നിങ്ങൾ നിങ്ങൾക്കു തന്നെ വെളിച്ചമാവുക എന്നരുളിചെയ്ത,
ഭാരതത്തിന്റെ ആത്മതേജസ്സായി, ഏഷ്യയുടെ വിളക്കായി, ലോകം മുഴുവൻ സൗമ്യ, ശാന്തി, ശരണ മന്ത്രമായി ആദരിക്കപ്പെടുന്ന ശ്രീബുദ്ധൻ. രാജകീയ സുഖസമൃദ്ധിയുടെ നടുവിൽ നിന്നും സ്വയം വരിച്ച ദാരിദ്ര്യത്തിലേയ്ക്കുള്ള തീർത്ഥാടനം, സിദ്ധാർത്ഥനെ ശ്രീബുദ്ധനാക്കി രൂപപ്പെടുത്തിയ, ലൗകീകതയിൽ നിന്നും ആത്മീയതയിലേക്കുള്ള പ്രയാണം തന്നെയായിരുന്നു.
ആദ്യന്തം പരീക്ഷണങ്ങൾ നിറഞ്ഞ ഈ തീർത്ഥാടനം, ബോധോദയം അഥവാ ബൗദ്ധികോൽക്കർഷമായി ഭവിച്ചപ്പോൾ, സത്യാന്വേഷണമാണ് നിർവ്വാണമെന്ന ഭാരതത്തിൻ്റെ ആത്മതത്വം സാധൂകരിക്കപ്പെട്ടു. സത്യധർമ്മങ്ങൾക്ക് ച്യുതി സംഭവിക്കുമ്പോൾ, പരസഹായമില്ലാതെ യാതൊരുവൻ സത്യ ധർമ്മങ്ങളിലേയ്ക്ക് ബോധദീപ്തനാവുന്നുവോ അവൻ ബുദ്ധൻ എന്ന് സംസ്കൃതി.
ലോകമെമ്പാടും കാരുണ്യത്തിന്റേയും, സഹന സഹാനുഭൂതികളുടേയും, പരസ്പരസ്നേഹത്തിൻ്റേയും സൗരഭ്യം വിതറിയ സ്വാധീന ശക്തിയായി മാറിയ ഒരു സംസ്ക്കാരം തന്നെയാണ് ശ്രീബുദ്ധന്റേയും ഈറ്റില്ലം. ഗൗതമ ബുദ്ധൻ അനേക ബുദ്ധൻമാരിൽ ഒരാളെന്നും, അഭിതാഭ, വൈരോചന ബുദ്ധൻമാർക്ക് ശേഷം ഇനി വരാനുള്ള ബുദ്ധൻ മൈത്രേയയാണെന്ന് ചില പണ്ഡിതർ വിശ്വസിക്കുന്നു.
ദാരിദ്ര്യം, മരണം, ദുരിതങ്ങൾ, എന്നീ ലോക സഹജമായ വേദനകളിൽ മനുഷ്യന് സാന്ത്വനമേകാനും, ഒരാൾക്കു വേണ്ടി മാത്രം ജീവിക്കുന്നതിനേക്കാൾ ശ്രേഷ്ഠതരമാണ് എല്ലാവർക്കും വേണ്ടി ജീവിക്കുകയെന്നതും
ശ്രീബുദ്ധ തത്വമത്രേ. ഈ ജീവിത ദർശനങ്ങളിലെത്തിച്ചേരാൻ, അനേക നാൾ നീണ്ട
ധ്യാനതപങ്ങളും, ഒടുവിൽ ബീഹാറിലെ ഗയയിലെ ബോധിവൃക്ഷച്ചുവട്ടിൽ, ജ്ഞാനോദയത്തിലൂടെ, അവതാര പുരുഷനുമാവുമ്പോൾ അവിടെ ഒരു കാലഘട്ടം തന്നെ പിറക്കുകയായിരുന്നു.
ജീവിതത്തിന്റെ പരമമായ അർത്ഥം തേടിയുള്ള യാത്രയിൽ, ആഗ്രഹങ്ങ ളാണ് ദു:ഖത്തിനു നിദാനമെന്നും, ആഗ്രഹങ്ങളെ അതിജീവിച്ചവൻ ജീവിത വിജയം കൈവരിക്കുമെന്നും, അഷ്ടാംഗ മാർഗ്ഗങ്ങളിലൂടെ അത് സാധ്യമാകുമെന്നും ബുദ്ധൻ കാട്ടിത്തന്നു. ആഗ്രഹനിഗ്രഹത്തിന് അദ്ദേഹം ഉദ്ഘോഷിച്ച അഷ്ടാംഗ മാർഗ്ഗങ്ങൾ അങ്ങനെ ശ്രീബുദ്ധന്റെ ജീവിതദർശനം തന്നെയായി കരുതപ്പെടുന്നു.
ജീവിതം എന്നും ദു:ഖമയം തന്നെയാണെന്നും, അതിന് കാരണമുണ്ടെന്നും, അതിനെ നിരോധിക്കാൻ കഴിയുമെന്നും, അതിനായി ഒരു മാർഗ്ഗമുണ്ടെന്നും, ആര്യസത്യങ്ങളായ ദു:ഖം, ദു:ഖസമുദായം, ദു:ഖ നിരോധം, ദു:ഖ നിരോധന മാർഗ്ഗം എന്നിവയിലൂടെ ബുദ്ധൻ തിരിച്ചറിഞ്ഞു. അഷ്ടാംഗ മാർഗ്ഗങ്ങളായ, ശരിയായ വിശ്വാസം, ശരിയായ കർമ്മം, ശരിയായ ലക്ഷ്യം, ശരിയായ ഭാഷണം, ശരിയായ പരിശ്രമം, ശരിയായ ശ്രദ്ധ, ശരിയായ ജീവിത രീതി, ശരിയായ ധ്യാനം എന്നിവ അനുഷ്ഠിക്കുക വഴി ജീവിതത്തെ ആനന്ദപൂർണ്ണമാക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചു.
അന്യൻ്റെ ക്ഷേമത്തിനായി ആത്മത്യാഗം നടത്തി, ലോകമേ തറവാട് എന്ന ഭാരത സംസ്കൃതിയുടെ നേർപാഠം, കാരുണ്യത്തിലും, സഹിഷ്ണുതയിലും സഹവർത്തിത്വത്തിലുമാണ് ജീവിതം പുഷ്പ്പിക്കുന്നതെന്ന ഭാരത ദർശനം, ഉൾക്കാഴ്ചയോടെ ലോകസമക്ഷം ബുദ്ധം, ധർമ്മം, എന്നതിലൂടെ സാക്ഷാത്ക്കരിക്കുന്നു, ശ്രീബുദ്ധൻ.