പുണ്യം

പുണ്യപാപങ്ങളെല്ലാം കർമ്മത്തിലധിഷ്ഠിതമെന്ന് സംസ്കൃതി. ഒരുവൻ ചെയ്യുന്ന പ്രവൃത്തിയുടെ ഗുണമത്രേ പുണ്യം.
തമ്പ്രാന്റ കാശിയാത്രയ്ക്ക് കൂട്ടു പോയ ചാത്തനിലൂടെ, തീർത്ഥങ്ങളിലെല്ലാം മുക്കിയിട്ടും കയ്പ് മാറാത്ത കടുക്കയെക്കാട്ടി, പുണ്യം തേടുന്നത് പുറമ്മോടിയിലല്ല മറിച്ച് അന്ത:ശുദ്ധിയിലാണെന്ന് സ്ഥാപിച്ചു, ഐതീഹ്യമാല .പ്രകൃതിയിലെ ഓരോ വസ്തുവിലും ഈശ്വരനെ ദർശിച്ച് അവയെ ആദരിക്കുന്നത് പുണ്യമെന്ന് പഠിപ്പിച്ചു ഭാരതം.സൂര്യൻ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഹിമവാൻ, ഗിരിശൃംഗങ്ങൾ, സമുദ്രം, നദികൾ, പൊയ്ക, വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, ഭൂമി, ആകാശം, വനം, അന്തരീക്ഷം…… ഉദാഹരണങ്ങൾ പുണ്യങ്ങൾ പോലെ തന്നെ നീളുന്നു.സദ് ചിന്ത, നല്ലവാക്ക്, സദ്വിചാരം, നല്ല ഭക്ഷണം, സദ്ശീലങ്ങൾ, നല്ല ഉൾക്കാഴ്ച… ഇങ്ങനെ സൽക്കർമ്മാർജ്ജിത പുണ്യ ഫലങ്ങൾക്ക് ജന്മജന്മാന്തരത്തോളം ആയുസ്സുണ്ടെന്ന് കാട്ടിത്തന്നൂ നമ്മുടെ ഭാരതം. സ്ത്രീയെ ദേവതയായി വാഴിച്ച്, ആചാര്യ സ്ഥാനത്തവരെ പ്രതിഷ്ഠിക്കയും, മാതൃ സങ്കൽപ്പത്തിൽ ആരാധിക്കുകയും ചെയ്ത പുണ്യ സംസ്കൃതി.അസുലഭമായി കിട്ടുന്ന മനുജ ജന്മം നേടി, പുണ്യഭൂവായ,ഭാരതഖണ്ഡത്തിങ്കൽത്തന്നെ പിറന്ന മാനുഷർക്ക് നമസ്കാരം പറഞ്ഞ പൂന്താനം.അസംഖ്യം ഗ്രന്ഥങ്ങളിലൂടെ, സംവാദങ്ങളിലൂടെ, ചോദ്യോത്തര വിശകലനങ്ങളിലൂടെ, ഉൾക്കാഴ്ചയിലൂടെ ജ്ഞാനമാണ് പുണ്യമെന്ന്സ്ഥാപിച്ച സംസ്കൃതി.നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ എന്നും, പരഹിതം ഹിതമെനിക്കു നിയതം എന്നും, കരുതി എക്കാലവും അന്യർക്ക് ശ്രേയസ്സുവരാൻ കാംക്ഷിച്ച പുണ്യം.അനേകകോടി പുണ്യജന്മങ്ങളാൽ സമ്പന്നമായ നമ്മുടെ നാടിനെ, പുണ്യ പ്രവർത്തികളാൽ കൂടുതൽ സമ്പന്നമാക്കാൻ നമുക്കേവർക്കും കഴിയട്ടെ.

ജന്മഭൂമിയായ ഭാരതം പുണ്യഭൂമിയെന്നും, ഈ നാടിന്റെ സംസ്കൃതി പുണ്യ സംസ്കൃതിയെന്നും, ഇവിടെ പുൽക്കൊടിയായിട്ടെങ്കിലും ജനിക്കുന്നത് പുണ്യമെന്നും പ്രഖ്യാപിച്ച രാഷ്ട്രം.മുക്തി നേടലാണ്, ഈശ്വര സാക്ഷാത്ക്കാരമാണ് ജീവിത പുണ്യമെന്ന് ഭാരതം.പരോപകാരമാണ് പുണ്യമെന്ന് ഭാരതീയ സംസ്കൃതി. പുണ്യകർമ്മങ്ങളിലൂടെ ഈശ്വര കടാക്ഷം നേടിയ നാടും ജനങ്ങളും.സൽസ്വഭാവമാണ് പുണ്യമെന്ന് ഭാരതം.
കർമ്മങ്ങൾ പുണ്യമാക്കി മാതൃഭൂമിയെ സേവിച്ച അനേകം പുണ്യാത്മക്കളുടെ ഭാരതം.അക്ഷരപുണ്യം അനേകായിരം ശിഷ്യർക്കു പകർന്നു നൽകി, മാതൃകാ ഗുരുനാഥനായി, ഭാരതത്തിന്റെ പ്രഥമപുരുഷനായി മാറിയ ഡോ.എസ്.രാധാകൃഷ്ണൻ.എളിയ നിലയിൽ ജീവിതമാരംഭിച്ച് ശാസ്ത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗുരുനാഥൻ, ഭാരതത്തിന്റെ പ്രസിഡണ്ടായ എ.പി.ജെ അബ്ദുൾ കലാം.ലോകത്തിന് ഏറ്റവും കൂടുതൽ പുണ്യാത്മക്കളെ സംഭാവന ചെയ്ത പുണ്യഭൂമിയായ ഭാരതം.മനുഷ്യത്വം മനസ്സിൽ നിറച്ച്, പുണ്യകർമ്മങ്ങളിലൂടെ ഈശ്വര സാക്ഷാത്ക്കാരം നേടാൻ ഏവർക്കും ഇടയാവട്ടെ.