മനുഷ്യനെ അവന്റെ സൃഷ്ടാവുമായി ചേർക്കുന്നതെന്തോ അതാണ് പ്രാർത്ഥനയെന്ന് ഭാരതീയ സംസ്കൃതി.പ്രാർത്ഥന അഥവാ മന്ത്രം സനാതന ധർമ്മത്തിന്റെ പ്രാണനും ആത്മാവുമെന്ന് മഹാത്മജി.
ആത്മശുദ്ധീകരണമാണ് പ്രാർത്ഥനയുടെ ലക്ഷ്യമെന്ന് ഭാരതം.പ്രാർത്ഥനാനിർഭരമായ മനസ്സോടു കൂടി ജീവിതം നയിക്കുന്നവർ സമസ്ത ജീവജാലങ്ങളുടേയും നന്മയും വളർച്ചയും കാംക്ഷിക്കുന്നു. മനസ്സ് നിർഭയമാക്കാനും, ശിരസ്സ് സമുന്നതമാക്കാനും, പരജീവി സ്നേഹം മനസ്സിൽ നിറക്കാനും പ്രാർത്ഥനയിലൂടെ എല്ലാവർക്കും കഴിയട്ടെ.
ഉള്ളിൽ ജ്വലിക്കുന്ന ചൈതന്യത്തെ തിരിച്ചറിയാനും അതുവഴി ആത്മസാക്ഷാത്ക്കാരം നേടുന്നതിന് ഒരുവനെ സഹായിക്കുന്ന പദ്ധതിയത്രേ പ്രാർത്ഥന . പ്രപഞ്ചശക്തി, ശ്വാസമായ്, മുളന്തണ്ടിന്റെ സൂഷിരങ്ങളിലൂടെ സംഗീതമുണ്ടാക്കുന്നത് പ്രാർത്ഥനയെന്ന് ടാഗോർ സർവ്വവും മറന്ന് ആത്യന്തിക ഊർജ്ജ താളത്തിനൊപ്പം ജീവതാളത്തെ ക്രമീകരിക്കുന്ന സിദ്ധിയെന്ന് ശ്രീരാമകൃഷ്ണ പരമഹംസൻ . ഒരുവനെ സ്ഫുടം ചെയ്തെടുക്കുന്ന നെരിപ്പോടിലൂടെയുള്ള യാത്രയെന്ന് ഗാന്ധിജി.സ്വകർമ്മത്തിൽ കൂടുതൽ കർമ്മോൽസുകനാവാനും
ഞാൻ എന്ന ബോധത്തെ ഇല്ലാതാക്കി പ്രപഞ്ചചൈതന്യ സ്ഫുലിംഗമെന്ന് തിരിച്ചറിയാനും ആത്മസമർപ്പണത്തിലൂടെ അറിവു നേടാനും പ്രാർത്ഥന നമ്മെ സഹായിക്കുന്നു .പ്രാർത്ഥനയിലൂടെ, കൂടുതൽ നിസ്വാർത്ഥരും, ശക്തരും, കർമ്മോൽ സുകരും, സമർപ്പിതരുമാകാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ .