പൊക്കമില്ലായ്മയെ പൊക്കമായി പരിവർത്തനം ചെയ്ത,
ഓരോ മലയാളിയുടേയും ഗുരുഭൂതൻ, കുട്ടികളുടെ എന്നത്തേയും പ്രിയ മുത്തച്ഛൻ, എല്ലാ കുടുംബങ്ങളുടേയും കാരണവർ, കേരളത്തിന്റെ വിദുര ശബ്ദം, അതാണ് കുഞ്ഞുണ്ണിമാഷ്!മലയാളത്തിലെ ആധുനിക കവിയായി രേഖപ്പെടുത്തുമ്പോൾ തന്നെ, നാടിന്റെ വേരെന്തെന്നു തിരിച്ചറിഞ്ഞ്, സംസ്കൃതിയുടെ അമരത്വം പാണനേപ്പോലെ പാടി പുകഴ്ത്തിയ കവി.
ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കുപറയാനിത്തിരിയേ വിഷയവുമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കുംവേണ്ടൂ എന്ന് മുൻകൂർ ജാമ്യമെടുത്ത് ഒത്തിരിയൊത്തിരി നമുക്ക് പകർന്നു തന്ന കുഞ്ഞുണ്ണി. സ്വന്തം പേരിനെ പോലും കു കഴിഞ്ഞ്, ഞ്ഞു, പിന്നെ, ണ്ണി, അങ്ങനെ വിഘടിച്ച് സംയോജിപ്പിക്കുന്നത്, രാക്ഷസൻ്റെ രാ യും, ദുഷ്ടൻ്റെ ഷ്ടയും, പീറയുടെ റ യും, ഈച്ചയുടെ ഈ യും, കായത്തിൻ്റെ യം ഉം, ചേർത്ത് രാഷ്ട്രീയ നിർവ്വചനം നടത്തുന്ന ലാഘവത്തോടെയല്ലേ?
1927, മേയ് 10 ന് ജനിച്ച് 2006 മാർച്ച് 26 ന് ഇവിടം വിടും വരെ, കാലദേശങ്ങളെ, അവനവനെത്തന്നെ ഇല്ലാതാക്കിയ കഞ്ഞുണ്ണി രചനകൾ, ഘടനാപരമായി ജപ്പാനിലെ ഹൈക്കു എന്ന കുഞ്ഞൻ കവിതയുമായി സാമ്യവുമുണ്ട്. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളുടെ ശക്തമായ സ്വാധീനത്താലുള്ള മുനയും മൂർച്ചയുമുള്ള അക്ഷേപഹാസ്യത്തിൽ, കവിതാലങ്കാരങ്ങളേക്കാൾ ജീവിതോന്മുഖവും, കാര്യമാത്രപ്രസക്തവും, വ്യക്തവും, ഹ്രസ്വവുമാണ് മാഷിന്റെ കവിതകൾ. ഭാഷാശുദ്ധി, ലാളിത്യം, നർമ്മം, കൂർമ്മത, എന്നിവയിലൂന്നിയതിനാൽ, മുതിർന്നവർക്കും, കുട്ടികൾക്കും ഒരേ പോലെ പ്രിയപ്പെട്ടതും, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും, ഏതവസരത്തിലും പ്രതിപാദിക്കാവുന്നതും,
നിത്യ സത്യങ്ങളായ ഭാരതീയ തത്വസംഹിതകളെ ലളിത പദാവലിയാൽ മാല കോർത്തതുമാണ് ആ കവിതകൾ.
കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു, ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായി, അധ്യാപകനും, കവി, കഥാകാരൻ, ചിത്രകാരൻ, പാചകവിദഗ്ദ്ധൻ, സിനിമാഗാന രചയിതാവ്, അഭിനേതാവ്, എന്നതൊക്കെ കൂടിയായിരുന്നു അദ്ദേഹം.
നീ ഭാവിയില്‍,
ഊണുതൊട്ടുറക്കംവരെ, പഴമൊഴിപ്പത്തായം, കുഞ്ഞുണ്ണിയുടെ കവിതകൾ, വിത്തും മുത്തും, കുട്ടിപ്പെൻസിൽ, നമ്പൂതിരി ഫലിതങ്ങൾ, രാഷ്ട്രീയം, കുട്ടികൾ പാടുന്നു, ഉണ്ടനും ഉണ്ടിയും, കുട്ടിക്കവിതകള്‍, കളിക്കോപ്പ്, പതിനഞ്ചും പതിനഞ്ചും, അക്ഷരത്തെറ്റ്, മുത്തുമണി, ചക്കരപ്പാവ, നോൺസെൻസ് കവിതകൾ, കളിക്കളം, കദളിപ്പഴം, കുഞ്ഞുണ്ണി രാമായണം തുടങ്ങിയ പുസ്തകങ്ങളും, എന്നിലൂടെ എന്ന മലയാളത്തിലെ ആദ്യകാര്‍ട്ടൂണ്‍ ആത്മകഥയും, മലയാളിക്ക് പകർന്നു നൽകിയത്, മേലോട്ട് പെയ്യുന്ന മഴയ്ക്കു മാത്രമേ വിണ്ണിനെ മണ്ണാക്കാൻ, മനുഷ്യർക്ക് കാഴ്ച നൽകാനാവൂ എന്ന ഉൾക്കാഴ്ച്ചയാലാണ്.
നേടിയ പുരസ്ക്കാരങ്ങളുടെ എണ്ണത്തിൻ്റെ പതിന്മടങ്ങ് അംഗീകാരത്തോടെയാണ് മലയാളികൾ തങ്ങളുടെ ഹൃദയത്തിൽ ആരാധനാപതക്കമായി കുഞ്ഞുണ്ണി മാഷിനെ പ്രതിഷ്ഠിച്ചത്. കണങ്കാല്‍ മറയാത്ത ചെറിയൊരു ഒറ്റമുണ്ടും മുറിക്കൈയ്യന്‍ പരുത്തിക്കുപ്പായവുമിട്ട് നടന്ന ആ ‘ചെറിയ വലിയ’ മനുഷ്യന്‍ നമുക്കു തന്നു പോയ മൊഴിമുത്തുകള്‍ ഒരിക്കലും മറവിക്കു കവര്‍ന്നെടുക്കാന്‍ കഴിയുന്നവയല്ലയെന്ന്
‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും’ എന്ന മാഷിൻ്റെ വരിയാൽ സംഗ്രഹിക്കാവുന്നതാണ്.
വാക്കുകൾ കൊണ്ട് അമ്മാനമാടുന്നവൻ, കഷ്ടായി, മുട്ടായി, ഇഷ്ടായി എന്നു തുടങ്ങി, അകലമില്ലാത്ത വിധം അടുക്കുകയും, അടുക്കാനാവാത്ത വണ്ണം അകലുകയും ചെയ്യുന്ന, നമുക്കൊരുമിച്ചില്ലാത്തൊരു ലോകം പറഞ്ഞ്, മഴയും കുടിയും കുടയും, കുടിയിലെത്തീയും, കരളിലെ കനിവും, കൈയ്യിൽ കാശും എന്ന ജീവിത സത്യവും, ഒരു മലയാളിക്കും മലയാളമില്ലെന്ന പരിദേവനവും, വിശ്വാസം യേശുവിലെങ്കിലും ആശ്വാസം കീശയിലെന്ന ആത്മവിമർശനവും ചേരുംപടി ചാലിച്ച അത്ഭുത രചനകൾ.
ഏകാന്തതയേക്കാള്‍ നല്ലൊരു കാന്തയില്ലയെന്നു വിശ്വസിക്കുകയും, ഉയരാൻ ഉയിരുപോര, ഉശിരുവേണമെന്നുറപ്പിക്കുകയും, പ്രകൃതിയും അവനവനുമാണ് ഏവരും വായിക്കേണ്ട രണ്ടു പുസ്തകങ്ങളെന്നറിയിക്കുകയും, ഓർക്കേണ്ടത് മറക്കരുത്, മറക്കേണ്ടത് ഓർക്കരുതെന്ന് ശഠിക്കുകയും, ഒരുമയുണ്ടേൽ ഉലക്ക ശയനം പോലെ,
കട്ടിലുകണ്ട് പനിക്കരുതെന്ന പാഠവും തന്ന, വേതനം വേദനയാകരുതെന്നുപദേശിച്ച, പുലരുമ്പോൾ പഠിച്ചാൽ പഠിപ്പ് പുലരുമെന്ന് ഘോഷിച്ച, വളയാതെ വളരാനും, ചെറുതായി വലുതാവാനും വാക്കിനാൽ വിളയിച്ച, സത്യധർമ്മാദികൾക്കായി സധൈര്യം വാദിച്ച, കാപട്യത്തിനെതിരെ കലഹിച്ച കുഞ്ഞുണ്ണി, തൻ്റെ കുട്ടിക്കവിതകളാൽ, തൻ്റെ കുഞ്ഞിപ്പൂച്ചയെപ്പോലെ സാഹിത്യ ലോകത്തെയും, വരും തലമുറയ്ക്കായി വൃത്തിയാക്കി വച്ചു!