ആദ്യമായി മനുഷ്യൻ സ്വപ്രകൃതി നോക്കിക്കണ്ടത് ജലത്തിലാവാം. പിന്നെ മിനുസപ്പെടുത്തിയ പ്രതലങ്ങളിൽ സ്വരൂപം ദർശിച്ച് ആത്മഹർഷം നേടിയിട്ടുമുണ്ടാവും. സ്വന്തം കുഞ്ഞുങ്ങളിലും സർഗ്ഗാത്മക സൃഷ്ടികളിലും അവനവനെത്തന്നെ നോക്കിക്കണ്ട് സ്വയം അഭിമാനിച്ചതും ചങ്ങാതിയുടെ കണ്ണിൽ പതിഞ്ഞ സ്വത്വത്തെ കൈകോർത്തു പിടിച്ചതും വളർച്ചയുടെ നാഴികക്കല്ലുകളായി കരുതാം.
കണ്ണാടി പ്രതിഷ്ഠയിൽ ബ്രഹ്മജ്ഞാനം നേടിയവർ ഗുരുക്കന്മാരും, ലോകത്തെ കണ്ണാടിയായിക്കണ്ടവർ മഹത്തുക്കളും, കണ്ണാടിയിലെന്ന പോലെ പ്രപഞ്ചരഹസ്യത്തെയറിഞ്ഞവർ ജ്ഞാനികളുമായി മാറി. എന്നിൽ നിന്നെ കാണാനും നിന്നിൽ എന്നെ അറിയാനും പ്രകൃതിയിൽ നമ്മുടെയെല്ലാം പ്രതിബിംബം ദൃശ്യമാക്കാനുമാവുന്ന കണ്ണാടിയാവാം നമുക്കേവർക്കും.