സ്ഥിരതയുടെ സമ്പദ്‌വ്യവസ്ഥ

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും സഹവർത്തിത്വത്തിലൂടെ മാത്രമേ നിലനിൽക്കൂ എന്നു പ്രഖ്യാപിച്ച ഗാന്ധി ശിഷ്യനും, സാമ്പത്തിക വിദഗ്ധനുമായ ജോസഫ് ചെല്ലദുരൈ കൊർണേലിയസ് (ജെ.സി.) കുമരപ്പ, തന്റെ ശക്തമായ പ്രകൃതി പാഠം കൂടിയായ പ്രസിദ്ധമായ പുസ്തകം, Economy of Permanence (സ്ഥിരതയുടെ സമ്പദ് വ്യവസ്ഥ) ൽ, അഞ്ചു തരം സമ്പദ് വ്യവസ്ഥകൾ പ്രകൃതിയിൽ നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

1. പരാശ്രയ സമ്പദ് വ്യവസ്ഥ (Parasitic Economy)
ചില ചെടികൾ മറ്റ് മരങ്ങളുടെ ശിഖരത്തിൽ പറ്റിപ്പിടിച്ച് ആ മരം ഉണ്ടാക്കുന്ന ഭക്ഷണം വലിച്ചെടുത്ത് വളരുകയും, അവസാനം ആ മരത്തെ തന്നെ ഉണക്കിക്കളയുകയും ചെയ്യുന്ന ഹിംസയുടെ സംസ്ക്കാരം.

2. കവർച്ചാ സ്വഭാവമുള്ള സമ്പദ് വ്യവസ്ഥ (Predatory Economy)
മാമ്പഴം കഴിക്കാൻ മാവിൽ കൂട്ടത്തോടെ എത്തുന്ന കുരങ്ങൻമാർ ഫലവൃക്ഷത്തിന്റെ വളർച്ചയിൽ നാളിതുവരെ ഒരു സഹായവും ചെയ്യാതെ തങ്ങളുടെ സ്വാർത്ഥ നേട്ടത്തിനായി വൃക്ഷത്തെ ഉപയോഗിക്കുന്നു. ദാക്ഷിണ്യവും കരുതലും ഇല്ലാത്ത ചൂഷണസംസ്ക്കാരം.

3. സംരംഭകത്വ സമ്പദ് വ്യവസ്ഥ (Economy of Enterprise)
പൂക്കളിൽ നിന്ന് പൂമ്പൊടിയെടുത്ത് തേനാക്കുന്ന തേനീച്ച പരാഗണം എന്ന സേവനം ചെടിക്ക് തിരിച്ചു നൽകുന്ന സേവന വേതന പാരസ്പര്യ സംസ്ക്കാരം.

4. സഹവാസ സമ്പദ് വ്യവസ്ഥ (Economy of Gregation)
തേനീച്ചകൾ അവരുടെ സ്വാർത്ഥ നേട്ടത്തിനു വേണ്ടിയല്ല, മറിച്ച് ആ കൂടിനുള്ളിലെ മുഴുവൻ ഈച്ചകൾക്കുമായി പ്രവർത്തിക്കുന്ന, നിസ്വാർത്ഥ സംസ്ക്കാരം.

5. സേവന സമ്പദ് വ്യവസ്ഥ
(Economy of Service)
സ്വന്തം കുഞ്ഞിനായി സ്വയം സമർപ്പണം നടത്തുന്ന അമ്മ പക്ഷി. സ്വന്തം ആവശ്യങ്ങൾ മാറ്റി വച്ച് കുഞ്ഞിനായി ജീവിക്കുന്ന അമ്മ.
ഗാന്ധിജി ഏറെ വാഴ്ത്തുന്ന നിസ്തുല സമർപ്പിത സംസ്ക്കാരം.

പ്രകൃതിയിലെ മാതൃകാപരമായ, തികച്ചും അഹിംസാത്മകമായ, സ്ഥിരതയുടെ സമ്പദ് വ്യവസ്ഥയിൽ, സ്വന്തം ആവശ്യങ്ങളെ മാറ്റി വച്ച് വരാനിരിക്കുന്ന തലമുറകൾക്കായി ആത്മ സമർപ്പണത്തോടെ ജീവിക്കുക എന്ന സംസ്ക്കാരമാണ് ഭാരതീയ സംസ്കൃതി എന്നും മുന്നോട്ട് വച്ചിട്ടുള്ള തിളക്കമാർന്ന ദർശനം.