ടാഗോർ

ഭാരതത്തിലെ, ഏഷ്യയിലെ ആദ്യ നോബൽ സമ്മാന ജേതാവ്, ദേശീയഗാന രചയിതാവ്, ലോകാരാധ്യനായ രാഷ്ട്രപിതാവിനെ മഹാത്മാ ഗാന്ധി എന്ന് ആദ്യമായി സ്നേഹാദരങ്ങളോടെ വിശേഷിപ്പിച്ച മഹാൻ, ഗുരുദേവ് എന്ന് മഹാത്മജി എന്നും ആദരവോടെ സംബോധന ചെയ്ത നിർമ്മലവ്യക്തിത്വം…. രബീന്ദ്രനാഥ ടാഗോർ. ഭാരത സാഹിത്യ, സ്വാതന്ത്ര്യസമര, ആധ്യാത്മിക, രാഷ്ട്രീയ, കലാ സാംസ്ക്കാരിക ചരിത്രത്തിൽ, എല്ലാക്കാലവും ജ്വലിച്ചു നിൽക്കുന്ന അപൂർവ്വ നക്ഷത്രം.

വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്നയാളെ മറക്കാതിരിക്കയും ചെയ്യുകയെന്ന്, എന്നും പ്രസാദാത്മകത ശീലിക്കാനും, കൃതജ്ഞതയുള്ളവനുമാവാൻ ലോകത്തോട് ആഹ്വാനം ചെയ്ത ടാഗോർ, സാമൂഹ്യ പരിഷ്കർത്താവ്, തത്വചിന്തകൻ, കഥാകാരൻ, നോവലിസ്റ്റ്, ചിത്രകാരൻ, സംഗീതജ്ഞൻ, സ്വാതന്ത്ര്യ സമര നായകൻ തുടങ്ങി അനേക മേഖലകളിൽ അതുല്യ കൈയ്യൊപ്പ് ചാർത്തിയ മഹനീയ വ്യക്തിത്വമാണ്.

രബീന്ദ്ര സംഗീതം എന്ന സവിശേഷ ശൈലി സൃഷ്ടിക്കാൻ, 1910 ൽ ബംഗാളിയില്‍ പിറന്ന ഗീതാഞ്ജലിയ്ക്കായി.1912 ല്‍ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ, ഐറിഷ് കവി ഡബ്ളിയു.ബി.യേറ്റ്സിൻ്റെ പ്രശംസനീയമായ അവതാരികയുമായി ജനിച്ചു. എല്ലാ ഭാഷകളിലേക്കും, ടാഗോർ കൃതികളുടെ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും, ലോക പ്രശസ്തരായ പല ചിന്തകന്മാരും, എഴുത്തുകാരും ടാഗോർ കൃതികളാൽ സ്വാധീനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ശ്രീനികേതൻ, വിശ്വഭാരതി, ശാന്തിനികേതൻ, എന്നീ അക്കാദമികത്രയം, ടാഗോറിന്റെ ജീവിത ദർശനവും, ചിന്താപദ്ധതിയും പ്രയോഗശാലയായി പരിണമിച്ചതത്രേ. കുട്ടികൾക്കായി ശാന്തിനികേതനിൽ ഒരു സ്കൂൾ ആരംഭിച്ച ടാഗോർ, തൻ്റെ സ്വപ്ന പദ്ധതിയിയായ വിശ്വഭാരതി സർവ്വകലാശാലയായി, പിൽക്കാലത്ത് അതിന്‌ രൂപഭേദം വരുത്തുകയായിരുന്നു.

അച്ഛൻ ദേബേന്ദ്രനാഥ്‌ ടാഗോർ ധ്യാനത്തിനായി രൂപപ്പെടുത്തിയ സ്ഥലത്ത്
ബ്രഹ്മചര്യാശ്രമം എന്ന ബ്രഹ്മവിദ്യാലയമാണ്, 1901 ഡിസംബർ 22 ന് അഞ്ച് കുട്ടികളുമായി ടാഗോർ ആദ്യം ആരംഭിച്ച പഠനക്കളരി.
ബ്രിട്ടീഷുകാർ ഭാരതത്തിൽ നടപ്പിലാക്കിയ പാശ്ചാത്യസമ്പ്രദായത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി, പാഠ്യപദ്ധതിയും, പഠന പ്രക്രിയയും, പുരാതന ഭാരതീയ ഗുരുകുല സമ്പ്രദായത്തിൽ കാണുകയായിരുന്നു ടാഗോർ ഇവിടെ. ലാളിത്യം അടിസ്ഥാന പ്രമാണമായി കൽപ്പിക്കപ്പെട്ടിരുന്ന വിശ്വഭാരതിയിൽ, പ്രകൃതിയോട് ഇഴുകിച്ചേർന്ന്, മരത്തണലിലായിരുന്നു ക്ലാസ്സുകളെല്ലാം ക്രമീകരിച്ചിരുന്നത് . സംഗീതം, ചിത്രരചന, നാടകാവതരണം, അനുബന്ധ കലാരൂപങ്ങൾ ഇവയൊക്കെ ഉൾപ്പെട്ട പാഠ്യപദ്ധതിയിൽ, വ്യക്തിത്വ വികാസത്തിനായും, ബൗദ്ധിക ഔന്നത്യത്തിനായും, അനവധി അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

അതിരുകളില്ലാത്ത ലോകദർശനം സാദ്ധ്യമാക്കുക എന്ന ആർഷ സംസ്കാരം നടപ്പിൽ വരുത്താനായി വിശ്വഭാരതി എന്ന സർവകലാശാല, അദ്ദേഹം ശാന്തിനികേതനിൽ 1921 സിസംബർ 23 ന് സ്ഥാപിച്ചു. ബ്രിട്ടീഷ് വിദ്യാഭ്യാസം ജീവിതവുമായി ബന്ധമില്ലാത്തതും, പ്രയോജനമില്ലാത്തതും, നിറമില്ലാത്തതും, സംസ്ക്കാരത്തെ ഇല്ലാതാക്കുന്നതുമെന്ന് തിരിച്ചറിഞ്ഞ ടാഗോർ, തൻ്റെ സ്വപ്ന സർവ്വകലാശാലയായിട്ടാണ് വിശ്വഭാരതിയെ എല്ലാ അർത്ഥത്തിലും രൂപകൽപ്പന ചെയ്തത്!

കുട്ടികളെ സ്വതന്ത്രരാക്കുക വഴി അവൻ കൂടുതൽ നല്ല
മനുഷ്യനായി വളരുമെന്നും, വിദ്യാർത്ഥിയും പ്രകൃതിയുമായുള്ള ക്രിയാത്മകമായ ആശയ വിനിമയം, അഭംഗുരം നടക്കേണ്ടതുണ്ടെന്നും,
സർഗ്ഗാത്മകമായ ആത്മപ്രകടനത്തിനുള്ള അളവറ്റ സാധ്യത, വിദ്യാഭ്യാസരംഗം എന്നും സൃഷ്ടിക്കണമെന്നും, വിശ്വത്തെയാകമാനം
ഒന്നായി നോക്കിക്കാണണമെന്നതുമായിരുന്നു ടാഗോറിൻ്റെ വിദ്യാഭ്യാസ ദർശനങ്ങൾ.
അത് പ്രകൃതി പാഠത്തിന്റേയും, ജീവിത പാഠത്തിൻ്റേയും സമഞ്ജസ സമ്മേളനവും സാർത്ഥകസത്തയുമാണ്.

വിശ്വഭാരതിയെ, ടാഗോർ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിധിയായി കരുതി. 1940 ൽ രോഗഗ്രസ്തനായി, അവശനായിരിക്കേ, ശാന്തിനികേതനത്തിൽ എത്തിയ മഹാത്മജിയോട്, തൻ്റെ നിധിയെ എക്കാലവും കാത്തുസൂക്ഷിക്കണമെന്നഭ്യർത്ഥിക്കുകയും ചെയ്തത് ചരിത്രം. ശാന്തിനികേതൻ തൻ്റെ രണ്ടാമത്തെ വീടെന്ന് കരുതിയിരുന്ന ഗാന്ധിജി, ഭാരതത്തിന്റെ ഏറ്റവും പുണ്യാത്മാവായ ടാഗോർ ആരംഭിച്ച സരസ്വതീ ക്ഷേത്രത്തെ, ദൈവം സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

1951 മെയ് മാസത്തിൽ വിശ്വഭാരതിയെ ദേശീയ പ്രാധാന്യമുള്ള പഠനകേന്ദ്രമായി പരിഗണിക്കപ്പെടുകയും കേന്ദ്ര സർവ്വകലാശാലയായി ഉയർത്തപ്പെടുകയും ചെയ്തു. നോബൽ സമ്മാനം നേടിയ അമർത്യാസെന്നും, ഭാരത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും, ലോക പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യജിത് റേയും, വിശ്വഭാരതിയുടെ അനവധി പ്രഗൽഭ സന്താന പ്രതിഭകളിൽ ചിലർ മാത്രമാണ്.

പഠനത്തിന്, ജ്ഞാനസമ്പാദനത്തിന്, വിജ്ഞാന വിതരണത്തിന് എന്നും ശ്രദ്ധ നൽകിട്ടുള്ള നമ്മുടെ സംസ്കൃതി, വിശ്വഭാരതിയിലൂടെ, ലോകത്തെ കൂടുതൽ പ്രബുദ്ധമാക്കട്ടെ. കാരണം രവീന്ദ്രനാഥ ടാഗോർ, വിശ്വഭാരതിയിലൂടെ വിഭാവന ചെയ്തത്, ലോകമെമ്പാടുമുള്ള ഉജ്ജ്വല സംസ്ക്കാരങ്ങളെ വരവേൽക്കാനും, സ്വന്തം സംസ്ക്കാര സത്ത സമൃദ്ധമായി കൈമാറാനുമുള്ള ഭാരതത്തിൻ്റെ സന്നദ്ധതയാണ് ഈ സംരംഭം എന്നാണ്!