ധ്യാനനിമഗ്നമായ മനസ്സോടെ, സർവ്വാത്മനാ സ്വയം സമർപ്പിക്കുന്ന കർമ്മത്തെ യജ്ഞം എന്നു വിളിക്കാം. ആ നിലയ്ക്ക് ഈശ്വരാർപ്പണമായി ഫലേച്ഛയില്ലാതെ ചെയ്യുന്നതെല്ലാം യാഗ ഹവിസ്സായി രൂപപ്പെടുന്നുവെന്ന് ശ്രീമദ് ഭഗവത്ഗീത. തപസ്സിന് തത്തുല്യമായ ഏകാഗ്രതയോടെ, മനോനിയന്ത്രണ വിധേയമായി, വിദ്യയഭ്യസിക്കുന്ന വിദ്യാർത്ഥിയും, അറിവു പകർന്നു നൽകുന്ന ഗുരുവും അനുഷ്ഠിക്കുന്നത് ജ്ഞാനയജ്ഞം തന്നെയാണ്. പരസ്പര ബഹുമാനത്തോടെ, കരുതലും തണലുമായി രാജാവും പ്രജയും സമന്വയിക്കുമ്പോൾ ഭരണ യജ്ഞവും, സമർപ്പിത ശരീര മനസ്സുകളോടെ , ഇപ്രകാരം തന്നെ ചികിൽസായജ്ഞത്തിൽഏർപ്പെടുന്നു,ഭിഷഗ്വരനും രോഗിയും. ഇത്തരത്തിൽ ഒന്നായി മാറുന്ന യജ്ഞ പ്രക്രിയയുടെ അഭാവമത്രേ ഇന്ന് വിദ്യാഭ്യസ മേഖലയിലും ചികിൽസാ രംഗത്തും ഭരണ പ്രക്രിയയിലും സംഭവിക്കുന്ന നിർഭാഗ്യകരമായ അപച്യുതി. യജ്ഞം ബന്ധങ്ങളുടെ രൂപപ്പെടുത്തലിലും സംഭവിക്കുന്നു. ദൃഢചിത്തരും, ത്യാഗസന്നദ്ധരും, പ്രത്യുത, ഉത്തരവാദിത്വമുള്ളവരുമാണ് എന്നും സദ്പുത്രന്മാരും,നല്ല രക്ഷകർത്താക്കളും, മികച്ച ചാർച്ചക്കാരും. ഇതിഹാസങ്ങൾ, മകുടോദാഹരണങ്ങളായി വരച്ചുകാട്ടുന്നതും ഇവരെ തന്നെയാണ്. വൈദിക കാലഘട്ടത്തിൽ എല്ലാ കുടുംബങ്ങളിലും പ്രഭാതാദ്യം ജ്വലിക്കുക യാഗാഗ്നിയായിരുന്നു .പ്രായ – ലിംഗഭേദമില്ലാതെ മന്ത്രങ്ങളുരുക്കഴിച്ച് പ്രപഞ്ച സംരക്ഷകരാണെന്ന ബോധ്യത്തോടെ ചെയ്ത ഹവനം കുടുംബങ്ങളെ കൂട്ടിയുറപ്പിക്കാൻ ശക്തമായിരുന്നു .യാഗ വേദിയെ നാടകയരങ്ങിനോട് ഭരതമുനി തുലനം ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളെ യജ്ഞാചാര്യരുമായും.
ജീവിതത്തെ ഒരു യജ്ഞശാലയായി സങ്കൽപ്പിച്ച്,കർമ്മങ്ങളെ ഹവിസ്സായും, അനുഭവങ്ങളെ അഗ്നിയായും,നമ്മെ തന്നെ യജമാനനായും കരുതി നിഷ്കാമ കർമ്മികളാകാൻ ഏവർക്കും കഴിയട്ടെ . പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളും സഹ യജ്ഞൻമാരെന്ന് ഭാരതീയ സംസ്കൃതി. സഹവർത്തിത്വത്തിലൂടെ കൊടുത്തും, സ്വീകരിച്ചും സകല ജീവജാലങ്ങളും ചെയ്യുന്നതെല്ലാം യജ്ഞമെന്ന് ഭാരതം. ഭൂമിയ്ക്കായി ഊർജ്ജ പ്രവാഹം സൃഷ്ടിക്കുന്ന സൂര്യൻ ചെയ്യുന്നത് മഹായജ്ഞമെന്ന് പ്രഖ്യാപിച്ച നാടും, ജനങ്ങളും. അഗ്നിയും, വായുവും, ജലവും, പക്ഷികളും, മൃഗങ്ങളും, മരങ്ങളുമെല്ലാം അനുഷ്ഠിക്കുന്നത് യജ്ഞമെന്ന് കണ്ടെത്തിയ സംസ്കൃതി. ഭൂമി ഒരു കുടുംബമെന്ന് യജ്ഞഭാവേന പ്രാർത്ഥിച്ച ഗുരു പരമ്പരകളുടെ രാഷ്ട്രം. ആർജ്ജിച്ചെടുത്ത അറിവുകൾ യജ്ഞമായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്നു നൽകിയ ആചാര്യൻമാരുടെ ഭാരതം. യജ്ഞഭാവത്തിലുള്ള നമ്മുടെ പ്രവർത്തനങ്ങളിലൂടെ മാത്രമേ ലോകത്ത് ശാന്തിയും സമാധാനവും വന്നുചേരൂ എന്ന് ആചരിച്ചറിഞ്ഞ രാഷ്ട്രം.