വിവേകശാലിയുമാക്കി. ധനം ജീവിതത്തെ സുരക്ഷിതമാക്കില്ലെന്ന അറിവ് അവനെ ലാളിത്യമുള്ളവനാക്കി. സന്തോഷം ശരീരസംബന്ധിയായ ഒന്നല്ല എന്ന അറിവ് മനുഷ്യനെ ഈശ്വരനിലേക്ക് ചേർത്തു. സമസ്ത ജീവജാലങ്ങളിലും ഈശ്വര ദർശനം സാധ്യമാക്കി, സത്യം ഒന്നെന്ന അറിവ് നേടിയാൽ ജീവിതം ആനന്ദമയമാകുമെന്ന് ആചരണത്തിലൂടെ തെളിയിച്ച പൂർവ്വീകർ.

“താൻ കൊടുംവെയിൽ കൊണ്ടിട്ടും തണലേകുന്നു തൈമരം
നിനക്കു ദുഃഖം വന്നാലും നീയന്യന്ന് തുണയ്ക്കണം”
മൂല്യബോധനം സൃഷ്ടിച്ചിരുന്ന അറിവിൻ മുത്തുകളിൽ ഒന്ന്. അറിവ് നേടുന്നത് പേരിനൊപ്പം ദീർഘ വിലാസം ചേർക്കാനല്ല, മറിച്ച് മാനവരാശിക്ക് ഉതകുന്ന നന്മ ചെയ്യാനാണ്.അഹംബോധം അസ്തമിക്കുമ്പോൾ അവിടെ ജ്ഞാനം ജനിക്കുന്നു. ജീവിത മൂല്യങ്ങൾ ഉയർത്തുക വഴി നാടിന് ശ്രേയസ്സുണ്ടാവാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു. അറിവിനാൽ കരുത്തരാകാനും ആ കരുത്ത് നിസ്സഹായരുടെ ശബ്ദമാക്കി മാറ്റാനും ഏവർക്കും കഴിയട്ടെ.