മധുരഭാഷണം ഹൃദയ സുഖം നൽകുമെന്ന് ഭാരതീയ സംസ്കൃതി.മധുരഭാഷണം ശോക നിവൃത്തിക്കുത്തമമെന്നും ഭാരതം.ആയുധത്തേക്കാൾ മൂർച്ചയും, പ്രഹരശേഷിയും വാക്കുകൾക്കെന്ന് പ്രഖ്യാപിച്ച രാഷ്ട്രം.സജ്ജനങ്ങൾ ബഹുമാനിക്കുന്ന പുരുഷൻ മിതഭാഷിയെന്ന് വിദുരർ.വാക്കുകൾ സന്തോഷവും, ശാന്തിയും നൽകുന്നതാവണമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.ആത്മാന്വേഷണത്തിലൂടെ ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള മാർഗ്ഗമാണ് മിതഭാഷണമെന്ന് സംസ്കൃതി.
ഇതര ജീവജാലങ്ങളിൽ നിന്ന് മനുഷ്യനെ വിഭിന്നനാക്കുന്നതും, അതിനാൽത്തന്നെ കൂടുതൽ ഉത്തരവാദിത്വം നൽകുന്നതും അവന്റെ ഭാഷണ സിദ്ധിയാണ്. സംസാരിക്കുന്നതിലൂടെ ഒരുവൻ ശത്രു മിത്രാദികളെ നേടുന്നുവെന്ന് സംസ്കൃതി .മിതവും ഹിതവും എന്നത് ഭക്ഷണത്തെപ്പോലെ ഭാഷണത്തിന്റേയും
ഗുണങ്ങളാണ് .മിതമായി സംസാരിക്കുന്നവർ തന്റെ വാക്കുകളിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിനാൽ വാക്കുകൾ പ്രയോഗിച്ചുണ്ടാവുന്ന പ്രതിസന്ധിയിൽ നിന്ന് മുക്തനാവുന്നു .മധുരമായി സംസാരിക്കുന്നവനാകട്ടെ എന്നും മിത്രങ്ങളെ സമൃദ്ധമായി നേടുന്നു.ഭാഷണത്തിലെ ജാഗ്രതയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി സംഭവങ്ങൾ ഇതിഹാസങ്ങൾ കാട്ടിത്തരുന്നു .മന്ഥരയുടെ വാക്കുകൾ അയോധ്യയെ കരയിക്കുമ്പോൾ ,അസമീക്ഷ്യകാരിയായ ലക്ഷ്മണനെ തണുപ്പിക്കുന്നു രാമോപദേശം.ശൂർപ്പണഖയുടെ വാക്കുകൾ രാവണനെ മൃത്യുവിലേക്ക് നയിച്ചപ്പോൾ ,രുമയുടെ ഭാഷണം, സുഗ്രീവന് നേർവഴികാട്ടുകയാണ് ചെയ്തത്.ഋഷിമാർക്ക് ശാപോക്തികൾ വർഷിക്കുന്നതു വഴി ,കാലങ്ങളാൽ നേടിയ തപോബലം നഷ്ടമാവുന്നു .എന്നാൽ സദ്ഭാഷണത്താൽ കൂടുതൽ തപസ്വിമാരായി മാറുന്നു വിദുരൻ,വിഭീഷണൻ, ഭരതൻ, ഊർമ്മിള, മണ്ഡോദരി, ഗാന്ധാരി, തുടങ്ങിയവർ .വാക്ക് മൂലം യുദ്ധമോ ശാന്തിയോ ജനിപ്പിക്കാം.അശ്വത്ഥാമാ ഹത എന്ന ജീവിതത്തിലൊരിക്കൽ മാത്രം പറഞ്ഞ കളവു പദത്തിന് യുധിഷ്ഠിരനെ കാത്തിരുന്നത് നരകവും ,യതോ ധർമ്മ സ്തതോ ജയ എന്ന വാചകത്തിലൂടെ ഗാന്ധാരിക്ക് ദേവീ സ്ഥാനവുമാണ് .വാഗ് ശുദ്ധി സദ്ചിന്തകളിൽ നിന്ന് ജനിക്കുകയും സദ് പ്രവൃത്തികളിലേക്ക് വെളിച്ചം വീശുകയും ചെയ്യും . നിർദ്ദേവത്വം കാംക്ഷിച്ച കുംഭകർണ്ണൻ നേടിയ നിദ്രാവത്വവും, ജാംബവാന്റെ ഉപദേശ വചനങ്ങളാൽ ഹനുമാന് ലഭ്യമായ വീരപരിവേഷവും ഇതിനുദാഹരങ്ങളാണ് .കൃത്യവും ,ശുദ്ധവും, സദുദ്ദേശപരവും, സത്ഫലലഭ്യവുമായ ഭാഷണം നടത്താൻ ഏവർക്കും കഴിയട്ടെ .