മോചനമരുളുന്നതെന്തോ അതാണ് വിദ്യയെന്ന് ഭാരതീയ സംസ്കൃതി. ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രതിസന്ധികളിൽ നിന്നുമുള്ള മോചനം. പുസ്തക പഠനമായിരുന്നില്ല നമ്മുടെ ഗുരുകുല വിദ്യാഭ്യാസം. ജീവിതത്തിന്റെ അർത്ഥമെന്തെന്ന് മനസ്സിലാക്കി നൽകിയ ഒന്നായിരുന്നു അത്. പ്രായോഗിക ജീവിതവുമായി വിദ്യാർത്ഥിയെ ചേർക്കുന്നതായിരുന്നു ഭാരതീയ വിദ്യാഭ്യാസ പദ്ധതി. സാക്ഷരത വിദ്യാഭ്യാസത്തിന്റെ തുടക്കവും, സ്വഭാവ രൂപീകരണം പ്രധാന ലക്ഷ്യവുമായി കരുതിയ രാഷ്ട്രം. ആത്മ സാക്ഷാത്ക്കാരവും മോക്ഷവും വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഭാരതം. അറിവേറുന്തോറും വിനയമുണ്ടാവണമെന്ന് ആചരണത്തിലൂടെ തെളിയിച്ച പൂർവ്വീകർ.
വിദ്യ നേടാനും നൽകാനും എന്നും മുൻപന്തിയിലാണ് ഭാരതം .നളന്ദ – തക്ഷശില സർവ്വകലാശാലകളും ,ജ്ഞാന ഖനികളായ വേദോപനിഷത്തുക്കളും ,നമ്മുടെ സംസ്കൃതിയുടെ ചിരലിഖിതങ്ങളാണ്.വിദ്യയെന്നാൽ ഒരുവന്റെ ബൗദ്ധിക-മാനസിക-ശാരീരിക-വൈകാരിക വളർച്ചയെന്ന് പൂർവ്വീകർ തിരിച്ചറിഞ്ഞിരുന്നു .കഴിവ്, താത്പര്യം,യുക്തി, സിദ്ധി, കുലം, കാലോചിതം, ഇവ അനുസരിച്ച് വ്യക്തികൾ വിദ്യ അഭ്യസിച്ചിരുന്നു .കാലത്തെ അതിജീവിക്കുന്ന വാസ്തുശിൽപ്പങ്ങളും, രമ്യഹർമ്യങ്ങളും ,വൈദേശികമനീഷിയെ പ്രകമ്പനം കൊള്ളിച്ച ശാസ്ത്ര രേഖപ്പെടുത്തലുകളും, ചിട്ടയായ ലളിത ജീവിത പദ്ധതികളും ഭാരതീയർ വിദ്യയുടെ സമ്പൂർണ്ണത തിരിച്ചറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്നു .തനിക്കും ഒപ്പമുള്ളവർക്കും സമൂഹത്തിനും സമസ്ത പ്രപഞ്ചത്തിനും നന്മ ചെയ്യാൻ നല്ലതു വരുത്തുവാൻ അഭിവൃദ്ധിയുണ്ടാവാൻ വിദ്യാഭ്യാസത്താൽ ഏവർക്കും .കഴിയട്ടെ