ചെലൂവി – സിനിമ

ചെലൂവി*

വീട്ടിലേക്ക് സ്വയം ഒതുങ്ങുക എന്നതാണ്
നാളിതുവരെ വീണ്ടുവിചാരമില്ലാതെ ഓടിനടന്നുണ്ടാക്കിയ കെടുതികൾ അകറ്റാനുത്തമമെന്ന് ഭൂമി മനുഷ്യനെ ഇന്ന് പഠിപ്പിക്കുന്നു. ജ്ഞാനപീഠജേതാവ് യശ്ശ:ശ്ശരീരനായ ഗിരീഷ് കർണാഡിന്റെ 1992 ലെ മികച്ച പരിസ്ഥിതി സംരക്ഷണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചെലൂവി എന്ന കന്നട സിനിമ വെളിച്ചം വീശുന്നത് ഈ വർത്തമാന യാഥാർത്ഥ്യത്തി
ലേക്കാണ്.

ആത്മമിത്രമായ എഴുത്തുകാരൻ AK രാമാനുജനിൽ നിന്ന് കിട്ടിയ ചെലൂവി എന്ന പെൺകുട്ടിയുടെ, പൂമരത്തിൻ്റെ നാടോടിക്കഥ, മണ്ണറിവിൻ്റെ പെണ്ണറിവിൻ്റെ കഥ കൂടിയാണ്. അമ്മമാർ കുഞ്ഞുങ്ങളെ ഉറക്കാനും, ഊട്ടാനും അതുവഴി പ്രകൃതിയെ അറിയാനും ചൊല്ലിക്കൊടുത്തു കൊണ്ടിരുന്ന ചെലൂവിയുടെ കുഞ്ഞു വലിയ കഥ!

മന്ത്രവിദ്യയാൽ പൂമരമായ് മാറാൻ കഴിയുന്ന ഗ്രാമീണ പെൺകിടാവായ ചെലൂവി, ഒടുവിൽ രാജ്ഞിയായി മാറുന്നു. എന്നാൽ തൻ്റെ നന്മയുടെ സുഗന്ധത്തിൽ അസൂയാലുക്കളാവുന്ന ആളുകളാൽ, ചെലൂവി പൂമരമായി മാറിയ വേളയിൽ, തിരിച്ച് മനുഷ്യ രൂപമെടുക്കാൻ അവസരം ലഭിക്കാതെ, നിർദ്ദയം കഥാന്ത്യത്തിൽ വെട്ടിനുറുക്കപ്പെടുന്നു.

കർണ്ണാടിൻ്റെ സിനിമയിൽ കൂട്ടുകാരിയുടെ കൗതുകത്തിന് പൂമരമായ് വേഷം മാറിയ ചെലൂവിയെ, പൂവിറുക്കാൻ തിരക്കു കിട്ടിയ കൂട്ടുകാർ തന്നെയാണ് ഒടിച്ചൊടുക്കുന്നത്. ചവിട്ടിയൊടിക്കപ്പെട്ട ശിഖരങ്ങളിൽ ഒരു കുടം വെള്ളമൊഴിക്കുന്ന കൂട്ടുകാരി, നടുക്കത്തോടെ കാണുന്നത് പിടഞ്ഞൊടുങ്ങുന്ന ചെലൂവിയെയാണ്.

മണ്ണും പെണ്ണും ഒന്നെന്ന സങ്കൽപ്പം, ഭൂമാതാവ് എന്ന കൽപ്പന, നാമെല്ലാം പ്രകൃതിയുടെ ഒരേ ചൈതന്യമുൾക്കൊള്ളുന്ന മക്കൾ എന്ന ദർശനം. ഭാരത സംസ്കൃതി തലമുറകളായ് കൈമാറിപ്പോന്ന ഉജ്ജ്വല ചിന്താധാരയാണിത്.

പാരമ്പര്യത്തിന്റെ, പൈതൃകത്തിന്റെ
അവശിഷ്ട കാന്തിയുടെ വെളിച്ചത്തെ ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് തെളിച്ച്, നാളെയുടെ സഞ്ചാരപഥങ്ങളെ കൂടുതൽ തെളിമയോടെ കാട്ടിക്കൊടുക്കാൻ ചെലൂവിക്ക് കഴിഞ്ഞു.
ഹിംസയുടെ സംസ്ക്കാര ശീലങ്ങൾ മനുഷ്യരാശിയുടെ മേൽ എത്രമാത്രം വിനാശകരമാവുമെന്നും,
മനുഷ്യാർത്തിയുടെ ഭ്രാന്തമായ പരക്കംപാച്ചിലുകളുടെ വ്യർത്ഥതയ്ക്കൊപ്പം ചെലൂവി കാട്ടിത്തരുന്നു.