കൊറോണ എന്ന മഹാമാരി ലോക ജനതയെ അതിഭീകരമായി പിടിപെടുകയും, ലക്ഷക്കണക്കിനാളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്യുമ്പോൾ, വികസിതമെന്ന് നാമൊക്കെ ധരിച്ചു വച്ചിരുന്ന, ജനസംഖ്യ തുലോം കുറവായ, അമേരിക്കയിലും, ബ്രിട്ടനിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമാണ് മരണങ്ങൾ അധികവും. മനുഷ്യൻ ആഗ്രഹിക്കുന്നതെന്തും വിരൽത്തുമ്പിൽ ലഭ്യമായ, സുഖ സൗകര്യങ്ങളുടെ
സ്വർഗ്ഗമെന്ന് കരുതപ്പെടുന്ന അമേരിക്ക, സാമ്പത്തികമായി തകർന്നടിയുമ്പോൾ, അവിടെ ജീവിക്കേണ്ടി വന്നവരുടെ നാളെകൾ എന്താവും? ഈ പ്രതിസന്ധിയ്ക്കു കാരണമെന്തായിരിക്കും?
പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ, പരിസ്ഥിതി സംരക്ഷണത്തിൽ, പരിസര ശുചിത്വത്തിൽ, ആസൂത്രണത്തോടെയുള്ള നഗര വികസനത്തിൽ, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളിൽ, നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗത്തിൽ, മെച്ചപ്പെട്ട ആതുര ശുശ്രൂഷാ സംവിധാനങ്ങളിൽ, സമ്പത്തിന്റെ ലഭ്യതയിൽ ഒക്കെ ഇത്രയും വികസിതമായ ഒരു ജനതയ്ക്ക് ഒരു വൈറസിനെ പ്രതിരോധിക്കുവാനാവാത്തതെന്തേ എന്നത് പ്രഹേളിക തന്നെ!
ഞാൻ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഒരാളിന്റെ സുഖമെന്നാൽ എല്ലാവരുടേയും സുഖമെന്നും, എന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ നിലനില്പിനാധാരമെന്നുമൊക്കെയുള്ള മനുഷ്യത്വത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളായ സംസ്കൃതിപ്രമാണങ്ങൾ ആചരിക്കാനാവാതെ പോയതാവാം ഒരു കാരണം.
ഹൃദയമില്ലാത്ത മുതലാളിത്ത സമ്പദ് വ്യവസ്ഥിതിയിൽ, ഭൗതികതയുടെ കുത്തൊഴുക്കിൽ, അധികാര ഗർവ്വിൽ, സ്വാർത്ഥതയും, ധാർഷ്ട്യവും പുത്തൻ ജീവിത ശൈലിയുടെ അതിപ്രസരവും, കൊണ്ടാടപ്പെടുന്ന ഈ വ്യവസ്ഥിതിയിൽ, അപരോന്മുഖതയാണ് ജീവനമെന്ന് ഇനിയും അമേരിക്ക, ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. അർത്ഥമാണ് അവസാന വാക്കെന്ന അനർത്ഥം, ഭൗതികതയിൽ അഭിരമിക്കലാണ് പുരോഗതി എന്ന മൗഢ്യം, തിരിച്ചറിയാൻ ദുരന്തകാലത്ത് സാധിച്ചിട്ടുണ്ടാവും.
അഴിമതി നിറഞ്ഞ രാഷ്ട്രീയ നേതൃത്വവും, മാറ്റത്തിന് വിധേയമാവാൻ മടിയ്ക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വവും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നത് വസ്തുത.
കൊറോണയുടെ ഗൗരവം മനസ്സിലാക്കുന്നതിൽ അമേരിക്കയുടെ ഭരണ നേതൃത്വം പരാജയപ്പെട്ടത്, പലപ്പോഴും ഇതിനെ നിസ്സാരവൽക്കരിച്ചപ്പോഴാ യിരുന്നു. രാജ്യാന്തര യാത്രകൾ കൂടുതൽ നടത്തുന്നവർ എന്ന നിലയിൽ രോഗവ്യാപനം ഇവരിലൂടെ വർദ്ധിക്കുമെന്നത് മനസ്സിലാക്കാനും ഭരണനേതൃത്വത്തിനായില്ല.
വ്യക്തിസ്വാതന്ത്ര്യമാണ് രാഷ്ട്ര താല്പര്യങ്ങളേക്കാൾ പ്രധാനമെന്ന ആധുനിക കാഴ്ചപ്പാട് പുലർത്തി വന്ന ഇക്കൂട്ടർ, നിയന്ത്രണങ്ങൾക്കെതിരായി പ്രതിഷേധിക്കുന്നതും, അതിനെ ഭരണകൂടം പലപ്പോഴും പിന്താങ്ങുന്ന അത്ഭുതപ്പെടുത്തുന്ന വാർത്തയും ലോകം കണ്ടതാണ്.
മെച്ചപ്പെട്ട ആശുപത്രികളും, നൂതന സങ്കേതിക സംവിധാനങ്ങളും ലഭ്യമാണെങ്കിലും, ചെലവേറിയ ആതുര ശുശ്രൂഷയും, സാധാരണ പൗരന് താങ്ങാനാവാത്ത ഇൻഷുറൻസ് സംവിധാനങ്ങളും, രോഗവ്യാപനവും, മരണവും വർദ്ധിക്കാൻ നിമിത്തമായിട്ടുണ്ട്.
130 കോടി ജനസംഖ്യയുമായി ഭാരതം കൊറോണയെന്ന മഹാമാരിയെ സധൈര്യം നേരിട്ടുകൊണ്ടിരിക്കുന്നത്, ഈയൊരു കാലാവസ്ഥയിൽ താരതമ്യത്തിന് വിധേയമാക്കേണ്ടതുണ്ട്. ഓരോ ജീവനും അമൂല്യമാണ് എന്നത് ആപ്തവാക്യമാക്കി, വസ്തുതകൾ പഠിച്ച്, രാഷ്ട്രഹിതമനുസരിച്ച് തീരുമാനങ്ങളെടുക്കുകയും, അത് എല്ലാ സംവിധാനങ്ങളിലൂടെയും നടപ്പിൽ വരുത്തുകയും ചെയ്യാൻ നമ്മുടെ ഭരണ, ഉദ്യോഗസ്ഥ നേതൃത്വങ്ങൾക്കായി എന്നത് ഭാരതത്തിന്റെ കരുത്തും, കെട്ടുറപ്പും, ഐക്യവും വിളിച്ചോതുന്നതാണ്.
കേന്ദ്ര – സംസ്ഥാന ഭരണക്രമങ്ങൾ ഏകസ്വര താളലയബദ്ധമായി കാര്യനിർവ്വഹണ പ്രക്രിയയിൽ, കൈമെയ് മറന്നിടപെടുകയും, ഒരു ജനാധിപത്യ രാജ്യത്തിലുയരാവുന്ന എല്ലാ എതിർപ്പുകളേയും സമചിത്തതയോടെ സമീപിക്കുകയും, വൈവിധ്യങ്ങളിൽ നിന്ന് ഏകതയുടെ ദീപ്തി തെളിയിക്കാനുമായത് അമ്പരപ്പോടെ, ഇതര രാഷ്ട്രങ്ങൾ അനുകരിക്കുന്നതും നാമറിഞ്ഞു.
ഇതിനെല്ലാം അടിസ്ഥാനം, നമ്മുടെ പൂർവ്വീകർ രൂപപ്പെടുത്തിയ സവിശേഷ സംസ്ക്കാരമാണ്. ഓരോ ഭാരതീയനും, വർണ്ണ, വർഗ്ഗ, രുചി ഭേദമെന്യേ അനുവർത്തിക്കുന്ന, അവൻ്റെ സിരകളിലോടുന്ന അതുല്യ സംസ്കൃതി. മിതമാണ് ഹിതമെന്നറിയുന്നവർ, ചേർത്തു പിടിക്കുന്നത് ചാർച്ചയും, സ്നേഹരാഹിത്യം ചോർച്ചയുമെന്നറിയുന്നവർ, എല്ലാവരും ഒന്നെന്ന വെളിച്ചം, പരസ്പരബന്ധിത കണ്ണികളിലൊന്നു പോലും തളരാൻ പാടില്ലെന്ന നിഷ്ഠ, ത്യാഗമാണഭ്യുന്നതി, പരസുഖം എനിക്ക് സുഖമെന്ന പ്രതിജ്ഞ, നമ്മെ അജയ്യരാക്കുന്ന ലളിത ഘടകങ്ങളിവയൊക്കെ തന്നെയാണ്.