ആത്മാവിനെ ഈശ്വരനുമായി ചേർക്കുന്നതെന്തോ അതാണ് ഭക്തിയെന്ന് ഭാരതീയ സംസ്കൃതി. നമ്മുടെ ഉള്ളിലെ ഈശ്വര ചൈതന്യം തിരിച്ചറിയാനുള്ള സക്രിയവും സ്വയം സമർപ്പിതവുമായ ആത്മാന്വേഷണത്തെ ഭക്തി എന്നു ഭാരതം.ഭഗവാനും ഭക്തനും ഒന്നാകുന്ന അവസ്ഥയാണ് ഭക്തി.സർവ്വതിലും ഈശ്വരനേയും, ഭഗവാനിൽ സർവ്വതും കാണുന്ന അവസ്ഥയാണ് ഭക്തി. “അവർ എന്നിലും ഞാനവരിലും” എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ.ഭജനം ഭക്തിയെന്ന് ശങ്കരാചാര്യർ.മകന് അച്ഛനോട്, വിദ്യാർത്ഥിക്ക് ഗുരുവിനോട് തോന്നുന്ന ആത്മസമർപ്പണമാണ് ഭക്തി.
“ശ്രവണം കീർത്തനം സ്മരണം.
പാദസേവനം അർച്ചനം വന്ദനം.
ദാസ്യം സഖ്യം ആത്മനിവേദനം.”
ഭക്തിയുടെ വിവിധ ഭാവങ്ങളിലൂടെ നമ്മിലെ ഈശ്വരനെ കണ്ടെത്താൻ കഴിയട്ടെ.
ഏതിനോടുമുള്ള നിസ്സീമമായ പ്രണയത്തെ ഭക്തി എന്ന് പറയുന്നു .വ്യക്തി,ആദർശം, സ്ഥാപനം, സാഹചര്യം, സംഘടന ഇവയോടെല്ലാം ഭക്തിയാകാമെന്ന് സംസ്കൃതി. സർവ്വം മറന്ന് ഭഗവാനിൽ സമർപ്പിതയായ ഭക്ത മീരയും, രാഷ്ട്രത്തിനായി ജീവൻ നൽകിയ ഭഗത് സിങ്ങും, അസുര നിഗ്രഹത്തിനായി വാരിയെല്ലു നൽകിയ ദധീചി മഹർഷിയും, ജ്ഞാന വ്യാപനത്തിനായി ജന്മമുഴിഞ്ഞുവെച്ച ശങ്കരാചാര്യരും,സനാതന ധർമ്മ പ്രചരണത്തിന് സ്വയം ഹോമിച്ച സ്വാമി വിവേകാനന്ദനും ഭാരതത്തിലെ അനവധി ഭക്തരിൽ ചിലർ മാത്രമാണ്. ഇടപെടുന്ന മേഖലയിൽ അദ്വിതീയരാകാൻ ഭക്തി മാത്രംമതി. വിദ്യാർത്ഥികളും അധ്യാപകരും വിദ്യയിൽ ഭക്തി കണ്ടെത്തിയാൽ വിദ്യാഭ്യാസരംഗം അൽഭുതാവഹമായ പുരോഗതി നേടും . സൂഷ്മതയും കാര്യശേഷിയും ഏകാഗ്രതയും ഭക്തി നൽകുന്നുവെന്ന് സംസ്കൃതി.