പ്രപഞ്ചത്തിലെ മുഴുവൻ സമ്പത്തും വിഭവങ്ങളും ഭഗവാന്റെയെന്ന് ഭാരതീയ സംസ്കൃതി.3000 വർഷങ്ങൾക്കു മുൻപ് സമ്പത്തിന്റെ ശാസ്ത്രമായ അർത്ഥ ശാസ്ത്ര മെഴുതിയ കൗടില്യന്റെ ഭാരതം.നേരിന്റെ പാതയിലൂടെ സമ്പത്ത് നേടണമെന്നും, മിതവ്യയം ശീലിക്കണമെന്നും, ആപത്തു കാലത്ത് ഉപയോഗിക്കാനായി ധനം സൂക്ഷിക്കണമെന്നും ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.ധനം നേടുന്നതിനേക്കാൾ പ്രയാസം അത് കൈയ്യിൽ നിലനിർത്താനെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രം.ധനത്തോടുള്ള അമിതമായ ആർത്തി അഹന്തയും, ധാർമ്മിക അധ:പതനവും ഉണ്ടാക്കുമെന്ന് കുബേരനിലൂടെ വരച്ചുകാട്ടിയ ഭാരതീയ ഇതിഹാസങ്ങൾ.
വിദ്യയും, സ്വഭാവശുദ്ധിയും, ആരോഗ്യവും ധനമെന്ന് ഭാരതം.
ജീവിത സന്ധാരണത്തിന് അനുപേക്ഷണീയമാണ് സമ്പത്ത് അഥവാ ധനം .ഒരുവൻ ധനവാനോ അല്ലയോ എന്നതും അവന് നൽകേണ്ട സ്നേഹാദരങ്ങളും അംഗീകാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംസ്കൃതി .വിദ്യയെന്ന ശ്രേഷ്ഠധനത്താൽ ജ്ഞാനസമ്പന്നനായവനെ ലോകം നമിക്കുന്നു. അതു നേടുകയെന്നാൽ പ്രയത്നവും സ്ഥിരോൽസാഹവും സദാ അനുവർത്തിക്കുക എന്ന് സാരം .ആരോഗ്യധനം ദിനചര്യ ,ഭക്ഷണനിഷ്ഠ, കായികാഭ്യാസം, യമ-നിയമങ്ങൾ ഇവയൊക്കയാൽ തീരുമാനിക്കപ്പെടുന്നു .വാക് ചിന്ത ഇവയിൽ ശുദ്ധി പാലിക്കുകയും. വിശുദ്ധമായി ബന്ധുത്വം നിർവ്വഹിക്കുകയും .അപരന് നന്മ കാംക്ഷിച്ച് പ്രവർത്തിക്കുകയും സമൂഹശ്രേയസ്സിനായി ഇടപെടുകയും ചെയ്യുമ്പോൾ സ്വഭാവ ധനം കൈവരുന്നു .ആത്മീയതയാൽ സമ്പന്നമാകുന്നവൻ പരമാനന്ദസാഗരത്തിൽ വിളയാടി ആത്മസാക്ഷാത്ക്കാര ധനവുംമോക്ഷരത്നവും അസ്സംശയം നേടിയിരിക്കും.പത്തു കിട്ടുകിൽ നൂറും ശതമാകിൽ സഹസ്രവുമായി ആശാ പാശം കരേറുമെങ്കിലും മിതമാണ് ഹിതമെന്ന് ഉറക്കെപ്പറഞ്ഞു എന്നും ഭാരതം.സമൃദ്ധമായി നേടിയെടുക്കാനും നിസ്വാർത്ഥമായി വിതരണം ചെയ്യാനും സാധിക്കുന്ന തരം സമ്പന്നരാവാൻ, അതുല്യ ധനശേഷിയുള്ളവരാകാൻ ഏവർക്കും കഴിയട്ടെ .