ജന്മജന്മാന്തരങ്ങളാൽ മനുഷ്യനെ ബന്ധിതമാക്കിയതെന്തോ അതാണ് കർമ്മം .ചെയ്തുകൂട്ടുന്ന പ്രവൃത്തികളിൽ നിന്ന് അതിന് ലഭിക്കേണ്ട ഫലങ്ങളിൽ നിന്ന് നമുക്കൊഴിഞ്ഞു മാറാനാവില്ല .നമുക്ക് മാത്രമല്ല
ഈശ്വരാവതാരങ്ങൾക്ക് പോലും എന്ന് സംസ്കൃതി.ചെയ്യുന്നകർമ്മങ്ങൾ ഭഗവദ് സേവയായി നിഷ്കാമരായി അനുവർത്തിക്കുക എന്ന് ശ്രീ ഭഗവദ്ഗീത പറയുമ്പോൾ ഓരോ പ്രവർത്തിയിലും നമ്മുടെ ജാഗ്രതയും സമർപ്പണമനോഭാവവും തന്നെയാണ് ലക്ഷ്യമാക്കുന്നത് ഫലങ്ങൾ നല്ലത് – ചീത്ത എന്നുള്ളതുപോലെ കർമ്മങ്ങളും ആ ഗണങ്ങളിൽ പെടുന്നു.സദ്പ്രവൃത്തിക്ക് നല്ല ഫലവും ,ദുഷ്കർമ്മത്തിന് യഥാവിധി അനുഭവവും എന്നത് മനുഷ്യരെ സ്വന്തം ജന്മത്തിന്മേൽ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കാൻ പ്രേരിപ്പിക്കും.
ഫലേച്ഛ കൂടാതെ എന്നതിൽ , എന്തുവന്നാലുംസ്വകർമ്മാനുഷ്ഠാനത്തിൽ നിന്ന് തെല്ലും വ്യതിചലിക്കരുത് എന്ന പാഠവുമുണ്ട്. നമ്മിൽ നിന്ന് മാറിനിൽക്കുന്ന മറ്റാരോ, ഒരിക്കലും നമ്മുടെ രക്ഷകനോ ശിക്ഷകനോ ആവുന്നില്ല ,മറിച്ച് അവനവന്റെ പ്രവൃത്തിയിൽ കർമ്മാനുഷ്ഠാതാവിന് തന്നെയാണ് സമ്പൂർണ്ണ ഉത്തരവാദിത്വം എന്നും പറയുന്നു ഭാരതം.സ്വകർമ്മം നിർബാധം നിർവ്വഹിക്കാനും ,ആ പ്രവൃത്തിയിൽ നിന്ന് തന്നെ സമർപ്പിത ഊർജ്ജം നേടി കൂടുതൽ കൂടുതൽ കർമ്മോത്സുകരാവാനും ഏവർക്കും കഴിയട്ടെ.
ജന്മത്തിനു കാരണമായതെന്തോ അതാണ് കർമ്മമെന്ന് ഭാരതീയ സംസ്കൃതി.കർമ്മം ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു എന്ന് ഭാരതം.നമ്മുടെ ജനനത്തിനു മുൻപു തന്നെ നമ്മളിൽ ഉൾചേർത്തിട്ടുള്ള അറിവുകളാണ് കർമ്മമെന്ന് ഭാരതം.കർമ്മമേതായാലും അതിൽ ധർമ്മം ചേരുമ്പോൾ അത് അർത്ഥപൂർണ്ണമായ കർമ്മമായി തീരും.ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കി നിർത്തി ഫലേച്ഛ ഇല്ലാതെ കർമ്മം ചെയ്താലത് നിഷ്കാമകർമ്മമെന്ന് കണ്ടെത്തിയ നാടും ജനങ്ങളും.ലോകഹിതത്തിനായി നിഷ്കാമകർമ്മം ചെയ്യാം.